
തിരുനബിﷺയും അനുയായികളും മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. അബൂ സൂഫിയാൻ ഇസ്‌ലാമിലേക്ക് വന്നെങ്കിലും തുടർന്ന് അദ്ദേഹത്തിന്റെ നടപടികൾ എന്തായിരിക്കുമെന്നതിൽ പല സ്വഹാബികൾക്കും ആശങ്കയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം ധൃതിയിൽ മുന്നോട്ടു പോകാൻ തുനിഞ്ഞത്. അപ്പോൾ അബ്ബാസ് (റ) അദ്ദേഹത്തെ തടഞ്ഞുവച്ചു. മളീഖ് എന്ന പ്രദേശത്ത് വച്ചായിരുന്നു അത്. ഉടനെ അബൂസുഫിയാൻ ചോദിച്ചു. “അല്ല, നിങ്ങൾ എനിക്കെതിരെ ചതി പ്രയോഗം നടത്താൻ പോവുകയാണോ?”
“ചതിപ്രയോഗം പ്രവാചകത്വത്തിന് നിരക്കുന്നതല്ലല്ലോ? അതുകൊണ്ട് അങ്ങനെയൊന്നും ഞങ്ങൾ ചെയ്യില്ല. മറിച്ച്, അല്പസമയം നിങ്ങൾ അവിടെ നിൽക്കൂ. അല്ലാഹുവിന്റെ സൈന്യം മുന്നോട്ടുപോകുന്നത് ഇവിടെ നിന്ന് ഒന്ന് ശ്രദ്ധിക്കൂ “. പ്രവാചകരുﷺടെ അനുയായികൾ എത്ര ചിട്ടയോടെയും ക്രമത്തോടെയുമാണ് അനുസരണാ ശീലരായി മക്കയിലേക്ക് പ്രവേശിക്കുന്നത് എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു അത്.
ഓരോ ഗോത്രവും ഉപഗോത്രവും വേറെവേറെ സംഘങ്ങളായി പ്രവേശിക്കാൻ തുടങ്ങി. ആദ്യം മുന്നോട്ടു വന്നത് സുലൈം ഗോത്രമായിരുന്നു. ഖാലിദ് ബിൻ വലീദ്(റ)ന്റെ നേതൃത്വത്തിലായിരുന്നു അവർ നീങ്ങിയത്. തൊള്ളായിരമോ ആയിരമോ അംഗങ്ങളാണ് അവരിൽ ഉണ്ടായിരുന്നത്. രണ്ടു വിജയ പതാകകളും ഒരു സൈനിക പതാകയുമാണ് അവർ വഹിച്ചിരുന്നത്. ഹജ്ജാജിബിന് ഉലാത്ത് (റ) എന്ന ആളായിരുന്നു സൈനിക പതാകയുടെ വാഹകൻ. മറ്റു രണ്ടു പതാകകളും വഹിച്ചിരുന്നത് അബ്ബാസ് ബിൻ മിർദാസും(റ) ഖുഫാഫും(റ) ആയിരുന്നു. അബൂസുഫിയാന്റെ അടുത്തുകൂടി കടന്നുപോയപ്പോൾ അവർ മൂന്നു പ്രാവശ്യം തക്ബീർ മുഴക്കി. അബ്ബാസി(റ)നോട് അബൂസുഫിയാൻ ചോദിച്ചു, “ഇവർ ആരാണ്?”
” ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ സുലൈം ഗോത്രമാണ് “.
തൊട്ടു പിറകിൽ അടുത്ത സംഘവും കടന്നു വന്നു. സുബൈർ ബിൻ അവ്വാമി(റ)ന്റെ നേതൃത്വത്തിലുള്ള 500 അംഗ സംഘമായിരുന്നു അവർ. അബൂസുഫിയാൻ ചോദിച്ചു, “ഇവർ ആരാണ്?” “സുബൈറി(റ)ന്റെ നേതൃത്വത്തിലുള്ളവർ “.
“നിങ്ങളുടെ സഹോദരിയുടെ മകൻ സുബൈറോ (റ)?”
“അതെ”.
“കൂടെയുള്ളവർ ആരാണ്?”
“അവർ ബനൂ ഗിഫാർ ഗോത്രക്കാരാണ് “. അവരും അബൂസുഫിയാന്റെ അടുത്തെത്തിയപ്പോൾ മൂന്നുപ്രാവശ്യം തക്ബീർ മുഴക്കി. ഗിഫാർ ഗോത്രത്തിന്റെ തലവൻ അബൂദർ അൽ ഗിഫാരി(റ)യായിരുന്നു അവരുടെ പതാക വഹിച്ചിരുന്നത്. തൊട്ടുപിന്നിൽ തന്നെ 400 അംഗങ്ങളുള്ള അസ്‌ലം ഗോത്രം കടന്നുവന്നു. ബറൈദയും(റ) ബിൻ അൽ ഹുസൈബുമായിരുന്നു അവരുടെ രണ്ട് പതാകകൾ വഹിച്ചിരുന്നത്. അവരും അബൂസുഫിയാൻ നേരെ എത്തിയപ്പോൾ തക്ബീർ മുഴക്കി. അവർ കടന്നുപോയപ്പോൾ അബ്ബാസി(റ)നോട് ചോദിച്ചു, “ഇവർ ആരാണ്?” അബ്ബാസ് (റ) അവരുടെ ഗോത്രത്തെ പരിചയപ്പെടുത്തി.
തൊട്ടുപിന്നിൽ തന്നെ ബനൂ കഅ്ബ് ബിന് അംർ 500 അംഗങ്ങളെയും നയിച്ചു കടന്നുവന്നു. അവരുടെ പതാക വഹിച്ചിരുന്നത് ബുസർ (റ) എന്നയാളായിരുന്നു. അവരും അബൂസുഫിയാന്റെ അടുത്തെത്തിയപ്പോൾ തക്ബീർ മുഴക്കി. അബൂ സുഫിയാൻ അബ്ബാസി(റ)നോട് ചോദിച്ചു, “ഇവർ ആരാണ്?” അബ്ബാസ് (റ) അവരെയും പരിചയപ്പെടുത്തി. ഓരോ ഗോത്രത്തെയും പരിചയപ്പെടുത്തുമ്പോൾ അവർ ഈ സംഘത്തിൽ ചേർന്ന് അദ്ഭുതം പ്രകടിപ്പിച്ചുകൊണ്ട് അബൂസുഫിയാൻ “എന്റെ നഷ്ടമേ!” എന്ന് പറഞ്ഞുകൊണ്ടിരുന്നു. ബനൂ കഅ്ബിനെക്കുറിച്ച് പറഞ്ഞപ്പോൾ ‘അവർ നേരത്തെ തന്നെ മുഹമ്മദ് നബിﷺയോട് ഉടമ്പടിയിലാണല്ലോ’ എന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു വന്നത് മുസൈനാ ഗോത്രമായിരുന്നു. നൂറു കുതിരകളും മൂന്നു പതാകകളും ആയിരം അംഗങ്ങളുമായിരുന്നു അവർക്കൊപ്പമുണ്ടായിരുന്നത്. അവരും അബൂസുഫിയാന്റെ മുന്നിലൂടെ തക്ബീർ മുഴക്കിക്കടന്നുപോയി. അബ്ബാസി(റ)നോട് ഗോത്രത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അപ്പോഴും അദ്ഭുതത്തോടെ സ്വന്തം നഷ്ടത്തെക്കുറിച്ച് അദ്ദേഹം വിലപിച്ചു. നുഅ്മാനു ബിൻ മുഖ്റിൻ (റ), ബിലാൽ ബിൻ അൽ ഹാരിസ് (റ), അബ്ദുല്ലാഹിബിൻ അംർ ബിൻ അൽ ഔഫ് (റ) എന്നിവരായിരുന്നു മുസൈന ഗോത്രത്തിന്റെ പതാകകൾ വഹിച്ചിരുന്നത്. നാലു പതാകകളും 800 അംഗങ്ങളുമായി തൊട്ടു പിന്നിൽ കടന്നു വന്നു ജുഹൈന ഗോത്രക്കാർ. അബൂ റൗഅ (റ), സുവൈദ് ബിൻ സഖർ (റ), റാഫി ബിൻ മകീസ് (റ), അബ്ദുല്ലാഹിബിൻ ബദ്ർ (റ) എന്നിവരായിരുന്നു പതാകകൾ വഹിച്ചിരുന്നത്. അവരും തക്ബീർ മുഴക്കിയാണ് കടന്നുവന്നത്. ഗോത്രത്തിന്റെ നാമം കേട്ടപ്പോൾ അബൂ സുഫിയാൻ അദ്ദേഹത്തിന്റെ നഷ്ടത്തിൽ വിലപിച്ചു. തുടർന്ന് കടന്നുവന്നത് കിനാന ഗോത്രമായിരുന്നു. അബൂ വാഖിദ് (റ) ആയിരുന്നു അവരുടെ പതാക വഹിച്ചത്. 200 അംഗങ്ങളാണ് ആ സംഘത്തിലുണ്ടായിരുന്നത്. അവരും തക്ബീർ മുഴക്കിയാണ് കടന്നു വന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
