
നബിﷺയുടെ പ്രബോധന പ്രവർത്തനങ്ങളിൽ സുപ്രധാനമായ അധ്യായമാണ് നയതന്ത്രപരമായി അവിടുന്ന് നടത്തിയ കത്തിടപാടുകൾ. മക്കയിലും മദീനയിലും നേരിട്ടുതന്നെ സന്ദേശം എത്തിക്കാൻ നബിﷺക്ക് സാധിച്ചു. മക്കയിലെ ആളുകളുടെ അഹങ്കാരവും ആഢ്യത്വവും സത്യം ഉൾക്കൊള്ളുന്നതിൽ നിന്ന് അവരെ തടഞ്ഞുനിർത്തി. ശുദ്ധമനസ്കരും നിഷ്കളങ്കരുമായ മദീനക്കാർ ഇസ്ലാമിന്റെ മധുരം അറിയുകയും പ്രവാചകരുﷺടെ വ്യക്തിത്വം മനസ്സിലാക്കി പ്രഥമഘട്ടത്തിൽ തന്നെ വിശ്വസിക്കുകയും കലവറയില്ലാത്ത സ്വീകരണം ഒരുക്കുകയും ചെയ്തു. സാമ്പത്തികമായും വ്യാപാരപരമായും മുന്നിൽ നിന്നിരുന്ന മക്കക്കാരെ പരാജയപ്പെടുത്തുന്ന കർഷകരായ മദീനക്കാരെയാണ് പിന്നെ നാം കണ്ടത്.
പ്രവാചകരുﷺടെ ശാരീരിക സാന്നിധ്യവും നേരിട്ടുള്ള പ്രബോധനവും ലഭിക്കാത്ത ഇടങ്ങളിലേക്ക് പലപ്പോഴായി പ്രബോധക സംഘങ്ങളെ അയക്കുകയും നയതന്ത്ര പ്രാധാന്യമുള്ള കത്തുകൾ കൊടുത്തയക്കുകയും ചെയ്തു. അറബികളും അല്ലാത്തവരുമായ എട്ട് ഭരണാധികാരികളിലേക്കാണ് നബിﷺ ദൂതന്മാരെയും സന്ദേശങ്ങളും അയച്ചത്. ഈ നടപടിയെ ചരിത്രകാരന്മാര്‍ ആശ്ചര്യകരമായി നിരീക്ഷിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങളും അവരുടെ വരുതിയില്‍ വരുന്ന പ്രദേശങ്ങളുമാണ് അന്ന് പൊതുവേ ഉണ്ടായിരുന്നത്. അതിനാൽ തന്നെ നബിﷺ ഒരേ സമയം ഈ രണ്ടു മഹാശക്തികളുടെ കേന്ദ്രങ്ങളിലേക്കും കത്തുകളയച്ചു. ലോക പോലീസ് ചമഞ്ഞിരുന്ന രണ്ട് കക്ഷികൾക്കും ഇത് അത്ര സുഖിച്ചില്ല. അവർ അനിഷ്ടം പ്രകടിപ്പിക്കുകയോ പ്രകോപിതരാവുകയോ ചെയ്തു. ഈ സാഹചര്യം മക്കക്കാരും മറ്റു അസംതൃപ്തരും ഉപയോഗപ്പെടുത്തും. അതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. എന്നാല്‍, അതൊന്നും ഓർത്ത് ആശങ്കപ്പെടാതെ നബിﷺ ഒരേ സമയം തന്നെ എല്ലാവരിലേക്കും സന്ദേശമെത്തിക്കുകയായിരുന്നു.
ആത്മീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ഭൗതികതയില്‍ മാത്രം അടിസ്ഥാനപ്പെട്ട പ്രവര്‍ത്തനവും നിലപാടും സ്വീകരിച്ചുവരുന്ന രണ്ടു സാമ്രാജ്യത്വശക്തികളും പരസ്പരം പോരടിച്ചു ജയിച്ചും തോറ്റും കഴിഞ്ഞുവരുമ്പോഴാണ് നബിﷺയുടെ ദൂതന്മാരും സന്ദേശങ്ങളും അവിടങ്ങളിലേക്ക് ചെല്ലുന്നത്. കത്തിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്. പിന്നീട്, മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഈ പ്രദേശങ്ങളെല്ലാം ഇസ്‌ലാമിക നാടുകളായി മാറിക്കഴിഞ്ഞുവെന്നാണ് ചരിത്രം. അവയില്‍ ചിലത് നബിﷺയുടെ കത്തിനോട് കാണിച്ച അപമര്യാദയുടെ പരിണതിയായിരുന്നു. അതിനുദാഹരണമാണ് പേര്‍ഷ്യയുടെ പതനം. കത്ത് കീറിയതറിഞ്ഞ് അവിടുന്ന് “അല്ലാഹു അയാളുടെ നാടും പിച്ചിച്ചീന്തട്ടെ’’ എന്നു പ്രാര്‍ത്ഥിക്കുകയുണ്ടായി.
നബിﷺ സ്വഹാബികളോടു പറഞ്ഞു: “നിശ്ചയം! അല്ലാഹു എന്നെ ജനങ്ങള്‍ക്കാകമാനം അനുഗ്രഹമായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ നിര്‍വഹിക്കണം. അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യം ചൊരിയട്ടെ. ഈസാ നബി(അ)നോട് ഹവ്വാരികള്‍ അഥവാ അപ്പോസ്തലന്മാര്‍ ചെയ്തതുപോലെ നിങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ പ്രതികരിക്കരുത്. ഞാനിപ്പോള്‍ നിങ്ങളോടാവശ്യപ്പെട്ടതു പോലെയുള്ള കാര്യം ഈസാ നബി(അ) അവരോടാവശ്യപ്പെട്ടു. അടുത്ത ദേശങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ അതംഗീകരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍, അകലങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവര്‍ നീരസം പ്രകടിപ്പിക്കുകയായിരുന്നു. ഈസാ നബി(അ) പ്രാര്‍ത്ഥിച്ചതുമൂലം നേരം പുലര്‍ന്നപ്പോള്‍ അവരെല്ലാവരും നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ ഭാഷ പഠിപ്പിക്കപ്പെട്ടവരായി മാറി. അപ്പോള്‍ ഈസാ നബി(അ) അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. അതിനാല്‍ നിങ്ങൾ നിങ്ങളുടെ ദൗത്യം നിര്‍വഹിക്കുക.”
നബിﷺ ഇതു വിവരിച്ചുകഴിഞ്ഞപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേﷺ, അങ്ങ് നിയോഗിച്ചോളൂ. അങ്ങുദ്ദേശിച്ചിടത്ത് ഞങ്ങള്‍ അങ്ങേല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിച്ചുകൊള്ളാം. വിദേശത്തേക്ക് ദൂതനായി പോവുക പലര്‍ക്കും സ്വാഭാവികമായും അനിഷ്ടകരമായിരിക്കും. എന്നാല്‍, നബിﷺയെ സംബന്ധിച്ചിടത്തോളം അനുയായികള്‍ അതേറ്റെടുക്കില്ലെന്ന ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും അവരുടെ പ്രത്യക്ഷ പ്രതികരണം ബോധ്യപ്പെടുത്താനുള്ള ഒരവസരമായിരുന്നു അത്. സ്വയം ബോധ്യത്തോടെ സമ്മതം അറിയിക്കാനുള്ള അവസരം അനുയായികൾക്ക് ലഭിക്കുകയും ചെയ്തു. അയല്‍രാജ്യങ്ങളെയും അവിടെയുള്ള ചക്രവര്‍ത്തിമാരെയും നേതാക്കളെയും നേരത്തെ പരിചയമുള്ളവരായിരുന്നില്ല അവർ. പക്ഷേ, അതൊന്നും നബിﷺയെ അനുസരിക്കുന്നതിന് അവർക്ക് തടസ്സമായിരുന്നില്ല. അവര്‍ നിറഞ്ഞ മനസ്സോടെ അതേറ്റെടുത്തു.
ദൂതന്മാരുടെ പക്കൽ കൊടുത്തുവിടാനുള്ള കത്തുകൾ തയ്യാർ ചെയ്തു. ഔദ്യോഗിക കത്തുകളയക്കുമ്പോള്‍ അതില്‍ സീല്‍ വെക്കുമല്ലോ. കത്തിനു ആധികാരികതയും ഔദ്യോഗികതയും ഉറപ്പുവരുത്താനാണിത്. വല്ല സന്ദേശവും ലഭിച്ചാല്‍ രാജാക്കന്മാര്‍ പരിഗണിക്കണമെങ്കില്‍ തന്നെ മുദ്രവെച്ചതായിരിക്കണം. തങ്ങള്‍ സന്ദേശം വായിക്കും മുമ്പ് മറ്റാരും ഉള്ളടക്കം അറിഞ്ഞിരിക്കരുതെന്ന നിലപാടായിരുന്നു അവര്‍ക്ക്. അതിനാല്‍ ഒരു മുദ്ര നിര്‍മിക്കപ്പെട്ടു. മോതിരങ്ങളായിരുന്നു അക്കാലത്ത് മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നത്. നബിﷺക്കുവേണ്ടി അത്തരമൊരു മോതിരം നിര്‍മിക്കപ്പെട്ടു. അതില്‍ മൂന്ന് വരികളിലായി മുഹമ്മദ്, റസൂല്‍, അല്ലാഹു എന്നു കൊത്തിവെച്ചിട്ടുണ്ടായിരുന്നു. മുദ്രകള്‍ കൂടുതലുണ്ടായി തിരിച്ചറിയപ്പെടാത്ത അവസ്ഥ വരാതിരിക്കുന്നതിന് ഇതേ വാചകം മുദ്രണം ചെയ്ത മോതിരം നബിﷺ നിരോധിക്കുകയും ചെയ്തിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൈസര്‍ ചക്രവര്‍ത്തിയായിരുന്ന ഹിറാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ് അഥവാ കൈറൂസ്, ശാമിലെ ഹാരിസ്ബ്നു അബീ ശംറില്‍ ഗസ്സാനി(ഹാരിസും കൈറൂസും റോമന്‍ സാമ്രാജ്യത്തിന്റെ പ്രതിനിധികളായിരുന്നു) എന്നിവർക്കും പേര്‍ഷ്യന്‍ ചക്രവര്‍ത്തി കുസ്റു അഥവാ കുസ്റൂസ്, എത്യോപ്യയിലെ നജ്ജാശി എന്നിവരുടെ അടുത്തേക്കും താരതമ്യേന അടുത്ത പ്രദേശവും ജസീറതുല്‍ അറബില്‍ പെട്ടതുമായ ബഹ്റൈന്‍, ഒമാന്‍, യമാമ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ക്കും നബിﷺ ദൂതന്മാര്‍ വഴി സന്ദേശങ്ങള്‍ എത്തിക്കുകയുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
