Tweet 448

    Tweet 448
    September 5, 2023 • Tuesday
    Post Header

    മിസ്റിലെ ഭരണാധികാരിയായ മുഖൗഖിസിന്റെ അടുത്തേക്കയച്ചത് ഹാത്വിബ് ബിനു അബീ ബല്‍ത്വഅത്(റ)നെയായിരുന്നു. മുഖൗഖിസ് ദൂതനെയും കത്തും മാന്യമായി സ്വീകരിച്ചു. സൗഹൃദ സംഭാഷണം നടത്തി. ശേഷം, ഹാത്വിബ്(റ)ന്റെ കയ്യിൽ തന്നെ തിരുനബി‍ﷺക്ക് ഒരു സന്ദേശം കൊടുത്തയച്ചു. ഒരു പ്രവാചകന്റെ നിയോഗത്തെ കാത്തിരിക്കുകയായിരുന്നു തങ്ങൾ എന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ നബി‍ﷺക്ക് കൊടുത്തയക്കുന്ന സമ്മാനത്തെക്കുറിച്ചും അതില്‍ സൂചിപ്പിച്ചിരുന്നു.
    “ആയിരം സ്വര്‍ണനാണയങ്ങൾ മാരിയതുല്‍ ഖിബ്തിയ്യ, അവരുടെ സഹോദരി സിറീന്‍ എന്നീ അടിമ സ്ത്രീകൾ, ദുല്‍ദുല്‍ എന്നറിയപ്പെട്ട കുതിര, കുറച്ചു വസ്ത്രങ്ങൾ, തേനും ഒരു ഡോക്ടറും അടങ്ങുന്നതായിരുന്നു രാജാവിന്റെ ഉപഹാരം. ഡോക്ടറെയല്ലാത്ത എല്ലാ സമ്മാനങ്ങളും നബി‍ﷺ സ്വീകരിച്ചു. ഞങ്ങള്‍ അമിതമായി ഭക്ഷിക്കാത്തവരാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഡോക്ടറെ ആവശ്യമില്ല എന്ന സന്ദേശത്തോടെയാണ് ഡോക്ടറെ തിരിച്ചയച്ചത്.
    മാരിയ(റ)യെ നബി‍ﷺ സ്വീകരിക്കുകയും സിറീന്‍(റ)യെ ഹസ്സാനുബ്നു സാബിത്(റ)ന് സമ്മാനമായി നല്‍കുകയും ചെയ്തു. ഒരു അടിമസ്ത്രീ നബി‍ﷺയുടെ പത്നിയും വിശ്വാസികളുടെ മാതാവുമായിത്തീരുകയും ചെയ്തു. ഖദീജ ബീവി(റ)ക്കു പുറമെ നബി‍ﷺക്ക് മാരിയ(റ)യില്‍ മാത്രമാണ് സന്താനങ്ങളുണ്ടായിട്ടുള്ളത്.
    100 സ്വര്‍ണനാണയങ്ങളും അഞ്ച് വസ്ത്രങ്ങളും ഹാത്വിബി(റ)നും സമ്മാനമായി നൽകി. ഇതു നല്‍കിയിട്ട് നിങ്ങള്‍ വേഗം യാത്രയായിക്കൊള്ളൂ എന്നു പറഞ്ഞ് ഹാത്വിബി(റ)നെ യാത്രയാക്കി. കോപ്റ്റിക് വിഭാഗത്തില്‍ പെട്ട ആരോടും സംസാരിക്കരുത് എന്നുപറഞ്ഞു. അറബ് ഭൂഖണ്ഡത്തിന്റെ അതിർത്തിവരെ യാത്രയാക്കാൻ ഒരു സംഘത്തെ അയച്ചുകൊടുക്കുകയും ചെയ്തു. അവിടെയെത്തിയപ്പോള്‍ മദീനയിലേക്ക് പോകുന്ന യാത്രാ സംഘത്തെ കണ്ടു. അവരോടൊപ്പം മദീനയിലെത്തി. നബി‍ﷺ കൊടുത്തയച്ച സന്ദേശ ഉള്ളടക്കം താൻ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു എന്നതായിരുന്നു ഈ പ്രതികരണത്തിന്റെ ഭാഷ. എന്നാൽ, അദ്ദേഹത്തിന് പരസ്യമായി വിശ്വാസം പ്രഖ്യാപിക്കാനോ ഇസ്ലാമിനെ അംഗീകരിക്കുന്നതായി അറിയിക്കാനോ അവസരം ഉണ്ടായില്ല. അദ്ദേഹം കൊടുത്തയച്ച ഉപഹാരങ്ങൾ നബി‍ﷺ സ്വഹാബികള്‍ക്ക് വിതരണം ചെയ്തു.
    ഹിര്‍ഖല്‍ ചക്രവര്‍ത്തി.
    ദിഹ്യത്തുൽ കൽബി(റ) എന്ന സ്വഹാബിയുടെ പക്കലാണ് റോം ചക്രവര്‍ത്തിയായ ഹെറാക്ലിയസിനുള്ള സന്ദേശം കൊടുത്തയച്ചത്. ബുസ്റായിലെ നാട്ടുപ്രധാനി വഴി കൈസറിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പ്രതിനിധി ദിഹ്യതുല്‍ കല്‍ബി(റ)യുടെ കൂടെ അദിയ്യ്ബ്നു ഹാതിം(റ)നെ പറഞ്ഞുവിട്ടു. കത്ത് കൈസറിന്റെ സമീപത്തെത്തിച്ചു. ഇസ്ലാമിക വിശ്വാസത്തിന് നിരക്കാത്ത ഒരു ആചാരങ്ങൾക്കും പ്രവാചകന്റെ‍ﷺ ദൂതൻ വഴങ്ങിയില്ല. കത്ത് കൈപ്പറ്റിയ ഭരണാധികാരി അത് വായിച്ചു. ശേഷം, ആദരപൂർവ്വം ശിരസ്സിന്മേൽ വെക്കുകയും കണ്ണുകൾ ചേർത്ത് ചുംബിക്കുകയും ചെയ്തു. ഞാനിതിനെ കുറിച്ച് പഠിക്കട്ടെ എന്ന് പറഞ്ഞ് തൽക്കാലം സംഭാഷണം നിർത്തി. ഈ കത്ത് കൈപ്പറ്റുന്ന സമയം ഖൈസര്‍ ബൈതുല്‍ മുഖദ്ദസിലായിരുന്നു. പേർഷ്യയെ ജയിച്ചടക്കിയതിൽ നന്ദി രേഖപ്പെടുത്താൻ വേണ്ടി മസ്ജിദുല്‍ അഖ്സയിലെത്തിയതായിരുന്നു. കത്തിലെ ആശയം ഗ്രഹിച്ചശേഷം വേണ്ടപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നറിയിച്ചു. അങ്ങനെ ഖുദ്സില്‍ മക്കക്കാര്‍ ആരെങ്കിലും കച്ചവടത്തിനെത്തിയിട്ടുണ്ടോ എന്നന്വേഷിച്ചു. അതുപ്രകാരം അബൂസുഫ്യാനടക്കമുള്ള ഒരു സംഘത്തെ ക്ഷണിച്ചുവരുത്തി. കാര്യങ്ങളന്വേഷിച്ചു. അന്നു വിശ്വാസിയായിരുന്നില്ലെങ്കിലും, അബൂസുഫ്യാന്‍ സത്യം മാത്രം പറയാൻ നിർബന്ധിതനായി. വിവരങ്ങൾ കേട്ട് നോക്കിയപ്പോൾ, വേദത്തിൽ പറയപ്പെട്ട വാഗ്ദത്ത പ്രവാചകനാണ് മുഹമ്മദ് നബി‍ﷺയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ അധികാരം നഷ്ടപ്പെടുകയും ഒരുപക്ഷേ കൊല്ലപ്പെടുകയും ചെയ്തേക്കാം എന്ന് മനസ്സിലാക്കിയ ഭരണാധികാരി താൻ മനസ്സിലാക്കിയ സത്യം തുറന്നു പറയാൻ ധൈര്യപ്പെട്ടില്ല. ഹൃദയം കൊണ്ട് അദ്ദേഹം സത്യവാശ്വാസം ഉൾക്കൊണ്ടിട്ടുണ്ടാവണം എന്നാണ് വായനകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. കത്തിനോടും ദൂതനോടും ഉള്ളടക്കത്തോടും അദ്ദേഹം കാണിച്ച സ്നേഹാദരങ്ങൾ തന്നെ മതിയായ ഉദാഹരണങ്ങളാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...