
ബറാഉ ബിന് ആസിബ്(റ) റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിംകൾക്കനുവദിച്ച സമയം അവസാനിക്കാറായപ്പോൾ മക്കയിലെ ചില പ്രമുഖർ അലി(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു. എന്തേ നിങ്ങളുടെ നേതാവ് തിരിച്ചു പോകുന്നില്ലേ? സമയം അധികരിച്ചിട്ടുണ്ടല്ലോ? അലി(റ) ഈ വിവരം നബിﷺയെ ധരിപ്പിച്ചു. അപ്പോൾ തന്നെ നബിﷺ അബൂ റാഫിഇനോട് പറഞ്ഞു. യാത്രാ സാമഗ്രികൾ ഒക്കെ തയ്യാർ ചെയ്തോളൂ. നമുക്ക് വേഗം തന്നെ പുറപ്പെടാം. സായാഹ്നം ആകുന്നതിനുമുമ്പ് എല്ലാ മുസ്ലിംകളും മക്കയിൽ നിന്ന് പോകാൻ വിവരം നൽകണം. നബിﷺയുടെ നവവധു ബീവി മൈമൂന(റ) അടക്കം എല്ലാവരും മക്കയിൽ നിന്ന് പുറപ്പെട്ടു. സമീപപ്രദേശമായ സരിഫിലേക്ക് എത്തി.
ഉഹ്ദിൽ വധിക്കപ്പെട്ട ഹംസ(റ)യുടെ മകൾ ഉമാമ അല്ലെങ്കിൽ ഉമാറ: ആരോടൊപ്പം പുറപ്പെടണം എന്നായി. അലി(റ) ഇരുകൈയും നീട്ടി സ്വീകരിക്കുകയും ഫാത്തിമ(റ)യെ ഏൽപ്പിക്കുകയും ചെയ്തു. തിരുനബിﷺയുടെ പിതൃ സഹോദരന്റെ മകൾ എന്ന നിലയിൽ കുടുംബപരമായും സൗഹൃദപരമായും പല ആളുകളും ഉമാമയെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. എന്നാൽ തിരുനബിﷺ എല്ലാ വിധേനയുമുള്ള സംരക്ഷണം മകൾക്ക് നൽകി.
ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന അലി(റ), ജാഫർ(റ) തുടങ്ങി എല്ലാവരോടും തിരുനബിﷺ സന്തോഷത്തിന്റെ വർത്തമാനങ്ങൾ: അലി(റ) നിങ്ങൾ എന്റെ സഹോദരനും സഹവാസിയുമാണ്. ജാഫർ(റ) ആകാരത്തിലും സ്വഭാവത്തിലും നിങ്ങൾക്ക് എന്നോട് കൂടുതൽ സാദൃശ്യമുണ്ട്. സൈദേ(റ) നിങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ നിവർത്തിക്കുന്ന ആളുകളാണ്.
മൂന്നു യുവാക്കളെയും ഒന്നിനൊന്നിനുമെച്ചം തിരുനബിﷺ പരിഗണിച്ചു. അത്ഭുതകരമായ നേതൃത്വത്തിന്റെയും സഹവാസത്തിന്റെയും ഉദാത്തമായ ഒരു ഉദാഹരണമാണിത്. ഓരോ അനുയായിയെയും സഹവാസിയെയും അവരവരുടെ വ്യക്തിത്വങ്ങളെ തിരിച്ചറിഞ്ഞും പരിഗണിച്ചുമുള്ള പെരുമാറ്റങ്ങൾ. ഓരോരുത്തർക്കും അർഹതപ്പെട്ട സ്ഥാനങ്ങൾ വകവച്ചുകൊടുത്തുകൊണ്ടുള്ള സമീപനങ്ങൾ. ഉന്നതമായ ഒരു നേതൃത്വത്തിന്റെ ശ്രേഷ്ഠഭാവങ്ങളെയാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഒഴികെ 2000 അനുയായികളോടൊപ്പം ശാന്തമായി തിരുനബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് തിരിച്ചു. ചരിത്രപരമായ ദൗത്യങ്ങളുടെ പൂർത്തീകരണത്തിലേക്ക് ഒരാമുഖം രചിച്ചു കൊണ്ടായിരുന്നു ആ സഞ്ചാരം. ഇതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്ന് വിശുദ്ധ ഖുർആൻ 34-ാം അധ്യായം അൽഫത്ഹിലെ ഇരുപത്തിയേഴാം സൂക്തം പരാമർശിക്കുന്നത് ഇങ്ങനെയാണ്. “അല്ലാഹു തന്റെ ദൂതന് സത്യനിഷ്ഠമായ സ്വപ്നം കാണിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ നിര്‍ഭയരായി തല മുണ്ഡനം ചെയ്തും മുടി വെട്ടിയും ഒന്നും പേടിക്കാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക തന്നെ ചെയ്യും, തീര്‍ച്ച. നിങ്ങളറിയാത്തത് അവനറിഞ്ഞു. അതിനാല്‍ ഇതുകൂടാതെ തൊട്ടുടനെ തന്നെ അവന്‍ നിങ്ങള്‍ക്കു മഹത്തായ വിജയം നല്‍കി.”
ഉംറതുൽ ഖളാഇന്റെ സമയത്തുണ്ടായ സവിശേഷമായ സംഭവമായിരുന്നു മൈമൂന ബീവി(റ)യുമായുള്ള നബിﷺയുടെ വിവാഹം. ബര്‍റ എന്നായിരുന്നു മഹതിയുടെ ആദ്യത്തെ പേര്. നബിﷺയുമായുള്ള വിവാഹ ശേഷം മൈമൂന എന്ന് മാറ്റി. മൈമൂന(റ)യുടെ പിതാവ് ഹാരിസും മാതാവ് ഹിന്ദുമാണ്. ഹാരിസിന് 16 പെണ്‍മക്കളുണ്ടായിരുന്നു. മൈമൂനയുടെ ആദ്യ ഭര്‍ത്താവ് മസ്ഊദുബ്‌നു അംറായിരുന്നു. പിന്നീട് അബൂറഹം എന്ന ആളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടു.
സല്‍സ്വഭാവിയും ബുദ്ധിമതിയുമായിരുന്നു മൈമൂന(റ). ശറഇന്റെ വിധിവിലക്കുകള്‍ അക്ഷരംപ്രതി പാലിക്കും. സുന്നത്തിനു വിപരീതമായി വല്ലതും കണ്ടാല്‍ തല്‍സമയം അത് തിരുത്തുകയും ചെയ്തു. സ്‌നേഹത്തിന്റ നിറകുടമായിരുന്ന മൈമൂന(റ) അടിമസ്ത്രീകളെ ധാരാളമായി വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. അവരുടെ ഈ സല്‍കര്‍മത്തെ നബിﷺ പുകഴ്ത്തുകയും അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
മൈമൂന(റ) ഒരിക്കലും വെറുതെയിരിക്കുമായിരുന്നില്ല. വീട്ടു പണികളിലോ സുന്നത്ത് നിസ്‌കാരങ്ങളിലോ മറ്റെന്തെങ്കിലും ജോലിയിലോ വ്യാപൃതയായിരിക്കും. തഖ്‌വയിലും കുടുംബബന്ധം പുലര്‍ത്തുന്നതിലും തങ്ങളെയെല്ലാം പിന്നിലാക്കുമായിരുന്നു മൈമൂന(റ)യെന്ന് ആഇശ(റ) പോലും പറഞ്ഞിട്ടുണ്ട്. 46 ഹദീസുകള്‍ മൈമൂന(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹി. 51ല്‍ മൈമൂന(റ) ഇഹലോകവാസം വെടിഞ്ഞു. വിവാഹാനന്തരം നബിﷺയുമായി ഒന്നാമത്തെ കൂടിക്കാഴ്ച നടന്ന സരിഫിൽ വച്ചു തന്നെയാണ് മൈമൂന(റ) ഇഹലോകവാസം വെടിഞ്ഞത്. അവിടെ തന്നെയാണ് മറമാടപ്പെട്ടതും. ഇബ്‌നുഅബ്ബാസ്(റ) ജനാസ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. ഇന്നും പൊതു ജനങ്ങൾക്ക് സന്ദർശിക്കാവുന്ന വിധം പൊതു ഗതാഗത മാർഗത്തോട് ചേർന്ന് പ്രത്യേകം ചുറ്റുമതിലിനുള്ളിലായി ആ ഖബർ സംരക്ഷിക്കപ്പെടുന്നു. നബിﷺയുടെ ജീവിതത്തിലേക്ക് അവസാനമായി കടന്നു വന്ന പത്‌നിയാണ് ബീവി മൈമൂന(റ).
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
