Tweet 416

    Tweet 416
    August 4, 2023 • Friday
    Post Header

    ഇബ്നു സഅ്ദി(റ)ന്റ നിവേദന പ്രകാരം ഹുലൈസ് വിദൂരത്തുനിന്ന് തന്നെ നബിﷺയോട് സംസാരിക്കുകയായിരുന്നു. അവിടുത്തെ ആദരവും പ്രൗഢിയും അടുത്തേക്ക് ചെല്ലാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞുവത്രേ, “ഒന്നുകിൽ നബിﷺക്കും സംഘത്തിനും സുഖമായി മക്കയിൽ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കും. അല്ലെങ്കിൽ, ഞങ്ങൾ അഹ്ബാശുകൾ ഒറ്റ സംഘമായി ഇവിടുന്ന് പിന്തിരിഞ്ഞു പോകും “. ഈ വർത്തമാനം കേട്ട ഖുറൈശികൾ പറഞ്ഞു, “ഇക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്. ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനമെടുക്കാൻ നിങ്ങൾ അനുവദിക്കൂ “.
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഖുറൈശികൾ പറഞ്ഞു. അല്ലയോ അഅ്റാബിയായ മനുഷ്യാ! നിങ്ങൾക്ക് കാര്യങ്ങൾ അറിയില്ല. മുഹമ്മദ് നബിﷺയിൽ നിന്ന് നിങ്ങൾ കണ്ടതെല്ലാം വ്യാജമാണ്. അപ്പോൾ മിക്രസ് ബിൻ ഹഫ്‌സ് എന്നയാൾ പറഞ്ഞു. ഞാൻ ഒന്ന് പോയിട്ട് വരട്ടെ. എന്തൊക്കെയാണ് ഇവിടുത്തെ രംഗമെന്ന് ഞാനൊന്നു മനസ്സിലാക്കട്ടെ. അയാൾ കടന്നു വരുന്ന രംഗം കണ്ടപ്പോൾത്തന്നെ നബിﷺ പറഞ്ഞു. അയാൾ ചതിയനായിട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും അയാൾ വന്നു നബിﷺയോട് സംസാരിച്ചു. ബുദൈലും ഉർവയും സംസാരിച്ച കാര്യങ്ങൾ തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. നബിﷺ അവർ രണ്ടുപേരോടും പ്രതികരിച്ച അതേ രീതിയിൽത്തന്നെ ഇദ്ദേഹത്തോടും കാര്യങ്ങൾ പറഞ്ഞു. അയാൾ മടങ്ങിപ്പോവുകയും ചെയ്തു.
    രംഗങ്ങൾ ഇത്രയൊക്കെയായപ്പോൾ ഖുറൈശികളിലേക്ക് ഒരു ദൂതനെ അയച്ചാലോ എന്ന് നബിﷺ ആലോചിച്ചു. നബിﷺയുടെ തന്നെ സഅ്ലബ് എന്ന ഒട്ടകത്തിന്റെ മേൽ നബിﷺ ഖിറാശ് ബിൻ ഉമയ്യ (റ) എന്ന വ്യക്തിയെ ഖുറൈശികളിലേക്ക് നിയോഗിച്ചു. ഖുറൈശീ പ്രമുഖരോട് നബിﷺയുടെ സന്ദേശം കൈമാറാൻ വേണ്ടിയായിരുന്നു ഈ നിയോഗം. അങ്ങനെ അദ്ദേഹം ഖുറൈശികളുടെയടുക്കലെത്തി. ഇക്രിമ (പിൽക്കാലത്ത് ഇദ്ദേഹം മുസ്‌ലിമായി) ഖിറാശ് സഞ്ചരിച്ചു വന്ന ഒട്ടകത്തെ അറുത്തു. ഖുറൈശികൾ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെങ്കിലും അഹ്ബാശുകൾ അനുവദിച്ചില്ല. ഒടുവിൽ അദ്ദേഹം സുരക്ഷിതമായി നബിﷺയുടെ അടുക്കലേക്ക് തിരിച്ചെത്തി.
    ഇമാം ബൈഹഖി(റ)യുടെ നിവേദന പ്രകാരം ഇങ്ങനെയാണ്. നബിﷺയും സംഘവും ഹുദൈബിയ്യയിൽ എത്തിയപ്പോൾ ഖുറൈശികൾക്ക് എന്ത് ചെയ്യണം എന്നറിയാതെയായി. നബിﷺ ഒരു ദൂതനെ ഖുറൈശികളിലേക്ക് അയച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെ ഉമറുബ്നുൽ ഖത്വാബി(റ)നെ വിളിച്ചു. കാര്യങ്ങളാലോചിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. എന്നോട് അവർക്കുള്ള ശത്രുത വലുതാണ്. അവർ എന്നെ ആക്രമിക്കാൻ വന്നാൽ തടുക്കാൻ അതിയ്യ് ഗോത്രക്കാരായ ആരും തന്നെ അവിടെയില്ല. തങ്ങൾ അവിടുന്ന് താല്പര്യപ്പെടുകയാണെങ്കിൽ എനിക്ക് പോകുന്നതിനു പ്രശ്നമൊന്നുമില്ല. പക്ഷേ, കാര്യം ഇങ്ങനെയൊക്കെയാണ്.
    അപ്പോൾ നബിﷺയൊന്നും പ്രതികരിച്ചില്ല. ഉമർ (റ) തുടർന്നു. മക്കയിലേക്ക് നിയോഗിക്കാൻ നല്ലയൊരാളെ ഞാൻ പറഞ്ഞു തരാം. എന്തുകൊണ്ടും അദ്ദേഹം എന്നെക്കാൾ ഉത്തമനാണ്. അദ്ദേഹത്തിന് എന്തെങ്കിലും നേരിട്ടാൽ ഇടപെടാൻ ഒരുപാട് ആളുകളവിടെയുണ്ട്. ഞാൻ ഉദ്ദേശിച്ചത് ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യാണ്. ഉടനെ നബിﷺ ഉസ്മാനെ(റ) വിളിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഖുറൈശികളുടെയടുത്തേക്ക് പോകണം. നമ്മൾ വന്നിട്ടുള്ളത് യുദ്ധത്തിനല്ലെന്നും ഉംറ നിർവഹിക്കാൻ വേണ്ടി മാത്രമാണെന്നും അവരോട് പറയണം. അവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കണം. മക്കയിലെത്തി വിശ്വാസികളായ സ്ത്രീ പുരുഷന്മാരെ സന്ദർശിക്കണം. വൈകാതെത്തന്നെ നമുക്ക് വിജയം ലഭിക്കുമെന്ന് അവർക്ക് സന്തോഷ വാർത്ത അറിയിക്കുകയും വേണം. ഉസ്മാൻ (റ) യാത്രയാരംഭിച്ചു. ബൽദഹ് എന്ന സ്ഥലത്തെത്തിയപ്പോൾ ഖുറൈശികളെക്കണ്ടുമുട്ടി. അവർ ചോദിച്ചു, എങ്ങോട്ടാണ് പോകുന്നത് ? ഉടനെ ഉസ്മാൻ (റ) പറഞ്ഞു. എന്നെ അല്ലാഹുവിന്റെ ദൂതൻﷺ നിയോഗിച്ചതാണ്. നിങ്ങളോട് വന്നു സംസാരിക്കാൻ. നിങ്ങളെ എല്ലാവരെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ. അതുകൊണ്ട് നിങ്ങളെ എല്ലാവരെയും ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അല്ലാഹു അവന്റെ മതത്തെ വിജയിപ്പിക്കും. അവന്റെ ദൂതന്ﷺ പ്രതാപം നൽകും. നിങ്ങളോട് പറയാൻ എന്നെ ഏൽപ്പിച്ചു വിട്ടു. ഞങ്ങൾ യുദ്ധത്തിനു വേണ്ടിയല്ല വന്നത്. ഞങ്ങൾ ഉംറ നിർവഹിക്കാൻ വേണ്ടി വന്നവരാണ്, നിർവഹിച്ചു ബലി മൃഗങ്ങളെയും അറുത്ത് ഞങ്ങൾ മടങ്ങിപ്പോകും.
    ഉടനെ ഖുറൈശികൾ ഇങ്ങനെ പ്രതികരിച്ചു. “അതൊന്നും ഇവിടെ നടക്കില്ല. സംഘമായി ഇവിടെ പ്രവേശിക്കാൻ അനുവദിക്കില്ല. ഇങ്ങോട്ട് വരാൻ പറ്റില്ലെന്ന് നിങ്ങളുടെ നേതാവിനോട് പോയിപ്പറഞ്ഞുകൊള്ളൂ. അബാനുബിനു സഅ്ദ് രംഗത്തേക്ക് വന്നു.(പിൽക്കാലത്ത് അദ്ദേഹം വിശ്വാസിയായി) ഉസ്മാനി(റ)ന് അഭയം പ്രഖ്യാപിച്ചു. എന്നിട്ട് പറഞ്ഞു നിങ്ങൾ എന്തു ഉദ്ദേശിച്ചു വന്നു; അത് നിങ്ങൾ നിർവഹിച്ചു കൊള്ളൂ. രണ്ടുപേരും ഒരുമിച്ച് വാഹനപ്പുറത്തു കയറി. ഉസ്മാൻ (റ) മക്കയുടെ അതിർത്തി കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ഖുറൈശികളിൽ ഓരോരുത്തരെക്കണ്ടു വിഷയം അവതരിപ്പിക്കാൻ തുടങ്ങി. അവരാരും നബിﷺ മക്കത്തേക്ക് കടക്കാൻ സമ്മതം നൽകിയില്ല “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...