Tweet 415

    Tweet 415
    August 3, 2023 • Thursday
    Post Header

    ഉർവ നബിﷺയുമായുള്ള സംഭാഷണം തുടർന്നു. സംസാരത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തിന്റെ കൈ തിരുനബിﷺയുടെ താടിക്കുനേരെ നീണ്ടു. താടിയിൽപ്പിടിച്ച് സംസാരിക്കാൻ ഒരുങ്ങിയ അദ്ദേഹത്തിന്റെ കൈ ഉയർന്നപ്പോഴെല്ലാം മുഗീറതു ബിൻ ശുഅ്ബ (റ) അദ്ദേഹത്തിന്റെ കൈയിൽത്തട്ടി. നബിﷺയുടെ ശിരസ്സിന്റെ ഭാഗത്തുനിന്ന് മുഗീറ (റ) തന്റെ കൈയിലുണ്ടായിരുന്ന വാളിന്റെ പിടി കൊണ്ടാണ് ഉർവയുടെ കൈ തടഞ്ഞുകൊണ്ടിരുന്നത്. ഇത് പലപ്രാവശ്യം ആവർത്തിച്ചപ്പോൾ മുഗീറ (റ) പറഞ്ഞു. “നീ നിന്റെ കൈ നിയന്ത്രിച്ചു വച്ചിട്ട് സംസാരിക്കുക. നിന്റെ കൈകൊണ്ട് ഞങ്ങളുടെ നേതാവിന്റെ താടിയിൽപ്പിടിക്കാൻ പാടില്ല. ഇനിയും ആവർത്തിച്ചാൽ കളി മാറും “. ഇത് കേട്ടതും ഉർവയ്ക്ക് ദേഷ്യം പിടിച്ചു. അയാൾ ചോദിച്ചു, “ആരാണ് എന്റെ സംഭാഷണം മുടക്കാൻ വേണ്ടി ഇടയിൽ ഇടപെടുന്നത്! അവന് നാശമുണ്ടാകട്ടെ “. വീണ്ടും ചൂടായി സംസാരിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് നബിﷺ പറഞ്ഞു. “അത് നിങ്ങളുടെ സഹോദരന്റെ മകൻ മുഗീറ (റ) ആണ് “.
    “ഓ! നീയാണ് അല്ലേ ? ഉക്കാള് മാർക്കറ്റിൽ വച്ച് പണ്ട് നമ്മൾ തമ്മിലുണ്ടായ ആ പഴയ ചൊടിപ്പ് അവസാനിച്ചിട്ടില്ല. സഖിഫ് ഗോത്രത്തോടുള്ള പക അന്ത്യനാൾ വരെ അവസാനിക്കുകയില്ല “.
    ഉർവ നബിﷺയും അനുചരന്മാരും തമ്മിലുള്ള പെരുമാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാളെ അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കാണാനായി. പ്രവാചകൻﷺ ഒന്ന് തുപ്പാനൊരുങ്ങിയാൽ അത് നിലത്ത് വീഴുമായിരുന്നില്ല ! അനുചരന്മാർ അത് കൈയിൽ വാങ്ങുകയും അതിന്റെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അത്യധികം സുഗന്ധമുള്ള ഉമിനീർ അവർ ശരീരത്ത് പുരട്ടുകയും ചെയ്യും. അവിടുന്ന് അംഗസ്നാനം ചെയ്താൽ വെള്ളം നിലത്തുവീഴാൻ അവർ അനുവദിക്കില്ല. അവരത് വേഗം കൈയിൽ വാങ്ങും. എന്തെങ്കിലും അവിടുന്ന് കൽപ്പിക്കുന്നുണ്ടോ എന്ന് എല്ലാവരും കാതോർത്തിരിക്കും. ഒന്നനങ്ങിയാൽ മതി, എല്ലാവരും അടുത്തേക്കോടിയെത്തും. കൽപ്പനകളനുസരിക്കാൻ അവർ തമ്മിൽ മത്സരമാണ്. തിരു സന്നിധിയിൽ അവർ ശബ്ദം താഴ്ത്തിയേ സംസാരിക്കൂ. അത്യാദരവ് കാരണം ആവശ്യത്തിനല്ലാതെ നേരിട്ട് നോക്കുക പോലും ചെയ്യില്ല.
    തന്റെ സംഭാഷണവും നബിﷺയുടെ മറുപടിയും കഴിഞ്ഞ് ഉർവ ഖുറൈശികളിലേക്ക് തന്നെ മടങ്ങി. ഖുറൈശീ നേതാക്കളുടെ മുന്നിൽച്ചെന്ന് ഉർവ വർത്തമാനമാരംഭിച്ചു. “ഞാൻ ഒരുപാട് രാജാക്കന്മാരെ സന്ദർശിച്ചിട്ടുണ്ട്. കിസ്രയും കൈസറും നെഗസും എല്ലാം അതിൽപ്പെടും. എന്നാൽ അവരാരും മുഹമ്മദ് നബിﷺ അനുയായികളാൽ ആദരിക്കപ്പെടുന്നത് പോലെ ആദരിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. മുഹമ്മദ് നബിﷺയെ അനുയായികൾ അനുസരിക്കുന്നതു പോലെ മേൽ പ്പറയപ്പെട്ട ഒരു രാജാവിനെയും പ്രജകൾ അനുസരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എത്രമേൽ എന്നു പറഞ്ഞാൽ, മുഹമ്മദ് നബിﷺ ഒന്ന് തുപ്പാനൊരുങ്ങിയാൽ അനുയായികളുടെ കൈ മുന്നിലേക്ക് നീളും. അത് നിലത്ത് വീഴാൻ അവരനുവദിക്കില്ല. അവിടുത്തെ ശിരസ്സിൽ നിന്ന് ഒരു രോമം പോലും നിലത്ത് പതിക്കാൻ അവർ സമ്മതിക്കുന്നില്ല. അതവർ കൈയിൽ വാങ്ങി സംരക്ഷിക്കുന്നു. നബിﷺയുടെ അനുമതിയില്ലാതെ സദസ്സിൽ ആരും സംസാരിക്കില്ല.
    അല്ലയോ ഖുറൈശികളേ, എനിക്ക് നിങ്ങളോട് ഉപദേശിക്കാനുള്ളത് നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഒന്നു മാറ്റം വരുത്തണം. അവരോട് പോരിനു പോയാൽ ജയിക്കും എന്ന് തോന്നുന്നില്ല. അവരോടൊപ്പമുള്ള സ്ത്രീകൾപ്പോലും അങ്ങനെയങ്ങ് നിങ്ങൾക്ക് വഴങ്ങണമെന്നില്ല. ഞാൻ നിങ്ങൾക്ക് ഗുണം ഉദ്ദേശിച്ച് പറയുകയാണ്. ഈ പുണ്യസ്ഥലത്ത് ബലിദാനം നടത്താൻ ബലി മൃഗങ്ങളെക്കൊണ്ട് വരുകയും വിശുദ്ധ ഭവനത്തെ ആദരിച്ചു സന്ദർശിക്കാൻ വരുകയും ചെയ്തവരെത്തടഞ്ഞു വച്ചാൽ നിങ്ങൾക്ക് ജയിക്കാനാവുമോ എന്നതിൽ എനിക്ക് ആശങ്കയുണ്ട് “. ഇത്രയുമായപ്പോഴേക്കും ഖുറൈശികൾക്ക് ദേഷ്യം പിടിച്ചു. “അല്ലയോ , അബൂ യഅ്ഫൂർ ! ഇനി ഈ വിഷയം നിങ്ങൾ സംസാരിക്കരുത്. മറ്റൊന്നും നിങ്ങൾക്ക് സംസാരിക്കാനില്ലേ? ഇക്കൊല്ലം എന്തായാലും അവർ മടങ്ങിപ്പോയേ പറ്റൂ. വേണമെങ്കിൽ അവർ അടുത്ത കൊല്ലം വന്നോട്ടെ “. ഉടനെ ഉർവ തിരിച്ചു പറഞ്ഞു. “നിങ്ങൾക്ക് വലിയ വിപത്തുകൾ വരാതിരിക്കട്ടെ “. ശേഷം അദ്ദേഹവും അനുയായികളും ത്വാഇഫിലേക്ക് മടങ്ങി.
    അപ്പോൾ അഹ്ബാശുകളുടെ നേതാവായ ഹലൈസ് ബിൻ അൽഖമ എഴുന്നേറ്റു. അയാൾ പറഞ്ഞു, “ഞാനൊന്നു പോയി വരട്ടെ “. അയാൾ നബിﷺയും അനുയായികളും താമസിക്കുന്ന സ്ഥലത്തേക്ക് വന്നു. അവർ ചൊല്ലുന്ന തൽബിയത്തുകൾ കേട്ടു. ഒപ്പം കൊണ്ടുവന്ന ബലി മൃഗങ്ങളെക്കണ്ടു. അവരുടെ ജീവിതം അടിമുടിയൊന്ന് നിരീക്ഷിച്ചു. എന്നിട്ടയാൾ പറഞ്ഞു, “ഖുറൈശികൾക്ക് നാശം. അല്ലാഹുവിന്റെ വീട്ടിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ആരാധന കർമങ്ങൾക്ക് വന്നവരെയാണല്ലോ അവർ തടയുന്നത് “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...