Tweet 413

    Tweet 413
    August 1, 2023 • Tuesday
    Post Header

    ഹുദൈബിയ്യയിലെ താമസക്കാലത്തെ ഒരു സംഭവം കൂടി നമുക്ക് വായിക്കാം. സൈദ് ബിന് ഖാലിദ് (റ) പറയുന്നു : “ഞങ്ങൾ ഹുദൈബിയ്യയിലായിരിക്കെ, ഒരു രാത്രിയിൽ മഴ പെയ്‌തു. അന്ന് പ്രഭാത നിസ്ക്കാരം കഴിഞ്ഞു നബിﷺ സ്വഹാബികൾക്ക് അഭിമുഖമായിരുന്നു സംസാരിച്ചു. അവിടുന്ന്‌ ചോദിച്ചു. അല്ലാഹു എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയുമോ? അല്ലാഹുവിനും അവന്റെ ദൂതനുംﷺ അറിയാം എന്ന് അനുചരന്മാർ പ്രതികരിച്ചു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു പറയുന്നു. ഇന്നു പ്രഭാതമായപ്പോൾ ഒരു വിഭാഗം ആളുകൾ വിശ്വാസികളും മറ്റൊരു വിഭാഗം അവിശ്വാസികളുമായി. അല്ലാഹുവിന്റെ കാരുണ്യത്താൽ മഴ ലഭിച്ചു എന്ന്‌ വിശ്വസിച്ചവർ എന്നെ അംഗീകരിക്കുകയും നക്ഷത്രങ്ങളെ അവിശ്വസിക്കുകയും ചെയ്തു. നക്ഷത്രങ്ങൾ അഥവാ രാശിയാണ് മഴ നൽകിയത് എന്ന്‌ വിശ്വസിച്ചവർ എന്നെ അവിശ്വസിക്കുകയും നക്ഷത്രങ്ങളെ വിശ്വസിക്കുകയും ചെയ്തു “.
    ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നു. “ഹുദൈബിയ്യയിൽ വച്ചു മഴ പെയ്തു. ചെരുപ്പുകളുടെ അടിഭാഗം നനയാനായതേയുള്ളൂ, അപ്പോൾ മുത്തുനബിﷺയുടെ പ്രതിനിധി വിളിച്ചു പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ടെന്റുകളിൽ നിസ്ക്കരിച്ചോളൂ.
    അംറ് ബിൻ സാലിമും(റ) ബുസർ ബിൻ സുഫിയാനും(റ) നബിﷺക്കു ആടുകളെയും ഒട്ടകങ്ങളെയും സമ്മാനമായി നൽകി. അംറ് ബിൻ സാലിം (റ) കൂട്ടുകാരനായ സഅ്ദ് ബിൻ ഉബാദ (റ) എന്നവർക്ക് ഒട്ടകങ്ങളെ സമ്മാനിച്ചു. അദ്ദേഹം അവകളെയും കൊണ്ട് നബിﷺയെ സമീപിച്ചു. നബിﷺ അദ്ദേഹത്തിന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി. ശേഷം ഒട്ടകത്തെ അറുത്തു അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ പറഞ്ഞു. ആടുകളെയും എല്ലാവർക്കും പങ്കുവച്ചു നൽകാൻ പറഞ്ഞു. അതിൽ നിന്നെല്ലാം ഒരു വിഹിതം മഹതിയായ ഉമ്മു സലമ(റ)യ്ക്കും ലഭിച്ചു. സമ്മാനങ്ങൾ നൽകിയവർക്ക് പുടവകൾ മറു സമ്മാനമായി നൽകാൻ നബിﷺ പറയുകയും ചെയ്തു “.
    നബിﷺയും അനുയായികളും ഹുദൈബിയ്യയിൽ തമ്പടിച്ചു കഴിഞ്ഞപ്പോൾ ബുദൈൽ ബിൻ വർഖാഅ് എന്നയാൾ നബിﷺയെ സമീപിച്ചു.(ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഖുസാഅ ഗോത്രത്തിലെ ഒരു സംഘവും കൂടെയുണ്ടായിരുന്നു. അംറു ബിൻസാലിം (റ), ഖിറാഷ് ബിൻ ഉമയ്യ (റ), ഖാരിജത് ബിൻ കുർസ് (റ), യസീദ് ബിൻ ഉമയ്യ (റ) തുടങ്ങി നബിﷺ ആഭ്യന്തര കാര്യങ്ങളിൽ കൂടിയാലോചന നടത്തിയിരുന്നവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തിഹാമയിലെ ഒരു ചലനങ്ങളും അവരറിയാതെ നടന്നിരുന്നില്ല. വിശ്വാസികളും പൊതുക്ഷേമം താല്പര്യപ്പെടുന്നവരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു അത്.
    ഏതായാലും അവർ അഭിവാദ്യവാചകം (സലാം) ചൊല്ലിയ ശേഷം നബിﷺയോട് സംസാരിച്ചു തുടങ്ങി. ഞങ്ങൾ തങ്ങളുടെ ജനതയിൽ നിന്നാണ് വരുന്നത്. കഅ്ബ് ബിൻ ലുഅയ്യും ആമിർ ബിൻ ലുഅയ്യും ഉൾപ്പെടുന്ന ജനത. അഹ്ബാശുകൾ ഇളകിയിട്ടുണ്ട്.(ഹുബ്ശ പർവതത്തിന്റെ താഴ്‌വാരത്ത് വച്ച് ഉടമ്പടിയിൽ കൂടിയ ഗോത്രങ്ങൾക്കാണ് അഹ്ബാശ് എന്ന് പറയുക.) ഹുദൈബിയ്യയിലെ കിണറുകളുടെ കണക്കിന് സംഘങ്ങൾ പുറപ്പെട്ടിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും അകിടു നിറഞ്ഞ ഒട്ടകങ്ങളും മുലയൂട്ടുന്ന ഉമ്മമാരും ഒക്കെയുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കില്ല എന്നാണവർ ശപഥം ചെയ്തിരിക്കുന്നത്.
    ഞങ്ങൾ യുദ്ധത്തിന് വന്നതല്ലല്ലോ! ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്, നബിﷺ പ്രതികരിച്ചു. ഞങ്ങൾ ശാന്തമായി മക്കയിൽ പ്രവേശിച്ച് കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ വന്നതാണ്. അതിന് ആരെങ്കിലും തടസ്സം നിന്നാൽ ഞങ്ങൾക്ക് പ്രതിരോധിക്കേണ്ടി വരും. ബുദൈൽ നബിﷺയുടെ വർത്തമാനത്തിന്റെ ആശയം ഉൾക്കൊണ്ടു. അവിടെ നിന്ന് എഴുന്നേറ്റ് ഖുറൈശികളെ ലക്ഷ്യം വച്ചു നീങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...