
മക്കയിലേക്കുള്ള വഴിയിൽ മുസ്‌ലിം സംഘം മുന്നോട്ടു നീങ്ങി. ഇടയിൽ വച്ച് നബിﷺ പറഞ്ഞു. “ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തിൽ ഖുറൈശികളുടെ ഒരു കുതിരപ്പട ഗുമൈമിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വലതുഭാഗത്തേക്ക് ചേർന്ന് പുതിയ വഴിയെ സഞ്ചരിക്കാം “. നബിﷺയുടെ യാത്രാസംഘം പിന്നെയും മുന്നോട്ട് നീങ്ങി. സനിയ്യയിലെത്തിയപ്പോൾ നബിﷺയുടെ ഒട്ടകം മുട്ടുകുത്തി. അപ്പോൾ നബിﷺ പറഞ്ഞു. “അങ്ങനെ നമ്മുടെ ഒട്ടകം നടക്കാതിരിക്കില്ലല്ലോ! ആനയെത്തടഞ്ഞവൻ തടഞ്ഞു വച്ചിട്ടുണ്ടാകും !”. അഥവാ, അല്ലാഹുവിന്റെ ആജ്ഞ പ്രകാരമായിരിക്കും എന്ന് സാരം. പിന്നെയും ആ ഒട്ടകത്തെ നടത്താൻ പലരും ശ്രമിച്ചു. പക്ഷേ, അത് മുന്നോട്ടു നീങ്ങിയില്ല. മറിച്ച് ഹുദൈബിയയുടെ ഭാഗത്ത് വെള്ളമുള്ള ഒരു സ്ഥലത്തേക്ക് ചാടി അതവിടെ നിലയുറപ്പിച്ചു. എല്ലാവരും ആ ജലസ്രോതസ്സിൽ നിന്ന് പാനം ചെയ്തു. ക്രമേണ അതിൽ വെള്ളം കുറഞ്ഞപ്പോൾ നബിﷺയുടെ നിർദേശപ്രകാരം അവിടുത്തെ ആവനാഴിയിൽ നിന്ന് ഒരു അമ്പെടുത്തു വയ്ക്കുകയും അദ്ഭുതകരമായി വീണ്ടും വെള്ളം വർധിക്കുകയും എല്ലാവർക്കും വേണ്ടുവോളം ലഭിക്കുകയും ചെയ്തു.
അബ്രഹത്തിന്റെ ആനപ്പടയെ അല്ലാഹു തടഞ്ഞത് കഅ്ബ അക്രമിക്കപ്പെടാതിരിക്കാനാണെങ്കിൽ, മുത്തുനബിﷺയുടെ ഒട്ടകത്തിന് അനുമതി നൽകാതിരുന്നത് അടുത്ത ഒരു മഹാവിജയത്തോടെ നബിﷺയും സംഘവും മക്കയിലേക്ക് വന്നാൽമതി എന്ന നിലയ്ക്കായിരുന്നു.
അതാഉ ബിൻ മർവാൻ (റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു : “ഹുദൈബിയയിലേക്ക് എത്തിച്ചേർന്നപ്പോൾ ജനങ്ങൾക്ക് ജലക്ഷാമം നേരിട്ടു. അപ്പോൾ പ്രവാചകൻﷺ അവിടുത്തെ ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് എന്നെ ഏൽപ്പിച്ചു. എന്നിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അതിൽനിന്ന് അംഗസ്നാനം ചെയ്തു, അവിടുത്തെ ഉമിനീർ കൂടി ചേർന്ന വെള്ളം തൊട്ടടുത്തുള്ള ജലം കുറഞ്ഞ കിണറ്റിലേക്ക് തന്നെയൊഴിച്ചു. എന്നിട്ട് എന്നോട് കിണറ്റിലിറങ്ങി അമ്പ് വെള്ളത്തിൽ മുക്കി വയ്ക്കാൻ പറഞ്ഞു. ഞാനങ്ങനെ ചെയ്തതും ജലനിരപ്പ് ഉയരാൻ തുടങ്ങി. കിണറിന്റെ വക്കുവരെ വെള്ളം എത്തിച്ചേരുകയും ജനങ്ങൾക്ക് ചുറ്റുഭാഗത്തും നിന്ന് വെള്ളം കോരിയെടുക്കാൻ സൗകര്യപ്പെടുകയും ചെയ്തു.
ഈ സമയത്ത് അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തിൽ ഒരുപറ്റം കപട വിശ്വാസികൾ സംഘം ചേർന്ന് നിന്ന് പ്രവാചകരെﷺ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. സ്വഹാബികൾ അവനെക്കുറ്റപ്പെടുത്തുകയും ഒടുവിൽ അവൻ നബിﷺയോട് അല്ലാഹുവിൽ നിന്ന് പാപമോചനത്തിനു വേണ്ടി പ്രാർഥിക്കാനാവശ്യപ്പെടുകയും ചെയ്തു “.
ഹുദൈബിയ്യയിൽ വെള്ളം ലഭിച്ചതുമായി ബന്ധപ്പെട്ട വേറിട്ട ഒരു നിവേദനം ഇമാം ബുഖാരി(റ)യും ഇമാം അഹ്മദും(റ) ഉദ്ധരിച്ചിട്ടുണ്ട്. മഹാനായ ബറാഅ (റ) പറയുന്നു, “ഞങ്ങൾ 1400 ആളുകൾ നബിﷺക്കൊപ്പം ഹുദൈബിയ്യയിൽ ഉണ്ടായിരുന്നു. ശക്തമായ ചൂടുള്ള സമയം. അവിടെ സമീപത്ത് ഒരു കിണറിന്റെ ചുറ്റും അമ്പതോളം ആടുകളുണ്ട്. അവയ്ക്കും ആ കിണറ്റിൽ നിന്ന് ഒരിറ്റു വെള്ളം പോലും കിട്ടാനില്ല. ജനങ്ങൾ വെള്ളമില്ലാതെ വേവലാതിപ്പെടുകയും നബിﷺയോട് ആവലാതി പറയുകയും ചെയ്തു. നബിﷺ ആ കിണറ്റിൻ വക്കിൽ വന്നിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരംഗത്തോട് വെള്ളത്തിൽ നിന്ന് അല്പം ഒരു പാത്രത്തിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ നിന്ന് ആ പാത്രത്തിലേക്ക് തന്നെ അംഗസ്നാനം ചെയ്തു. അതോടെ അതിൽ ജലം പ്രവഹിക്കുകയും ഒരു അരുവി പോലെ ആവുകയും ചെയ്തു. ഞങ്ങളും ഒപ്പമുള്ള മൃഗങ്ങളുമെല്ലാം ആവശ്യം പോലെ വെള്ളമുപയോഗിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് അവസാനം കിണറിന്റെ അടുക്കൽ നിന്ന് പോന്ന ആൾ വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു വന്നത് “.
ഹുദൈബിയ്യയും വെള്ളവും പരാമർശിക്കുന്ന മറ്റൊരു നിവേദനം കൂടി ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. സലമത്തുബിന് അക്’വഇൽ (റ) നിന്ന് ജാബിർ (റ) എന്നവരാണ് ഉദ്ധരിക്കുന്നത്. “ഹുദൈബിയയിൽ വച്ച് ജനങ്ങൾ വിവശരായി. വെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടു. നബിﷺയുടെ അടുക്കൽ ഒരു കൊച്ചു തോൽപ്പാത്രത്തിൽ അല്പം വെള്ളം ഉണ്ടായിരുന്നു. ജാബിർ (റ) പറയുന്നു. സായാഹ്നമായപ്പോൾ ഞങ്ങളുടെയാരുടെയും പക്കൽ വെള്ളമുണ്ടായിരുന്നില്ല. പാത്രങ്ങളുടെ അടിത്തട്ടിൽ മിച്ചം വന്ന അല്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഒരു പാത്രത്തിൽ ഒരുമിച്ചുകൂട്ടി തിരുനബിﷺയുടെ സന്നിധിയിലെത്തിച്ചു. നബിﷺ അതിൽ നിന്ന് അംഗസ്നാനം ചെയ്തു. അപ്പോഴേക്കും മറ്റുള്ള ജനങ്ങൾ നബിﷺയുടെ ചുറ്റും കൂടി. അവർ പറഞ്ഞു അല്ലയോ , അല്ലാഹുവിന്റെ ദൂതരെ! ﷺ പാനം ചെയ്യാനോ കൈകാര്യം ചെയ്യാനോ ഞങ്ങളുടെ പക്കൽ തീരെ വെള്ളമില്ല. അവിടുത്തെ ആ കൊച്ചു തോൽ പാത്രത്തിലുള്ളത് മാത്രമേ വെള്ളമായി ഇനിയുള്ളൂ. നബിﷺയുടെ തിരുകരം ആ പാത്രത്തിന്റെ ഉള്ളിലേക്ക് ഇറക്കിവച്ചു. അദ്ഭുതമെന്നു പറയട്ടെ, അവിടുത്തെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം പ്രവഹിക്കാൻ തുടങ്ങി. ഉറവപൊട്ടി വരുന്നതുപോലെ ! പാത്രത്തിൽ വെള്ളം നിറഞ്ഞു. ഞങ്ങളെല്ലാവരും കുടിക്കുകയും അംഗസ്നാനം നടത്തുകയും ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ ജാബിറി(റ)നോട് സാലിം ബിൻ അബൂ ജഅദ് ചോദിച്ചു, നിങ്ങളന്ന് എത്രയാളുകളുണ്ടായിരുന്നു ? അപ്പോൾ ജാബിർ (റ) പറഞ്ഞു. ഒരു ലക്ഷം ആളുകൾ ഉണ്ടായാലും വെള്ളം ലഭിക്കുമായിരുന്നു. അന്നു ഞങ്ങൾ 5000 പേരാണ് ഉണ്ടായിരുന്നത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
