Tweet 414

    Tweet 414
    August 2, 2023 • Wednesday
    Post Header

    ബുദൈലിന്റെ ആഗമനം കണ്ടവർ ഖുറൈശീ പ്രമുഖരോട് പറഞ്ഞു. “അതാ ബുദൈലും കൂട്ടുകാരും വരുന്നു. കാര്യങ്ങൾ ഒന്നന്വേഷിച്ചാലോ?” അവർ പറഞ്ഞു. “ഒന്നും അവരോടു ചോദിക്കേണ്ടതില്ല “. അപ്പോഴേക്കും ബുദൈൽ അടുത്തെത്തി. ആരും ഒന്നും ചോദിക്കുന്നില്ലെന്ന് വന്നപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു തുടങ്ങി. “ഞങ്ങൾ മുഹമ്മദ് നബിﷺയുടെ അടുത്ത് നിന്നു വരുകയാണ്. അവിടുത്തെ കാര്യങ്ങൾ ഞങ്ങൾ ഒന്നു പങ്കുവച്ചാലോ?”
    അബൂജഹലിന്റെ മകൻ ഇക്രിമയും ഹകമു ബിനുൽ ആസ്വും പറഞ്ഞു.(രണ്ടു പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു) “അവരുടെ വർത്തമാനമൊന്നും ഇവിടെപ്പറയേണ്ടതില്ല. നമ്മുടെ തീരുമാനം അവർക്ക് അറിയിച്ചു കൊടുക്കുക. ഏതായാലും ഇക്കൊല്ലം മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നമ്മളിൽ അവസാനത്തെ വ്യക്തിയും മരിച്ചു വീഴാതെ അത് സാധ്യമല്ലെന്നും അറിയിക്കുക “.
    അപ്പോൾ ഉർവത് ബിൻ മസ്ഊദ്( ഇദ്ദേഹവും പിൽക്കാലത്തു ഇസ്‌ലാം സ്വീകരിച്ചു) പറഞ്ഞു . “ബുദൈൽ പറയുന്നത് നമുക്കൊന്നുകേട്ടു നോക്കാം. സ്വീകരിക്കാവുന്നതാണെങ്കിൽ സ്വീകരിക്കാം. അല്ലെങ്കിൽ വേണ്ടെന്നു വയ്ക്കാം “. ഉടനെ സഫ്‌വാൻ ബിൻ ഉമയ്യയും ഹാരിസ് ബിൻ ഹിശാമും( രണ്ടു പേരും പിൽക്കാലത്തു ഇസ്‌ലാം സ്വീകരിച്ചു) പറഞ്ഞു. “എന്നാൽ പറയട്ടെ, എന്തൊക്കെയാണവർ അവിടുന്ന് കാണുകയും കേൾക്കുകയും ചെയ്തതെന്ന്‌ നമുക്ക് കേൾക്കാം “.
    ബുദൈൽ പറയാൻ തുടങ്ങി. “നിങ്ങൾ മുഹമ്മദ്‌ നബിﷺയുടെ കാര്യത്തിൽ ധൃതി കാണിക്കുകയാണ്. അവർ യുദ്ധത്തിന് വന്നതല്ല. അവർ ഉംറ ചെയ്തു പോകാൻ വേണ്ടി മാത്രം വന്നതാണ് “. ഇത്രയും കേട്ടപ്പോൾ ഉർവ വീണ്ടും ഇടപെട്ടു. എന്നിട്ട് ഖുറൈശികളോട് ചോദിച്ചു. “നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ?”
    “ഇല്ല, ഞാൻ നിങ്ങൾക്ക് മകനും നിങ്ങൾ എനിക്ക് പിതാവിന്റെ സ്ഥാനത്തുമല്ലേ ?”
    ” അതെ, ഞാൻ നിങ്ങൾക്ക് വേണ്ടി ഉക്കാള് മാർക്കറ്റിലുള്ളവരുടെ അതൃപ്തി സമ്പാദിക്കുകയും ഒടുവിൽ അഭയം തേടി നിങ്ങളുടെയടുത്തേക്ക് വരുകയും ചെയ്തയാളല്ലേ? ”
    ” അതെ, ഞങ്ങൾക്ക് നിങ്ങളെ സംശയിക്കാൻ ഒരു ന്യായവുമില്ല “. അവർ തീർത്തു പറഞ്ഞു. ഉടനെ ഉർവ തുടർന്നു. “ഞാൻ നിങ്ങൾക്കു ഗുണകാംക്ഷിയും വിശേഷം വിശ്വസ്തനുമാണ്. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. എന്നാൽ ഞാൻ പറയട്ടെ. ബുദൈൽ ഒരു നല്ല കാൽവയ്പ്പുമായിട്ടാണ് വന്നിട്ടുള്ളത്. ഇതിനെക്കാൾ നല്ലത് പറയാൻ അയാളെക്കാൾ മോശമായ ഒരാൾക്കെ കഴിയൂ. അതവിടെയിരിക്കട്ടെ. ഞാൻ മുഹമ്മദ്‌ﷺയുടെ അടുത്തേക്ക് പോയി കാര്യം ഒന്ന് സ്ഥിരീകരിച്ചിട്ടു വന്നാലോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രതിനിധിയായിട്ട് ഞാൻപോയിട്ടു വരാം “.
    അതുപ്രകാരം ഉർവ നബിﷺയുടെ അടുത്തേക്ക് പുറപ്പെട്ടു. നബിﷺയുടെ സന്നിധിയിലെത്തി. നബിﷺയോട് സംസാരിച്ചു തുടങ്ങി.
    “കഅ്ബു ബിൻ ലുഅയ്യും അംർ ബിൻ ലുഅയ്യും ഹുദൈബിയ്യയിലെ കിണറുകൾക്കടുത്തുണ്ട്. അവരോടൊപ്പം കറവയെത്തിയ ഒട്ടകങ്ങളും മുലയൂട്ടുന്ന സ്ത്രീകളും കുട്ടികളുമെല്ലാം സംഘമായി വന്നിട്ടുണ്ട്. പുലിത്തോലണിഞ്ഞ ഹബശികളും സംഘത്തിൽ ചേർന്നിട്ടുണ്ട്. അവർ സത്യം ചെയ്ത് പറയുന്നത്, നിങ്ങളെ മക്കയിലേക്ക് കടക്കാൻ അനുവദിക്കില്ല എന്നാണ്. ഇവിടെ രണ്ടാലൊന്നു സംഭവിക്കും. ഒന്നുകിൽ നിങ്ങളുടെ ജനത നാശത്തിലേക്ക് എത്തും. അല്ലെങ്കിൽ, നിങ്ങളോടൊപ്പമുള്ളവർ നിന്ദ്യന്മാരായി മാറും. നിങ്ങളോടൊപ്പം മാന്യന്മാരും കുലീനന്മാരുമായ ആരെയും കാണുന്നില്ലല്ലോ. എല്ലാവരും ദരിദ്ര്യരും പാവപ്പെട്ടവരും മാത്രം. അവരുടെ കുടുംബങ്ങളോ ഗോത്രങ്ങളോ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. ഒരു പ്രതിസന്ധിയുണ്ടായാൽ അവരെല്ലാം നിങ്ങളെ വിട്ടു പോകും. നിങ്ങൾ ഖുറൈശികളോട് നേരിടാൻ പോയാൽ അവർ നിങ്ങളെ അധീനപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്യും. അതിനെക്കാൾ പ്രതിസന്ധിയുള്ള എന്താണ് നിങ്ങൾക്ക് നേരിടാനുള്ളത് ?”
    ഇത്രയും പറഞ്ഞപ്പോഴേക്കും നബിﷺയുടെ പിന്നിലിരുന്ന അബൂബക്കർ സിദ്ദീഖ് (റ) ഇടപെട്ടു. “നീ നിന്റെ ദൈവത്തിന്റെ മാനം പോയിക്കവർന്നോളൂ. എന്താണിപ്പറയുന്നത് ? ഞങ്ങൾ പ്രവാചകനെﷺയും വിട്ട് പിന്തിരിഞ്ഞോടുമെന്നോ?” ദേഷ്യത്തോടെ സിദ്ദീഖ് (റ) ചോദിച്ചു.
    അപ്പോൾ ഉർവ ചോദിച്ചു “ഇതാരാണ്? അബൂബക്കറേ, (റ). ഞാനും നിങ്ങളുമായി ഒരു ബന്ധം ഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാമായിരുന്നു. വ്യക്തമായി ഇതിന് ഉത്തരം ഞാൻ പറയുമായിരുന്നു “. മുമ്പൊരിക്കൽ ബ്ലഡ് മണി ആവശ്യമായ സമയത്ത് പലരും ഒന്നും രണ്ടും വിഹിതം നൽകി സഹായിച്ചപ്പോൾ 10 വിഹിതം നൽകി സഹായിച്ച ആളായിരുന്നു അബൂബക്കർ(റ). അതുകൊണ്ടാണ് ഉർവയ്ക്ക് അബൂബക്കറി(റ)നെ അവഗണിക്കാനാവാതിരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...