
സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ:(റ), അബ്ദുല്ലാഹ് ബിൻ റവാഹ(റ), ഖവ്വാത് ബിൻ ജുബൈർ(റ), ഉസൈദ് ബിൻ ഹുളൈർ(റ) എന്നിവരെ നബിﷺ വിളിച്ചു വരുത്തി. അവരോട് പറഞ്ഞു. നാം അറിഞ്ഞ വാർത്ത ശരിയാണോ എന്ന് നിങ്ങൾ ഉറപ്പിക്കുക. ശരിയാണെങ്കിൽ ആ വിവരം എന്നെ അറിയിക്കുക. അതല്ല അവർ കരാറിന്മേൽ തന്നെ തുടരുകയാണെങ്കിൽ ആ വിവരം വിളംബരം ചെയ്യുക.
അങ്ങനെ ആ ദൗത്യ സംഘം പുറപ്പെട്ടു. കഅബിനെ സമീപിച്ചു. കാര്യം അന്വേഷിച്ചപ്പോൾ കരാറിൽ നിന്ന് പിൻവാങ്ങിയതായി അവർ വിവരം നൽകി. കരാറിന്റെ പ്രാധാന്യവും ഭേദിക്കുന്നതിന്റെ ഗൗരവവും അല്ലാഹുവിനെ മുൻനിർത്തി അവർ പറഞ്ഞു നോക്കി. പക്ഷേ ജൂതന്മാർ അത് മുഖവിലക്കെടുത്തില്ല. കഅബ് തന്റെ ചെരുപ്പിന്റെ വാർ രണ്ടായി കീറിയിട്ടു പറഞ്ഞു. ഈ വിധം ആ കരാറിനെ ഞാൻ ചീന്തിയിട്ടിരിക്കുന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു. ഏതാണ് ഈ പ്രവാചകൻﷺ? അദ്ദേഹവുമായിട്ട് നമുക്ക് യാതൊരു കരാറും ഇല്ലല്ലോ. അപ്പോൾ ഉസൈദ് ബിൻ ഹുളൈർ(റ) ചോദിച്ചു. അല്ലയോ യഹൂദ വനിതയുടെ മകനെ നീ നിങ്ങളുടെ നേതാവിനെയാണോ കുറ്റം പറയുന്നത്?അല്ലയോ അല്ലാഹുവിന്റെ വിരോധീ പ്രവാചകനെﷺ കുറ്റം പറയാൻ നിങ്ങൾ ആരുമല്ല. തരം ഒക്കുകയില്ല. നാളെ ഖുറൈശികൾ പരാജയപ്പെടുകയും പിന്തിരിയുകയും ചെയ്താൽ നിങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെടും. അപ്പോൾ നിങ്ങളുടെ ഈ ഭവനത്തിന്റെ നടുമുറ്റത്ത് കൂടി നടന്നു നിങ്ങളുടെ സ്വകാര്യമുറിയിലേക്ക് ഞങ്ങളെത്തും. സർവ്വാധികാരത്തോടെ ഞങ്ങൾ പ്രവേശിക്കും. എന്നിട്ട് സ്വഹാബികൾ നബിﷺയുടെ അടുത്തേക്ക് മടങ്ങിയെത്തി. സഅദ് ബിന് ഉബാദ(റ) നബിﷺയോട് പറഞ്ഞു. അളലുൻ വൽ ഖാർറ അഥവാ ആ രണ്ടു വിഭാഗത്തെ പോലെ ഇവരും കരാർ ലംഘിച്ചിരിക്കുന്നു എന്ന്. സഅദ് ബിൻ ഉബാദ(റ) നബിﷺയോട് സംസാരിച്ചപ്പോൾ മറ്റുള്ളവർ മൗനം ദീക്ഷിച്ചു. നബിﷺ പ്രതികരിച്ചു. അല്ലയോ വിശ്വാസികളെ നിങ്ങൾ സന്തോഷിക്കൂ. അല്ലാഹുവിന്റെ സഹായവും പിന്തുണയും നമുക്കുണ്ടാവും. കഅബാലയത്തിന്റെ താക്കോൽ സ്വീകരിച്ചുകൊണ്ട് വിശുദ്ധ ഗേഹത്തെ പ്രദക്ഷിണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കിസ്റയും കൈസറും നശിക്കും. അവരുടെ ആസ്തികൾ അല്ലാഹുവിന്റെ മാർഗത്തിൽ നാം വിനിയോഗിക്കും. വിശ്വാസികളിൽ നിഴലിച്ച ആശങ്കയും ആകുലതയും ഈ വർത്തമാനത്തോടെ നീങ്ങി. ഇബിനു ഉഖുബ(റ) പറയുന്നു. ബനൂ ഖുറൈളയുടെ വർത്തമാനം അറിഞ്ഞപ്പോൾ നബിﷺ അവിടുത്തെ ശിരോവസ്ത്രം അണിഞ്ഞു. അല്പനേരം ഒന്നും സംസാരിക്കാതെ ചെരിഞ്ഞു കിടന്നു. ഖുറൈള ഗോത്രം കരാർ പിൻവലിച്ച വിവരം വിശ്വാസികൾക്കിടയിൽ പരന്നു. ആളുകൾക്കിടയിൽ ഭീതിയും ആശങ്കയും വർദ്ധിച്ചു. അവരുടെ പ്രദേശത്തോട് ചേർന്ന് താമസിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ എന്തു ചെയ്യുമെന്ന് അവർ ആലോചിച്ചു. അപ്പോഴത്തെ വിശ്വാസികളുടെ അവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 33 ആം അധ്യായം അൽ അഹ്സാബിലെ പത്താം സൂക്തം പരാമർശിച്ചത് ഇങ്ങനെയാണ്. “ശത്രുസൈന്യം മുകള്‍ഭാഗത്തുനിന്നും താഴ്ഭാഗത്തുനിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം. അപ്പോള്‍ അവിടെ വെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു.”
പ്രവാചകർക്കോ അനുയായികൾക്കോ ഇപ്പോൾ തമ്പടിച്ച ഭാഗത്തുനിന്നും എങ്ങോട്ടെങ്കിലും മാറാൻ സാധിക്കുമായിരുന്നില്ല. ഒപ്പം നിന്ന ജൂതന്മാരുടെ ചതി ഇത്തരമൊരു ഘട്ടത്തിൽ ഏറെ ഭയാശങ്കകൾക്ക് ഇടവരുത്തി. പോരാത്തതിന് കപട വിശ്വാസികളും രംഗത്തെത്തി. അവരുടെ നേതാക്കളിൽ ഒരാളായ മുഅത്തിബുബിൻ ഖുഷൈർ പറഞ്ഞു. മുഹമ്മദ് നബിﷺ പറയുന്നത് കിസ്രയുടെയും കൈസറിന്റെയും ഖജനാവുകൾ കൈക്കുമ്പിളിൽ എത്തിച്ചേരുകയും അത് അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്യും എന്നാണ്. യഥാർത്ഥത്തിൽ സ്വയം നിലനിൽപ്പ് പോലും ആശങ്കപ്പെട്ടുകൊണ്ടാണ് ഇപ്പോൾ മുസ്ലിംകൾ നിലകൊള്ളുന്നത്. ഇതെത്ര വലിയ വൈരുദ്ധ്യമാണ്. പ്രാഥമികാവശ്യത്തിനു പോലും പുറത്തുപോകാൻ സുരക്ഷയില്ലാത്ത ഇവർ എന്തു മുന്നേറ്റമാണ് അവകാശപ്പെടുന്നത്. കപട വിശ്വാസികളുടെ ഇത്തരം പരാമർശങ്ങളെ അഹ്സാബ് അധ്യായത്തിലെ 12,13 സൂക്തങ്ങൾ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം.
“അല്ലാഹുവും അവന്റെ ദൂതനും നമ്മോടു ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും മനസ്സിന് രോഗം ബാധിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിﷺയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.”
ഏറ്റവും ആത്മധൈര്യത്തോടെയും നയതന്ത്ര പരമായും ഇടപെടേണ്ട ഈ സന്ദർഭത്തിൽ മുത്തുനബിﷺ ആസൂത്രിതമായി ചില നീക്കങ്ങൾ നടത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
