
ശത്രു സൈന്യം കിടങ്ങിന്റെ മറുവശത്ത് എത്തി. താഴ്‌വരകൾ സംഗമിക്കുന്ന സ്ഥലത്ത് ഇന്നത്തെ മസ്ജിദുൽ ഖിബിലത്തൈനിയോട് ചേർന്ന് റൂമ പ്രവിശ്യ വഴി എത്യോപ്യക്കാർ വന്നുചേർന്നു. തിഹാമയിൽ നിന്നും ബനൂ കിനാനയിൽ നിന്നും ഉള്ള സംഘങ്ങളും അവിടെത്തന്നെ എത്തി. നജ്ദിൽ നിന്നുള്ള ആളുകൾ ഉഹ്ദിനോട് ചേർന്ന് നഖമിയിൽ എത്തി. എല്ലാവരും കൂടി ഏകദേശം പതിനായിരത്തിനടുത്ത് വരും.
ഇത്ര ബഹുലമായ ഒരു സൈന്യത്തെ കണ്ടപ്പോൾ വിശ്വാസികളുടെ മനോഗതി എന്തായിരുന്നു എന്നല്ലേ. അതിനുള്ള ആശ്വാസം വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 214 ആം സൂക്തം വിശദീകരിക്കുന്നു. ആശയം ഇങ്ങനെ വായിക്കാം.
“അല്ല, നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെ തന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ദൈവ സഹായം എപ്പോഴാണുണ്ടാവുകയെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലം കൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.”
അപ്പോൾ വിശ്വാസികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: “ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്.” ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്.”
33-മത് അധ്യായം അൽ അഹ്സാബിലെ ഇരുപത്തിരണ്ടാം സൂക്തത്തിന്റെ ആശയമാണിത്.
അങ്ങനെ ഖുറൈശികൾ സഖ്യ സേനയായി താവളം അടിച്ചു. സഖ്യ സേനയുടെ സൂത്രധാരനായ ഹുയയ്യ് ബിൻ അഖ്‌തബ് ബനൂ ഖുറൈളയിലെ കഅബു ബിൻ അസദിനെ സമീപിച്ചു. ഹുയയ്യിനെ കണ്ടതോടെ കോട്ടയുടെ വാതിൽ അടച്ചു. അപ്പോൾ അദ്ദേഹം തുറക്കാൻ ആവശ്യപ്പെട്ടു. കഅബ് വീണ്ടും നിരസിച്ചു. എന്നിട്ട് പറഞ്ഞു നീയൊരു ദുശ്ശകുനമാണ്; അപശപ്തനാണ്. ഞാൻ മുഹമ്മദ് നബിﷺയോടുള്ള കരാർ ലംഘിക്കുകയില്ല. അവരിൽ നിന്ന് ഇതുവരെയും സത്യവും കരാർ പാലനവുമല്ലാതെ ഞാൻ അനുഭവിച്ചിട്ടില്ല. അല്ല തുറക്കൂ ഞാനൊന്നു സംസാരിക്കട്ടെ. നിങ്ങൾ എന്നെ കണ്ടപ്പോൾ വാതിൽ അടച്ചത് നിങ്ങളുടെ ഭക്ഷണത്തിൽ ഞാൻ കൂടി പങ്കാളിയാകും എന്ന് കരുതിയിട്ടാണെങ്കിൽ അതിന് നമുക്ക് പരിഹാരമുണ്ടാക്കാം. അപ്പോൾ കഅബ് വാതിൽ തുറന്നു. ഹുയയ്യ് പറയാൻ തുടങ്ങി. ഇപ്പോൾ ഞാൻ വന്നത് കാലത്തിന്റെ പ്രതാപവും സമുദ്ര സമാനമായ ഉയർച്ചയും കൊണ്ടാണ്. ഖുറൈശികളെയും അവരുടെ നേതാക്കളെയും സകലമാന സാരഥികളെയും കൊണ്ടാണ് ഇപ്പോൾ ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. അവരിവിടെ റൂമയുടെ അടുത്ത് താഴ്‌വരകളുടെ സംഗമത്തിൽ എത്തിയിട്ടുണ്ട്. ഗത്ഫാൻ ഗോത്രവും അവരുടെ നേതാക്കളും ഒന്നടങ്കം ഉഹ്ദിന്റെ ചാരത്ത് നഖമിയിൽ എത്തിക്കഴിഞ്ഞു. ഈ സഖ്യ സൈന്യം മുഴുവനും എന്നോട് കരാർ ചെയ്തു കഴിഞ്ഞു, മുഹമ്മദിﷺനെയും സംഘത്തെയും പരാജയപ്പെടുത്തിയിട്ട് അല്ലാതെ പിന്മാറുകയില്ലെന്ന്. അപ്പോൾ കഅബ് പ്രതികരിച്ചു. നിശ്ചയം നീ ഇന്നത്തെ ഏറ്റവും വലിയ നിന്ദ്യതയും ആയിട്ടാണ് വന്നിട്ടുള്ളത്. പിന്നെയും ഏറെ നേരം ഹുയയ്യ് കഅബുമായി സംസാരിച്ചു. ഒടുവിൽ മുഹമ്മദ് നബിﷺയുമായുള്ള കരാറിൽ നിന്ന് വിട്ടുനിൽക്കാനും ഹുയയ്യിനെ സഹായിക്കാനും ധാരണയായി. ഒരുപക്ഷേ ഖുറൈശികൾ പരാജയപ്പെട്ടാൽ അദ്ദേഹത്തിന് കഅബിന്റെ കോട്ടയിൽ സംരക്ഷണം നൽകാമെന്നും കരാർ ചെയ്തു.
ആ സമയത്ത് അംർ ബിൻ സുഅദാ എന്ന ആൾ ഈ കരാർ ലംഘനത്തിന്റെ ഗൗരവം കഅബിനോട് പറഞ്ഞു. ഈ കരാർ ലംഘനത്തിന്റെ കഥ ഉമർ(റ) അറിയുകയും തൽസമയം തന്നെ നബിﷺയെ അറിയിക്കുകയും ചെയ്തു. നയതന്ത്രപരമായ ഒരു കാര്യമായതുകൊണ്ടും ഒപ്പം നിൽക്കുന്നവർ ശത്രുക്കളോട് ചേരുന്ന ഒരു രംഗമായതുകൊണ്ടും ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. വിവരമറിഞ്ഞ നബിﷺ ആലോചനയിലായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
