
നബിﷺ കുതിരപ്പുറത്തേറി. ഒരു സംഘം മുഹാജിറുകൾക്കും അൻസ്വാറുകൾക്കുമൊപ്പം രംഗങ്ങൾ വീക്ഷിച്ചു. എവിടെയാണ് നേതാക്കൾ താവളമടിക്കേണ്ടതെന്ന് നിരീക്ഷിച്ചു. സൽഉ പർവതം പിന്നിലാക്കുന്ന വിധത്തിൽ നയതന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തി. നബിﷺയും പ്രമുഖ സ്വഹാബികളുമെല്ലാം കിടങ്ങു കീറുന്ന പണിയിൽ വ്യാപൃതരായി. അനസ് (റ) പറയുന്നു: “നബിﷺ അന്നേ ദിവസം കുഴിയെടുക്കുകയും മണ്ണ് ചുമക്കുകയും ചെയ്തു. അവിടുത്തെ തിരുശരീരത്തിൽ അതിന്റെ തരികൾ പതിഞ്ഞ അടയാളങ്ങൾക്കാണാമായിരുന്നു “. ഉമ്മുസലമ (റ) പറയുന്നു. “ഖൻദഖ് ദിവസം ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. നബിﷺ ഇഷ്ടികകൾക്കൊണ്ടുവന്നു. അവിടുത്തെ തിരുകേശങ്ങളിൽ അതിന്റെ പൊടികൾ പടർന്നു. അബൂബക്കറും(റ) ഉമറും(റ) സജീവമായിത്തന്നെ മണ്ണുനീക്കുന്നതിൽ പണിയെടുത്തു. സിദ്ദീഖ് (റ) തന്റെ സ്വന്തം തുണിയിലാണ് മണ്ണ് വഹിച്ച് നീക്കിക്കൊണ്ടിരുന്നത്.
കിടങ്ങിന്റെ പണി നടക്കുമ്പോൾ സ്വഹാബികൾ കവിതകൾ ചൊല്ലി ഈണം പിടിച്ചു. കൂട്ടത്തിൽ വിരൂപിയും എന്നാൽ ഉയർന്ന വ്യക്തിത്വത്തിന്നുടമയുമായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജുആലത് ബിൻ സുറാഖ: (റ) എന്നായിരുന്നു. നബിﷺ ആ പേര് മാറ്റി അംറ് എന്ന് പേരു വച്ചു. അത് പറഞ്ഞുകൊണ്ട് സ്വഹാബികൾ ഇങ്ങനെ പാടി. “സമ്മാഹു മിൻ ബഅദി ജുഐലിൻ അംറൻ
വ കാന ലിൽ ബാഇസി യൗമൻ ളഹ്റൻ”
(ജുഐലിന് അംറെന്ന് ശുഭ നാമവും നൽകി.
ഒരു നാൾ നിരാശർക്ക് അവലംബവും നൽകി.)
കിടങ്ങു കീറുന്നതിനിടയിൽ ഒരു തണുത്ത പ്രഭാതം. നബിﷺ സ്വഹാബികളുടെ അടുത്തത്തി. അവർ ചുമലിൽ മണ്ണ് വഹിച്ച് നീങ്ങുകയാണ്. അവരുടെ പരിശ്രമവും അതോടൊപ്പം വിശപ്പും എല്ലാമൊന്നിച്ചു കണ്ടപ്പോൾ അവിടുന്നിങ്ങനെ പറഞ്ഞു. ”ലാ ഐശ ഇല്ലാ ഐശുൽ ആഖിറ: ഫഗ്ഫിർ ലിൽ അൻസ്വാരി വൽ മുഹാജിറ:”(പരലോക ജീവിതം അതു തന്നെ ജീവിതം./അൻസ്വാർ മുഹാജിറുകൾക്കൊക്കെ പൊറുക്കണേ!) പരലോകജീവിതമാണ് ശരിയും സ്ഥായിയുമായ ജീവിതമെന്നും ഇവിടുത്തെ പ്രാരാബ്ദങ്ങളിൽ പ്രയാസപ്പെടരുതെന്നും അനുചരന്മാരെ ഓർമിപ്പിക്കുകയായിരുന്നു. മാത്രമല്ല, അവർക്കു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തു. നബിﷺ ഒരു കവിത കോർത്തതല്ല, സംഭാഷണം അത്തരമൊരു ഭംഗിയിൽ രൂപപ്പെട്ടതാണ്. അവിടുന്ന് കവിത കോർക്കാനിരുന്നവരോ അല്ലാഹു കുറെ കവിത പഠിപ്പിച്ച് വിട്ടവരോ അല്ല. അതിന്റെ ആവശ്യവും നബിﷺക്കില്ല തന്നെ. ഖുർആൻ തന്നെ ഈ ആശയം പങ്കുവച്ചിട്ടുണ്ട്.
മുത്ത്നബി ﷺ യുടെ തിരുമൊഴികൾക്ക് പ്രതികരണമായി സ്വഹാബികൾ ഇങ്ങനെ പാടി. ”നഹ്നു ല്ലദീന ബായഊ മുഹമ്മദാ…”
ഞങ്ങളോ മുത്ത് നബിﷺക്കു കരാർ നൽകി.
ജീവുള്ള കാലം ഒപ്പമുണ്ടേ ഞങ്ങൾ
ധർമക്കളത്തിലും പോരാട്ടനിരയിലും
ഒപ്പമുണ്ടേ.. ഞങ്ങളൊപ്പമുണ്ടേ..
അനസ് (റ) പറയുന്നു. “രണ്ട് പിടി ഗോതമ്പും അല്പം കാറിയ എണ്ണയുമുണ്ടായിരുന്നു. അത് പാചകം ചെയ്ത് സ്വാഹാബികളുടെ മുന്നിൽ വച്ചു. എണ്ണ കനച്ചതിന്റെ ഗന്ധവും തൊണ്ടയിൽ കെട്ടും സഹിച്ച് വിശപ്പിന്റെ കാഠിന്യത്താൽ അതവർ കഴിക്കാനെടുത്തു വച്ചു “.
ബറാഉ ബിൻ ആസിബ് (റ) പറയുന്നു. “ഖൻദക് മണ്ണു നീക്കം ചെയ്യുന്ന പണിയിൽ നബിﷺയും ഭാഗമായി. മൺപൊടികൾ കൊണ്ട് നബിﷺയുടെ വയറിന്റെ ഭാഗത്ത് ഒരാവരണം പോലെയായിരുന്നു. അതിനിടയിൽ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ വരികൾ ഈണം പിടിക്കുന്നുണ്ടായിരുന്നു. “വല്ലാഹി ലൗലാ അൻത മഹ്തദൈനാ….”
(തങ്ങളില്ലേൽ ഞങ്ങൾ നേർവഴിക്കാകില്ല,
നിസ്ക്കാരമോ ദാനമോ ഒന്നും ചെയ്യില്ല.
ശാന്തിയേകീടണേ അല്ലാഹ്!
ഞങ്ങളിൽ
പാദമുറപ്പിച്ചു ശക്തിയും നൽക നീ
അക്രമം ചെയ്യുന്നു ശിർക്കിന്റെ വാഹകർ
ഞങ്ങൾക്ക് നാശം വിതയ്ക്കുകിൽ കാക്കണേ!)
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
