
യുദ്ധത്തിന്റെ ആരവങ്ങളടങ്ങിയപ്പോൾ കപട വിശ്വാസികൾ അവരുടെ കുതന്ത്രങ്ങൾക്ക് അവസരം പാർത്തു കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് മുറൈസിഇൽ ഒരു ചെറിയ തർക്കമുണ്ടാകുന്നത്. വെള്ളം കോരുന്നതിനെച്ചൊല്ലി അൻസ്വാരികളിൽപ്പെട്ട സിനാനുബിൻ മസ് ഊദും മുഹാജിറുകളിൽപ്പെട്ട ജഹ്ജാഹുമാണ് തർക്കിച്ചത്. അതല്പം മൂർച്ഛിച്ചു. ഒടുവിൽ ജഹ്ജാഹ് സിനാനെത്തല്ലി. സിനാനിന്റെ ശരീരത്തിൽ നിന്ന് ചോരയൊലിച്ചു. സിനാൻ അൻസ്വാരികളെ വിളിച്ചു സഹായം തേടി. ജഹ്ജാഹ് മുഹാജിറുകളെയും വിളിച്ചു. രണ്ടു വിഭാഗത്തിൽ നിന്നും കുറേശ്ശെയാളുകൾ രംഗത്തേക്ക് വന്നു. രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കത്തിലേക്ക് രംഗം വഴിമാറിത്തുടങ്ങി. ആയുധമെടുക്കാനും പുതിയ നാശത്തിനും വേദിയൊരുങ്ങി. പെട്ടെന്ന് നബിﷺ രംഗത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു, “ഇതെന്ത് ? ജാഹിലീയത്തിന്റെ ന്യായങ്ങളിലേക്കാണോ പോകുന്നത്? തന്റെ കക്ഷി ആക്രമിച്ചവൻ ആയാലും ആക്രമിക്കപ്പെട്ടവനായാലും സഹായിക്കുകയോ? ഇതെന്താണ് ഇവിടെ സംഭവിക്കുന്നത്?” വിഷയങ്ങളന്വേഷിച്ചു, എന്നിട്ട് ഒരിക്കൽക്കൂടി ഉണർത്തി. “ആക്രമിക്കപ്പെടുന്നവരെ സഹായിക്കുക, ആക്രമിക്കുന്നവരെ തിരുത്തുക. അതല്ലേ നാം ചെയ്യേണ്ടത്?”
ഈയവസരം ഉപയോഗപ്പെടുത്താൻ അബ്ദുല്ലാഹിബ്നു ഉബയ്യ് തീരുമാനിച്ചു. മുഹാജിറുകളുടെയും അൻസ്വാറുകളുടെയുമിടയിൽ തർക്കം ഉണ്ടാക്കാവുന്ന സംഭാഷണങ്ങൾ നടത്തി. “നിങ്ങളുടെ എല്ലാമെല്ലാം നൽകിയിട്ടും അവസാനം നിങ്ങളെ പരാജയപ്പെടുത്തി. നിങ്ങളിലെരാളെ തല്ലുകയും ചെയ്തിരിക്കുകയാണല്ലോ മുഹാജിറുകൾ ” എന്ന് പറഞ്ഞ് അൻസ്വാറുകളെ പ്രകോപിപ്പിച്ചു. “മദീനയിലേക്ക് മടങ്ങി വന്നാൽ നമുക്ക് കാണാം , ആരാണ് വിജയിച്ചത്, ആരാണ് പരാജയപ്പെട്ടത് എന്നൊക്കെ ” ഇബ്നു ഉബയ്യ് പറയാൻ തുടങ്ങി. അന്ന് അവൻ നടത്തിയ സംഭാഷണങ്ങളുടെ പൊരുൾ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ 63-ാം അധ്യായം എട്ടാം സൂക്തത്തിന്റെ ആശയം നമുക്ക് ഇങ്ങനെ വായിക്കാം.
“അവര്‍ പറയുന്നു: “ഞങ്ങള്‍ മദീനയില്‍ത്തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുക തന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.”
അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ സംഭാഷണം സൈദ് ബിൻ അർഖം (റ) എന്ന ചെറുപ്പക്കാരനായ സ്വഹാബി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വന്നു നബിﷺയോട് വിശദമായി കാര്യങ്ങൾ പറഞ്ഞു. നബിﷺ ചെറുപ്പക്കാരനായ സ്വഹാബിയുടെ ആ സംഭാഷണത്തെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അതിനു വേണ്ടി ഇങ്ങനെ പറഞ്ഞു. “നിങ്ങൾക്ക് കേട്ടത് മാറിയതായിരിക്കും. മനസ്സിലാകാത്തതായിരിക്കും ” എന്നിങ്ങനെ രംഗത്തിന്റെ ഗൗരവം കുറയ്ക്കാനും ഒരു പ്രശ്നം ഇല്ലാതിരിക്കാനുള്ള എല്ലാ സാധ്യതകളും നബിﷺ പറഞ്ഞു നോക്കി. പക്ഷേ, സൈദ് (റ) അല്ലാഹുവിനെ സാക്ഷി നിർത്തി തറപ്പിച്ചു തന്നെ കാര്യങ്ങൾ നബിﷺയോട് സംസാരിച്ചു. കേട്ടു നിന്ന ഉമർ (റ) ഇടപെട്ടുകൊണ്ട് പറഞ്ഞു. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, അവന്റെ ശിരസ്സെടുക്കാൻ വേണ്ടി അബ്ബാദ് ബിൻ ബിശ്റിനോട് അവിടുന്ന് കൽപ്പിച്ചാലും “.
“എന്നിട്ട് വേണം മുഹമ്മദ് നബിﷺ ആളുകളെ കൊല്ലാനും കൊല്ലിക്കാനും വന്നയാളാണെന്നു പറയാൻ ” എന്ന് നബിﷺ അതിനോട് പ്രതികരിച്ചു.
ഇത്രയുമായപ്പോഴേക്കും അബ്ദുള്ളാഹിബ്നു ഉബയ്യ് നബിﷺയുടെയടുക്കൽ വന്നു. അയാൾ നടത്തിയ സംഭാഷണങ്ങളെ നിഷേധിച്ചു. അയാൾ നബിﷺയുടെ മുന്നിൽ കള്ള സത്യം ചെയ്തു. അതുകേട്ടതോടെ കുട്ടിയായ സൈദിനു മാറിപ്പോയതായിരിക്കുമെന്നു അൻസ്വാരികളിൽ ചിലരും മനസ്സിലാക്കി.
നബിﷺയും ഉമറും (റ) തമ്മിലുള്ള പ്രത്യേക സംഭാഷണത്തിനു ശേഷം വേഗം മദീനയിലേക്ക് പുറപ്പെടാമെന്ന് ധാരണയായി. സാധാരണ ചൂടുകാലത്ത് പുറപ്പെടാത്ത സമയത്ത് നബിﷺ ഖസ്വാ എന്ന അവിടുത്തെ ഒട്ടകത്തിന്മേൽ യാത്രതിരിച്ചു. അതിൽപ്പിന്നെ ആദ്യം കണ്ടുമുട്ടിയത് സഅ്ദ് ബിൻ ഉബാദ(റ)യെയായിരുന്നു. അദ്ദേഹം നബിﷺക്ക് സലാം ചൊല്ലി. നബിﷺ സലാം മടക്കിയപ്പോൾ അദ്ദേഹം ചോദിച്ചു. “അല്ലയോ പ്രവാചകരേﷺ! സാധാരണയിൽ ചൂടുകാലത്ത് യാത്ര ചെയ്യാത്ത ഈ സമയം എന്തുകൊണ്ടാണ് അവിടുന്ന് യാത്രയ്ക്ക് തിരഞ്ഞെടുത്തത് ?”
“നിങ്ങളുടെ ആള് പറഞ്ഞതൊന്നും നിങ്ങളറിഞ്ഞില്ലേ?” എന്ന് നബിﷺ അദ്ദേഹത്തോട് പ്രതികരിച്ചു.
“ആരാണ് നമ്മുടെ യാള് എന്ന് പറഞ്ഞാൽ നബിയേﷺ?”
“അത് ആ ഉബയ്യ്, അയാൾ പറയുന്നത് മദീനയിലെത്തിയാൽപ്പിന്നെ പ്രതാപികൾ പതിതരെ പുറത്താക്കുമെന്നാണ് “.
“അതിനെന്താണ് നബിﷺയെ അവിടുത്തേക്കാണല്ലോ അല്ലാഹു പ്രതാപം നൽകിയത്. അല്ലാഹുവിനും തങ്ങൾക്കുംﷺ പിന്നെ വിശ്വാസികൾക്കുമാണല്ലോ പ്രതാപ മുള്ളത് “.
ഇതിനിടയിലാണ് മുനാഫിഖുകളിപ്പെട്ട അബ്ദുല്ലയുടെ മകൻ അബ്ദുല്ല നബിﷺയുടെയടുത്തേക്ക് വരുന്നത്. ഇബ്നു ഉബയ്യിനെ കൊല്ലണമെന്ന ഉമറി(റ)ന്റെ അഭിപ്രായം കേട്ടുകൊണ്ടാണ് മകൻ എത്തിയിട്ടുള്ളത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
