
വേദങ്ങളും ബോധ്യങ്ങളും ഉണ്ടായിട്ടും അവരുടേതായ ചില താല്പപര്യങ്ങൾ കാരണം, അവർക്ക് നബിﷺയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. താത്ക്കാലികമായ വായനകളും പ്രഖ്യാപനങ്ങളും മാത്രമായി അതവസാനിച്ചു. ജൂത വിഭാഗങ്ങൾ മുഴുവൻ കാലക്രമേണ കരാറുകൾ ലംഘിക്കുകയും നയതന്ത്ര നീക്കങ്ങൾക്ക് മദീനയും നബിﷺയും നിർബന്ധിതമാവുകയും ചെയ്തു. ഖൻദഖ് സൈനിക പ്രതിരോധത്തിലേക്ക് മദീനയെ നിർബന്ധിച്ചത് അത്തരം ഒരു സാഹചര്യമായിരുന്നു.
ഖൻദഖിനെക്കുറിച്ച് പറയുന്നതിന് മുമ്പ് ബദറുൽ മൗഇദ് എന്ന ഒരു നയതന്ത്ര നീക്കം കൂടി നമുക്ക് വായിക്കാനുണ്ട്.
ഉഹ്ദ് കഴിഞ്ഞ വേളയിൽ ഇനി നമുക്ക് ബദറുസ്സഫ്രാഇൽ വച്ചു കാണാം എന്ന് പറഞ്ഞുകൊണ്ടാണ് ഖുറൈശികളുടെ നേതാവ് അബൂസുഫ്‌യാൻ പോയത്. അറബികളുടെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഒരു മഹാ സംഗമമാണ് ബദറു സഫ്രാ. ഉമർ (റ) ഈ വെല്ലുവിളിയെ സ്വാഗതം ചെയ്തു. ഹിജ്‌റ നാലാം വർഷം ദുൽഖഅദ് മാസമായി. രണ്ടായിരം അംഗങ്ങളും അൻപതു കുതിരകളുമുള്ള സൈന്യത്തെ അബൂസുഫ്‌യാൻ സജ്ജീകരിച്ചു.
ദിവസങ്ങൾ അടുത്ത് വരുംതോറും അബൂസുഫ്‌യാന് ഈ നീക്കത്തോട് താല്പര്യം കുറഞ്ഞു വന്നു. ഒരു മഹാ സൈന്യത്തെ ഒരുക്കി മുസ്‌ലിംകളെ ഭയപ്പെടുത്തുകയും നിലയ്ക്ക് നിർത്തുകയുമായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ നുഐമു ബിൻ മസ്ഊദ് അൽ അസ്‌ലമി എന്നയാൾ മദീനയിൽ മുസ്‌ലിംകൾ പ്രതിരോധത്തിന് തയ്യാറാകുന്നു എന്നറിയിച്ചപ്പോൾ വീണ്ടും താല്പര്യം കുറഞ്ഞു. ഇടയിലൂടെ കപട വിശ്വാസികൾ പല തെറ്റായ വിവരങ്ങളും പരസ്പരം കൈമാറിക്കൊണ്ടിരുന്നു. ഏതായാലും മുസ്‌ലിംകളെ ഒന്ന് കൈയേറാൻ അവസരം പ്രയോജനപ്പെടുത്താം എന്നവർ വിചാരിച്ചു. ഇനി നമുക്ക് ബദ്റിലേക്ക് പോകാതിരുന്നാലോ എന്ന ചർച്ച നബി സന്നിധിയിലുമെത്തി. പക്ഷേ, പ്രമുഖരായ എല്ലാ സ്വഹാബികളും ഒരു പ്രതിരോധത്തിന്റെ അനിവാര്യത നബിﷺയോട് പങ്കുവച്ചു. അതിൽ നബിﷺ സന്തോഷിക്കുകയും ബദ്റിലേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ ഉറയ്ക്കുകയും ചെയ്തു. നബിﷺ പുറപ്പെടാൻ തന്നെ തയ്യാറായി. മദീനയിലെ കാര്യ നിർവഹണങ്ങളുടെ ഉത്തരവാദിത്തം അബ്ദുല്ലാഹിബ്നു ഉബയ്യ് ബിൻ സലൂലി(റ)നെ ഏൽപ്പിച്ചു. മുഹമ്മദ് ബിനു ഉമർ (റ) പറഞ്ഞത് അബ്ദുല്ലാഹിബിനു റവാഹ(റ)യെയാണ് ഏൽപ്പിച്ചത് എന്നാണ്.
അഞ്ഞൂറ് അംഗങ്ങളോടൊപ്പം നബിﷺ ബദ്റിലേക്ക് പുറപ്പെട്ടു. പത്തോളം കുതിരകൾ സൈന്യത്തോടൊപ്പമുണ്ടായിരുന്നു. നബിﷺ, അബൂബക്കർ (റ), ഉമർ (റ), അബൂ ഖതാദ (റ), സഈദ് ബിൻ സൈദ് (റ), മിഖ്ദാദു ബിൻ അൽ അസ്‌വദ് (റ), ഹുബാബു ബിൻ മുന്ദിർ (റ), സുബൈർ ബിൻ അൽ അവ്വാം (റ), അബ്ബാദ് ബിൻ ബിശ്ർ (റ) എന്നിവർ അന്ന് കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. അന്ന് പ്രവാചകരുﷺടെ പതാക വഹിച്ചിരുന്നത് അലി (റ) ആയിരുന്നു. ദുൽഖഅദ് മാസത്തിന്റെ ആരംഭത്തിൽത്തന്നെ ബദ്റിൽ എത്തിയ മുസ്‌ലിംകൾ എട്ടു ദിവസം അബൂസുഫ്‌യാന്റെയും സൈന്യത്തിന്റെയും ആഗമനം പ്രതീക്ഷിച്ചു അവിടെക്കഴിച്ചുകൂട്ടി.
അബൂസുഫ്‌യാന് രംഗം അത്ര പന്തി തോന്നിയില്ല. പുറപ്പെടാനും വയ്യ, പുറപ്പെടാതിരിക്കാനും വയ്യ എന്ന അവസ്ഥയിലായി. ഒടുവിലദ്ദേഹം ഖുറൈശീ നേതാക്കളോട് പറഞ്ഞു. “മുഹമ്മദ്ﷺയും അനുയായികളും പുറപ്പെടാതിരിക്കാൻ അവരെ നിരുത്സാഹപെടുത്തികൊണ്ട് നുഐം ബിൻ മസ്ഊദ്നെ നാം മദീനയിലേക്കയച്ചു. പക്ഷേ, അവർ പുറപ്പെടാൻ തന്നെയുള്ള ഒരുക്കത്തിലാണെന്നറിഞ്ഞു. അതുകൊണ്ട് നമ്മളും പുറപ്പെടുക. ഇതറിഞ്ഞിട്ട് അവർ പിന്മാറിയാൽപ്പിന്നെ നമുക്ക് തിരിച്ചു പോരാം. നമ്മളവരെ ഭയപ്പെടുത്തി എന്നാശ്വസിക്കാം. അതല്ല, അവർ വീണ്ടും മുന്നോട്ടു തന്നെയാണെന്നറിഞ്ഞാൽ നമുക്ക് ഇപ്പോഴത്തെ ദാരിദ്ര്യവും പ്രതിസന്ധിയും കാരണം പറഞ്ഞു പിൻവാങ്ങാം “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
