
സല്ലാം ബിൻ മിഷ്കം, ഹുയയ്യ് ബിൻ അഖ്‌തബ്നോട് പറഞ്ഞു, “നിങ്ങളുടെ അഭിപ്രായം തെറ്റാണ്. അപക്വമായ കാര്യമാണ് നിങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ മാറ്റി നിർത്തുന്നത് “.
“പൊന്നു ഹുയയ്യേ , നിങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ നിന്നു പിൻമാറുക. നിങ്ങൾക്കറിയില്ലേ അത് അല്ലാഹുവിന്റെ ദൂതരാﷺണെന്ന് ?. ആ പ്രവാചകﷺന്റെ വിശേഷണങ്ങളെല്ലാം നമുക്കറിയുന്നതല്ലേ? നാം ആ പ്രവാചകനെﷺ പിൻപറ്റുന്നതിനു പകരം അസൂയപ്പെടുകയാണ് ചെയ്തത്. ഇനി നമുക്ക് ആ പ്രവാചകൻﷺ തന്ന സുരക്ഷ മാനിച്ചു പുറത്തേക്കു പോകാം. ചതിപ്രയോഗം ചെയ്യരുതെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്നെ മാനിച്ചില്ല. ഇനി ഇതെങ്കിലും ഒന്നു മാനിക്കുക “.
“നമ്മുടെ സ്വത്തു മുഴുവൻ ഒഴിവാക്കിപ്പോയാൽ നമുക്ക് എന്ത് നിലനിൽപ്പാണുള്ളത് ? സമ്പത്ത് കൂടിയില്ലെങ്കിൽ നമ്മൾ മറ്റു ദരിദ്ര ജൂതന്മാരെപ്പോലെ വഴിയാധാരമാവും. നാം പോകാൻ വിസമ്മതിക്കുകയും മുഹമ്മദ് നബിﷺ വന്നു നമ്മെ കോട്ടയിൽ ഉപരോധിക്കുകയും ചെയ്താൽ ഇപ്പോൾ പോകുന്നത് പോലെ സ്വത്തുകൾ എടുത്തു കൊണ്ടുപോകാൻ നമുക്കാവില്ല. പിന്നീട് നമ്മുടെ ആവശ്യങ്ങൾ അവർ പരിഗണിക്കേണ്ടതില്ല. അതുകൊണ്ട് അതിനൊന്നും വഴിയൊരുക്കാതെ സ്വത്തുകൾ സംരക്ഷിച്ചു മറ്റു സ്ഥലത്തേക്ക് നീങ്ങുക തന്നെ “.
ഉടനെ ഹുയയ്യു പറഞ്ഞു : ” നമ്മിൽ നിന്നു പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ്ﷺ നമ്മെ ഉപരോധിക്കുകയില്ല. പോരാത്തതിന് അബ്ദുല്ലാഹി ബിനു ഉബയ്യ് നൽകിയ വാഗ്ദാനങ്ങൾ നിങ്ങൾ കണ്ടതല്ലേ?”
ഉടനെ സല്ലാം പറഞ്ഞു. “അബ്ദുല്ലാഹിബിന് ഉബയ്യ് പറഞ്ഞതിൽ ഒരു കഥയുമില്ല. അവൻ നമ്മെ തമ്മിൽത്തല്ലിച്ചിട്ടു വീട്ടിൽ കയറിയിരിക്കും. അവൻ മുസ്‌ലിമോ ജൂതനോ അവന്റെ തന്നെ സമുദായത്തിലെ വിശ്വാസിയോ അല്ല. പിന്നെ അവനെ ആരാണ് അംഗീകരിക്കുക?” അപ്പോൾ ഹുയയ്യ് പറഞ്ഞു, “മുഹമ്മദിﷺനോടുള്ള ശത്രുതയും യുദ്ധവും മാത്രമേ എന്റെ മുന്നിലുള്ളൂ “.
“എന്നാൽ ഈ നാടുവിട്ടു പോവുകയും സാമ്പത്തിക നഷ്ടം വരുത്തുകയും കുടുംബങ്ങളെ ബന്ധിയാക്കുകയുമല്ലാതെ ഒരു മിച്ചവുമുണ്ടാകില്ല. പോരാത്തതിന് യുദ്ധവും “. സല്ലാം പ്രതികരിച്ചു. പക്ഷേ, ഹുയയ്യു യുദ്ധത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു.
അങ്ങനെ നിൽക്കുമ്പോഴാണ് സാമൂക് ബിൻ അബിൽ ഹാഖിഖ് എന്നയാൾ ഹുയയ്യിനെ സമീപിച്ചത്. കൂട്ടത്തിൽ ഒരല്പം ബുദ്ധി മാന്ദ്യമുള്ളയാളായിരുന്നു സാമൂക്. അയാൾ ഹുയയ്യിനോട് പറഞ്ഞു. “നീ ഒരു ലക്ഷണക്കേടുള്ളവനാണ്. നീ ഈ ബനൂ നളീറിനെ നശിപ്പിക്കും, ഇല്ലാതെയാക്കും”. ഇത് കേട്ടതും ഹുയയ്യിന് ദേഷ്യം പിടിച്ചു. അയാൾ ഒച്ചവച്ചു. “ബനൂ നളീറിലെ എല്ലാവരും എന്നോട് നേരിടുന്നു. ഒടുവിൽ ഇതാ, ഈ പിരാന്തനും എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു “. ഉടനെ അയാളുടെ സഹോദരങ്ങൾ ഇടപെട്ടു പിന്തുണ നൽകി. “ഹുയയ്യേ നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ, നിങ്ങളെ എതിർക്കുന്നില്ല “.
ഹുയയ്യു തന്റെ സഹോദരൻ ജുദയ്യിനെ നബി ﷺ യുടെ അടുത്തേക്കയച്ചു. എന്നിട്ടറിയിച്ചു. “ഞങ്ങൾ ഇവിടെ നിന്നു പോകാൻ ഉദ്ദേശിക്കുന്നില്ല. സ്വത്തും വീടും ഒഴിവാക്കി ഞങ്ങൾ പോകില്ല. നിങ്ങൾക്കു വേണ്ടത് ചെയ്യാം “.
ശേഷം ജുദയ്യ്, ഇബ്നു ഉബ്ബയ്യിന്റെ അടുത്തേക്ക് പോയി. ഹുയയ്യിന്റെ സന്ദേശം കൈമാറി. അതിങ്ങനെയായിരുന്നു : “ഞങ്ങൾ മുഹമ്മദ്ﷺനോട് യുദ്ധത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ വാഗ്ദാനം ചെയ്ത സഹായം എത്രയും വേഗം എത്തിച്ചു തരണം”.
ജുദയ്യ് ബിൻ അഖ്‌തബ് സന്ദേശവുമായി വരുമ്പോൾ നബിﷺ അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ജുദയ്യ് സന്ദേശം കൈമാറിയതും നബിﷺ തക്ബീർ മുഴക്കി. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി. ഇത് കേട്ടതും അനുയായികളും തക്ബീർ മുഴക്കി. നബിﷺ അനുയായികളോട് പറഞ്ഞു. “ഇതാ ജൂതന്മാർ യുദ്ധത്തിനു തയ്യാറായിരിക്കുന്നു “.
ശേഷം, ജുദയ്യ് അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ അടുത്തേക്ക് പോയി. അയാൾ തന്നോട് ഉടമ്പടിയിൽക്കഴിയുന്ന ചിലരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോഴേക്കും നബിﷺയുടെ ദൂതന്മാർ ബനൂ നളീറിലേക്ക് പോകാനുള്ള വിജ്ഞാപനവുമായി എത്തി. അതുകേട്ടു ഉബയ്യ് പടയങ്കി ധരിച്ചു. കാരണം, ഇബ്നു ഉബയ്യ് പ്രത്യക്ഷത്തിൽ പ്രവാചകർക്കൊപ്പം നിൽക്കുന്ന ആളാണല്ലോ.
ജുദയ്യിന് എന്തുചെയ്യണമെന്നറിയാതെയായി. അയാൾ തന്റെ സഹോദരൻ ഹുയയ്യിനോട് പോയിപ്പറഞ്ഞു. “ഇബ്നു ഉബയ്യിൽ നിന്നു നാശമല്ലാതെ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല “. ശേഷം അദ്ദേഹം നബിﷺയുടെയും ഇബ്നു ഉബയ്യിന്റെയും അടുത്തുപോയ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. അപ്പോൾ ചോദിച്ചു. “ഒടുവിൽ ഇബ്നു ഉബയ്യ് എന്ത് പറഞ്ഞു ?”
“ഗത്ഫാനിൽ നിന്നു തന്നോട് കരാറിലായവർ നമ്മോടൊപ്പം വന്നു ചേർന്നുകൊള്ളും എന്ന് പറഞ്ഞു “.
ജൂതന്മാർക്ക് അപ്പോഴേ അപകടം മണത്തു കഴിഞ്ഞു. ബനൂ നളീറിലേക്ക് പുറപ്പെടാൻ നബിﷺ അനുയായികൾക്ക് ആഹ്വാനം നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
