
ആസ്വിമ് ബിൻ സാബിത് (റ) രംഗത്തിന്റെ ഗൗരവം മനസ്സിലാക്കി. സാധാരണ യാത്രയിൽ കൊണ്ടു നടക്കാറുള്ള അമ്പും വില്ലും കൈവശമുണ്ട്. അതെടുത്തു. ഇനി വേറെ മാർഗമില്ല. ആത്മ ധൈര്യത്തോടെ ആസ്വിമ് ബിൻ സാബിത് (റ) രണ്ട് പ്രാർഥനകൾ നിർവഹിച്ചു.
ഒന്ന്, അല്ലാഹുവേ ഞങ്ങളുടെ ഈ വിവരം അല്ലാഹുവിന്റെ റസൂലിനെ നീ അറിയിക്കേണമേ!
രണ്ട്, എന്റെ ശരീരം ശത്രുക്കൾക്ക് നീ വിട്ടുകൊടുക്കരുതേ നാഥാ!
ആസ്വിം (റ) ഇത്തരമൊരു പ്രാർഥന നടത്താൻ ഒരു കാരണമുണ്ട്. ഉഹ്ദിൽ ഹിന്ദ് ഹംസ(റ)യോട് നടപ്പിലാക്കിയ പ്രതികാരം ആസ്വിമി(റ)നറിയാമായിരുന്നു. ഹിന്ദിനെപ്പോലെ പ്രതിജ്ഞയെടുത്ത മറ്റൊരു പെണ്ണുകൂടിയുണ്ട്. സുലാഫ: എന്നാണവളുടെ പേര്. അവൾ ഓർത്തു വച്ചിരിക്കുന്ന പേര് ആസ്വിമി(റ)ൻ്റേതായിരുന്നു. ആ രംഗം നമുക്കിങ്ങനെ വായിക്കാം : “സുലാഫ: പടക്കളത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അതാ, ഭർത്താവ് കൊല്ലപ്പെട്ടു കിടക്കുന്നു ! മുസാഫിർ , കിലാബ് എന്നീ രണ്ടാണ്മക്കളും കൊല്ലപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ മകൻ ജൂലാസ് മരണത്തോട് മല്ലടിക്കുന്നു. അവൾ മകനോട് ചോദിച്ചു, ‘ആരാണ് നിങ്ങളെ നേരിട്ടത് ‘. അദ്ദേഹം പറഞ്ഞു , ‘ആസ്വിമ്ബ്നു സാബിതാ(റ)ണ് ‘. അപ്പോഴവൾ പ്രതിജ്ഞയെടുത്തു. ‘ആസ്വിമി(റ)നെ ഞാൻ കൊന്നു തലയോട്ടിയിൽ മദ്യപിക്കും’. ഈ പ്രതിജ്ഞയാണ് ആസ്വിമ(റ)പ്പോൾ ഓർത്തെടുത്തത്. ‘ആരെങ്കിലും ആസ്വിമി(റ)നെ വധിച്ചോ ബന്ധിയായോ എത്തിച്ചാൽ നൂറൊട്ടകം അവർക്ക് ഇനാമായി നൽകും’ എന്നുകൂടി സുലാഫ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും ആസ്വിമി(റ)ന്റെ ശിരസ്സ് നൽകി സമ്മാനം വാങ്ങാൻ കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ആസ്വിം (റ) അല്ലാഹുവിനോട് പ്രത്യേകമായ ഈ പ്രാർഥന നിർവഹിക്കുന്നത്.
ആസ്വിമും(റ) കൂട്ടുകാരും മലമുകളിൽ നിന്നു കഴിയുമ്പോലെ പ്രതിരോധിച്ചു. നൂറുപേരോട് ആറുപേർ എന്തുചെയ്യാനാണ്? അധികം വൈകിയില്ല. മൂന്നുപേർ കൊല്ലപ്പെട്ടു. ആസ്വിം (റ) , മർസദ് (റ) ഖാലിദ് ബിൻ ബുഖൈർ (റ) എന്നിവരായിരുന്നു ആ മൂന്നു പേർ.
ആസ്വിമ് (റ) വധിക്കപ്പെട്ടതും ആ ശരീരം എടുത്തു കൊണ്ടുപോയി ഇനാം വാങ്ങാനാളുകൾ തിരക്ക്കൂടി ഓടിയെത്തി. അപ്പോഴേക്കും ഒരദ്ഭുതം അവിടെ സംഭവിച്ചു. ‘ഒരു കടന്നൽ പറ്റം വന്ന് മഹാനവർകളുടെ മൃതശരീരം പൊതിഞ്ഞു’. ആർക്കും അടുക്കാൻ പറ്റാത്ത വിധം അത് സുരക്ഷിതമായി. അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണം ഈ വിധം ഉണ്ടാകുമെന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ട്.
“തങ്ങളുടെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല.” എഴുപത്തിനാലാം അധ്യായം മുപ്പത്തിയൊന്നാം സൂക്തം നൽകുന്ന സന്ദേശത്തിന്റെ ഭാഗമാണിത്.
അവർക്കറിയുന്ന തന്ത്രങ്ങൾ മുഴുവൻ പയറ്റി നോക്കിയെങ്കിലും കടന്നൽക്കൂട്ടത്തെ ആട്ടിയകറ്റാൻ പറ്റിയില്ല. രാത്രിയായാൽ കടന്നൽ അകന്നു പോകുമെന്ന് കരുതി ആളുകൾ കാത്തു നിന്നു. പക്ഷേ, രാത്രിയായപ്പോൾ മറ്റൊരദ്ഭുതം കൂടി സംഭവിച്ചു ! ശക്തമായ മഴ പെയ്യാൻ തുടങ്ങി. അന്നുവരെ അങ്ങനൊരു മഴയുണ്ടായിട്ടില്ലെന്നു പ്രായമുള്ളവർപ്പറയാൻ മാത്രം ശക്തമായിരുന്നു ആ മഴ. അധികം വൈകിയില്ല. വലിയ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ആ പ്രളയം ആസ്വിമി(റ)ന്റെ മൃതശരീരത്തെ വഹിച്ചുകൊണ്ടൊഴുകി. ഒരാൾക്കും പിന്നെയാ ശരീരത്തെ പ്രാപിക്കാനായില്ല. ഈ വാർത്ത കേട്ട ഉമർ (റ) പിന്നീട് പറഞ്ഞു. ‘യഥാർഥ വിശ്വാസിയായ ദാസനെ ജീവിതകാലത്ത് സംരക്ഷിച്ച പോലെ മരണാനന്തരവും അല്ലാഹു കാത്തു രക്ഷിക്കും’.
കൊല്ലപ്പെട്ടവർക്ക് ശേഷം ബാക്കിയുള്ള മൂന്നു പേർ മലമുകളിൽത്തന്നെ തുടർന്നു. താഴ്‌വാരത്ത് ശത്രുക്കളവരെ വിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവരുടെ പിടിയിൽ അകപ്പെട്ടു. അബ്ദുല്ലാഹിബിനു ത്വാരിഖ് (റ), സൈദ് ബിൻ ദസിന: (റ), ഖുബൈബ് ബിൻ അദിയ്യ് (റ) എന്നിവരായിരുന്നു മൂന്നുപേർ. ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് താഴേക്ക് വിളിച്ചു കൊണ്ടിരുന്നവർ മൂന്നു പേരെയും വിലങ്ങു വച്ചു. പരുഷമായിപ്പെരുമാറി. ഉടനെ അബ്ദുല്ലാഹിബിനു ത്വാരിഖ് (റ) പറഞ്ഞു . ‘ഇതാദ്യത്തെ വഞ്ചനയാണ്. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല’. വിലങ്ങിൽ നിന്ന് കൊണ്ട് തന്നെ മഹാനവർ അവരോട് പ്രതികരിച്ചു. അപ്പോഴേക്കും അവർ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഇനി രണ്ട് പേർ മാത്രമേ ബാക്കിയുള്ളൂ..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
