
ഉഹ്ദിന്റെ അനന്തരമുണ്ടായ രാഷ്ട്രീയ വിചാരങ്ങളും സ്ഥിതിഗതികളും നാം വായിച്ചു. ഒളിഞ്ഞിരുന്ന പലവിരോധികളും ചിലത് പ്രതീക്ഷിച്ച് രംഗത്തേക്ക് വന്നു. മദീനയുടെ ഉള്ളിലും പരിസര പ്രദേശങ്ങളിലുമെല്ലാം ആ അനുരണനങ്ങൾ ഉണ്ടായിരുന്നു. അവരിൽ പലരെയും മദീനയിലേക്ക് പുറപ്പെടും മുമ്പ് മാളത്തിൽത്തന്നെ പ്രതിരോധിക്കുക എന്നതായിരുന്നു നബിﷺ സ്വീകരിച്ച രീതി. അതിന്റെ ഭാഗമായിട്ടാണ് ഖാലിദ് ബിൻ സുഫ്‌യാൻ അൽ ഹുദലിയെ അബ്ദുല്ലാഹിബിൻ ഉനൈസ് (റ) വകവരുത്തിയത്.
അതിനെത്തുടർന്ന് ഹുദൈൽ ഗോത്രത്തിൽ പുതിയ ഒരന്തരീക്ഷം രൂപപ്പെട്ടു. ഖാലിദിന്റെ നിർബന്ധത്തിന് വഴങ്ങി മുസ്‌ലിംകളെ അക്രമിക്കാനിറങ്ങിയവർ മെല്ലെ രംഗം വിട്ടു. എന്നാൽ, ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതികാര നടപടികൾക്ക് ലക്ഷ്യം വച്ചവർ ചില കുതന്ത്രങ്ങളും കൗശലങ്ങളും പ്രയോഗിച്ച് ഇസ്‌ലാമിനും മദീനയ്ക്കുമെതിരെത്തിരിഞ്ഞു. ഹുദൈലിന്റെ സമീപ ഗോത്രങ്ങളായ ഉദൽ , ഖാർറ എന്നിവ അയൽ ഗോത്രങ്ങളെ കൂട്ടു പിടിച്ചു. അവർക്ക് വലിയ വാഗ്ദാനം നൽകി. അവർ ഒരുമിച്ച് ചില പദ്ധതികൾ തയ്യാറാക്കി. അതിന്റെ ഭാഗമായി അവരിൽ ചിലർ ഇസ്‌ലാം അഭിനയിച്ച് മദീനയിൽക്കടന്നു. പ്രവാചകർﷺയെ സമീപിച്ച് സ്വഹാബികളിൽ നിന്നുള്ള പ്രബോധക സംഘങ്ങളെ ആവശ്യപ്പെട്ടു. ഇസ്‌ലാം എത്തിച്ചു കൊടുക്കാൻ ഒരു സംഘത്തെ വേണമെന്നു പറഞ്ഞാൽ ആവേശപൂർവം നബിﷺ ആ അപേക്ഷ സ്വീകരിക്കുമായിരുന്നു. അതവർ തിരിച്ചറിഞ്ഞു. ഇത്തരമുള്ള ചതിപ്രയോഗങ്ങൾ വേദക്കാരുടെയും ഒരു ശൈലിയായിരുന്നു. ഖുർആൻ അത് പരാമർശിക്കുന്നുണ്ട്. മൂന്നാമധ്യായം ആലുഇംറാനിലെ എഴുപത്തിരണ്ടാമത്തെ സൂക്തത്തിന്റെ ആശയം ഇപ്രകാരം വായിക്കാം.
“വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: “ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. സായാഹ്നത്തില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം”.
ഹിജ്റയുടെ നാലാം വർഷം സഫർ മാസത്തിൽ ഹുദൈൽ ഗോത്രത്തിലെ ചിലർ നബിﷺയെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. “ഞങ്ങൾക്ക് മതകാര്യങ്ങൾ പഠിപ്പിച്ചു തരാൻ ഒരു സംഘത്തെ അയച്ചു തരണം “. നബിﷺ ആവേശപൂർവം അത് സ്വീകരിച്ചു. ആറു പേരടങ്ങുന്ന ഒരു സംഘത്തെ ; ചില നിവേദന പ്രകാരം ഒരു പത്തംഗ സംഘത്തെ നബിﷺ അവർക്കൊപ്പം നിയോഗിച്ചു. മദീനാ പളളിയിൽ ഏറെ നേരവും നബിﷺയോടൊപ്പം സഹവസിച്ചിരുന്ന തിണ്ണവാസികൾ അഥവാ അഹ് ലുസ്സുഫ്ഫയിലെ അംഗങ്ങളെയാണ് പ്രബോധക സംഘത്തിൽ നിയോഗിച്ചത്. മർസദ് ബിൻ അബി മർസദ് അൽ ഗനമി (റ), ഖുബൈബ് ബിൻ അദിയ്യ് (റ), ആസിമ് ബിൻ സാബിത് (റ), സൈദ് ബിൻ ദസിന (റ), അബ്ദുല്ലാഹി ബിൻ ത്വാരിഖ് (റ), ഖാലിദ് ബിൻ ബുഖൈർ അല്ലൈസി (റ) എന്നീ ആറു പേരാണ് സംഘത്തിലെ പ്രമുഖർ. സംഘത്തിന്റെ നേതാവായി നിശ്ചയിച്ചിരുന്നത് മർസദ്(റ)നെയായിരുന്നു. ബദ്റിലേക്കുള്ള യാത്രയിൽ നബിﷺയോടൊപ്പം വാഹനത്തിന്റെ ഊഴം പങ്കുവച്ച സ്വഹാബിയായിരുന്നു ഇത്. മക്കയിൽ നിന്ന് ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ പൂർവകാല പ്രണയകഥയിൽ ഈ സ്വഹാബിയെ നാം പ്രതിപാദിച്ച് പോയിട്ടുണ്ട്.
ഒപു ഗോത്രക്കാരനായ ആസ്വിമ് ബിന് സാബിതി(റ)ന്റെ നേതൃത്വത്തിൽ പത്തംഗ സംഘമായിരുന്നു എന്നും പ്രബലമായ മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
ഹുദൈൽ ഗോത്രത്തിൽ നിന്നുള്ള പ്രതിനിധികൾ ഈ സംഘത്തെയും കൂട്ടി റജീഅ എന്ന പ്രദേശത്തേക്കാണ് പോയത്. ഒരു തടാകത്തിന്റെ പേരിനോട് ചേർത്താണ് ഈ സ്ഥലം ഇങ്ങനെ അറിയപ്പെടുന്നത്. വഞ്ചകന്മാരായ ഹുദൈൽക്കാരുടെ പദ്ധതി പ്രകാരം റജീഇലെത്തിയ പ്രബോധക സംഘത്തെ ബനൂ ലീഹിയാൻ ഉപഗോത്രത്തിലെ നൂറ്റമ്പതംഗ ആയുധധാരികൾ വളഞ്ഞു. അപ്പോഴാണ് മുസ്‌ലിം സംഘത്തിന് ഇത് ചതിയായിരുന്നുവെന്ന് ബോധ്യമായത്. നിരായുധരായ സ്വഹാബികൾ നിസ്സഹായരായി അടുത്തുള്ള മലമുകളിലേക്ക് ഓടിക്കയറി. അപ്പോൾ താഴ്‌വാരത്ത് നിന്ന് ഹുദൈലുകാർ വിളിച്ചു പറഞ്ഞു, “ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യില്ല. അല്ലാഹു സത്യം ! ഞങ്ങൾ നിങ്ങളെ വധിക്കുകയില്ല”. ഉടനെ ആസ്വിം (റ) വിളിച്ചു പറഞ്ഞു. “ഞങ്ങൾ നിങ്ങളെ വിശ്വസിക്കില്ല. നിങ്ങൾ നബി ﷺ യെ കള്ളം പറഞ്ഞ് പറ്റിച്ചവരാണ്. നിങ്ങളെ വിശ്വസിക്കാൻ കൊള്ളുന്നവരല്ല..”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
