
ഖാലിദ് ബിൻ വലീദിനെ ഇസ്‌ലാമിലേക്ക് ചിന്തിപ്പിച്ചതിന് പ്രേരകമായ ഒരു സംഭവം കൂടിയായിരുന്നു. പടക്കളത്തിൽക്കണ്ട നിസ്ക്കാരം. ഇസ്‌ലാമിലേക്ക് വന്നതിന് ശേഷം പിൽക്കാലത്ത് ഖാലിദ് ബിൻ അൽവലീദ് (റ) പറഞ്ഞ മറ്റൊരു പ്രസക്തമായ പരാമർശം കൂടിയുണ്ട്. “മുഹമ്മദ് നബിﷺയെ കെണിയിൽപ്പെടുത്താൻ ഞാൻ പലപ്പോഴും പല തന്ത്രങ്ങളും പയറ്റി നോക്കിയിട്ടുണ്ട്. പക്ഷേ, അഭൗതികമായ ഒരു സുരക്ഷാകവചം തങ്ങളെ സംരക്ഷിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കാരണം, എല്ലാ തന്ത്രങ്ങളും ഒടുവിൽ പാളിപ്പോകുമായിരുന്നു “.
നമുക്ക് അബ്ദുല്ലാഹി ബിൻ ഉനൈസി(റ)ലേക്ക് വരാം. ‘സ്വലാത്തുൽ ഖൗഫ്’ ആദ്യമായി നിർവഹിച്ച വ്യക്തി എന്ന പരാമർശവും മഹാനവർകളെക്കുറിച്ചു വന്നിട്ടുണ്ട്. അദ്ദേഹം ഹുദൈൽ ഗോത്രത്തലവൻ ഖാലിദ് ബിൻ അബ്ദില്ല അൽ ഹുദലിയെ ലക്ഷ്യം വച്ച് നീങ്ങുകയാണ്. അൽപ്പം ഉൾഭയത്തോടെ അയാളുടെ മുന്നിലെത്തി. അയാൾ തന്റെ കൂടെയുള്ള സ്ത്രീകൾക്ക് ഇടങ്ങൾ നിശ്ചയിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. രൂക്ഷഭാവത്തിൽ അബ്ദുല്ല(റ)യെ ഒന്നു നോക്കിയിട്ട് ചോദിച്ചു. “നിങ്ങൾ ആരാണ്?” അബ്ദുല്ല (റ) പറഞ്ഞു. “ഞാൻ ഖുസാഅ: ഗോത്രത്തിൽ നിന്നുള്ള ആളാണ് “.
“എന്തിനാണ് വന്നത് ?”. അബ്ദുല്ല(റ) തിരിച്ചു ചോദിച്ചു : “നിങ്ങൾ മദീനയിലെ മുഹമ്മദ് ﷺ നെതിരെ പടയൊരുക്കം നടത്തുന്നതായറിഞ്ഞു. അതിനെന്താ?”
“ഞാനൊരു യോദ്ധാവാണ്. ഞാനും ഒപ്പം കൂടാനാഗ്രഹിക്കുന്നു. നബി ﷺ യിൽ നിന്നും അബ്ദുല്ലാഹിബിനു ഉനൈസ്(റ) സമ്മതം വാങ്ങിയത് ഇത്തരം തന്ത്രപരമായ വർത്തമാനങ്ങൾക്ക് വേണ്ടിയായിരുന്നു “.
എന്തായാലും ഖാലിദിന് വലിയ സന്തോഷമായി. ഇങ്ങനെയൊരു ഘട്ടത്തിൽ ഒരു യോദ്ധാവ് ഇങ്ങോട്ട് വന്ന് ചേർന്നതിൽ അയാൾക്ക് വലിയ ആവേശമായി. അബ്ദുല്ല (റ) മധുരതരമായ സംഭാഷണത്തിലൂടെ അയാളെ വശീകരിച്ചു. അയാൾക്കൊപ്പമുള്ളവർ ഓരോരുത്തരായി അവരവരുടെ സങ്കേതങ്ങളിലേക്ക് നീങ്ങി. ഒടുവിൽ ഖാലിദും അബ്ദുല്ല(റ)യും മാത്രമായി. ഇനി അവസരം പാഴാക്കിക്കൂടാ ! അബ്ദുല്ല (റ) നിശ്ചയിച്ചു. അദ്ദേഹത്തിന്റെ വാളെടുത്ത് നിഷ്പ്രയാസം അയാളെ വകവരുത്തി, ദൗത്യം പൂർത്തീകരിച്ചു. അതോടെ ക്രൂരനായ ആ രാജ്യദ്രോഹിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്‌തു. ശേഷം, അതീവ രഹസ്യമായി സ്ഥലം വിട്ടു. പകലിൽ ഒളിച്ചു പാർത്തും രാത്രിയിൽ യാത്ര ചെയ്തും വിജയകരമായി മദീനയിൽത്തിരിച്ചെത്തി. വീട്ടിൽപ്പോയി യാത്രാചടപ്പുകൾ മാറ്റി മദീനാ പള്ളിയിലെത്തി. നബിﷺയെക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനായിരുന്നു പുറപ്പെട്ടത്. പള്ളിയിലെത്തിയതും നബിﷺ അതാ നിൽക്കുന്നു ! അവിടുന്ന് അഭിവാദ്യം ചെയ്തു. “അഫ്‌ലഹൽ വജ്ഹ്..” നിങ്ങളുടെ മുഖം വിജയിക്കട്ടെ. അബ്ദുല്ല (റ) അതേ വാചകത്തിൽ പ്രത്യഭിവാദ്യം ചെയ്തു. “അഫ്‌ലഹ വജ്ഹുക യാ റസൂലല്ലാഹ്ﷺ…” ശേഷം, നബിﷺയുടെ സമീപത്തെത്തി സംഭവങ്ങൾ മുഴുവൻ വിശദീകരിച്ചു. സന്തോഷത്തോടെ നബിﷺ കേട്ടിരുന്നു. സഹചാരിയുടെ ധീരതയെ പ്രശംസിച്ചു. തുടർന്ന് കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അദ്ദേഹത്തിനു ഉപഹാരമായി ഒരു വടി നൽകി. ഉടനെ അബ്ദുല്ല (റ) ചോദിച്ചു, “ഇതെന്താണ്?”
“അന്ത്യനാളിൽ നമുക്കിടയിൽ ഒരടയാളമായിരിക്കും ഇത് ” എന്ന് നബിﷺ മറുപടി നൽകി. ഹിജ്റ അൻപത്തിനാലിൽ ഇഹലോകവാസം വെടിയുന്നത് വരെ അബ്ദുല്ല (റ) ഈ തിരു രംഭം പരിപാലിച്ചു കൊണ്ടു നടന്നു. പ്രധാന മുഹൂർത്തങ്ങളിൽ അത് കൈയൽക്കരുതാൻ മറക്കാറില്ല. ഒടുവിൽ ലോകത്തോട് വിടപറയാൻ നേരം തനിക്കൊപ്പം ഖബറിൽ ഈ വടി കൂടി വയ്ക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. അത് പ്രകാരം നിർവഹിക്കുകയും ചെയ്തു. മുആവിയ(റ)യുടെ കാലത്ത് ശാമിൽ വച്ചാണ് മഹാനവർകൾ അന്ത്യം വരിച്ചത്.
പ്രസക്തമായ ചില ബോധ്യങ്ങൾ നമുക്ക് നിലനിർത്തേണ്ടതുണ്ട്.
ഒന്ന്, ഖാലിദ് ബിൻ അബ്ദില്ലാഹ് അൽഹുദലി രാജ്യക്ഷേമത്തിനും സാമൂഹിക ഭദ്രതയ്ക്കും അനിവാര്യമായ ഒരു ഓപ്പറേഷന്റെ ഭാഗമായിട്ടാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾ കൊല്ലപ്പെടുകയും ഒരു രാജ്യം ശിഥിലമാക്കപ്പെടുകയും ചെയ്യാതിരിക്കാനാണ് അയാളെ വധിക്കേണ്ടി വന്നത്.
രണ്ട്, നബി ﷺ യുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സ്വഹാബികൾ കൽപ്പിച്ച പ്രാധാന്യവും പുണ്യവും എത്രമേൽ വലുതായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
