
നബിﷺ നൽകിയ വിശദീകരണങ്ങൾ കേട്ട ശേഷം അബ്ദുല്ലാഹിബിൻ ഉനൈസ് (റ) ചോദിച്ചു : “അല്ലയോ പ്രവാചകരേ,ﷺ എനിക്കീ ദൗത്യം നിർവഹിക്കാൻ ചില കൗശലങ്ങൾ പ്രയോഗിക്കാനുള്ള അനുമതി നൽകുമോ?”
നബിﷺ സമ്മതിച്ചു. യുദ്ധം കൗശലമാണ് എന്ന് നബിﷺ നേരത്തെത്തന്നെ പറഞ്ഞിട്ടുമുണ്ട്. സ്വഹാബി പുറപ്പെട്ടു. ഹുദൈൽ ഗോത്രത്തിന്റെ ആവാസ കേന്ദ്രത്തിലേക്കെത്തി. നഖ്‌ല പ്രദേശത്തായിരുന്നു അത്. ദൂരെ നിന്ന് രംഗങ്ങൾ നിരീക്ഷിച്ചു. ഖാലിദിന്റെ ഒരു ദൂരക്കാഴ്ച ലഭിച്ചപ്പോൾത്തന്നെ അവന്റെ ഭീകര ഭാവം ഞെട്ടിക്കുന്നതായിരുന്നു. മുത്ത് നബിﷺ പറഞ്ഞതെത്ര സത്യമാണെന്ന് ബിൻ ഉനൈസ് (റ) വിളിച്ചു പറഞ്ഞു.
നിസ്ക്കാരത്തിന്റെ സമയമായപ്പോൾ എങ്ങനെ നിസ്ക്കരിക്കുമെന്നായി അദ്ദേഹം. അപരിചിതനായ ഞാൻ ഈ ദേശത്ത് പരസ്യമായി നിസ്ക്കരിച്ചാൽ നിർവഹിക്കാനുള്ള ദൗത്യത്തിന് ഹാനികരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചു. അത് കാരണം നടന്നു കൊണ്ട് നിർവഹിച്ചു. ഇത്തരം ഭയ ഘട്ടങ്ങളിൽ എങ്ങനെ നിസ്ക്കരിക്കണം എന്ന ഒരധ്യായം തന്നെ ഇസ്‌ലാമിക കർമശാസ്ത്രത്തിലുണ്ട്. “സ്വലാത്തുൽ ഖൗഫ്” എന്നാണിതിന് സാങ്കേതികമായിപ്പറയുക. യുദ്ധഘട്ടങ്ങളിലും മറ്റുമുള്ള ഇത്തരം നിസ്ക്കാരങ്ങൾക്ക് പത്തോളം രൂപങ്ങളുണ്ട്. വിശുദ്ധ ഖുർആൻ നാലാമധ്യായം അന്നിസാഇലെ നൂറ്റി ഒന്ന്, നൂറ്റി രണ്ട് സൂക്തങ്ങൾ ഇത്തരം നിസ്ക്കാരത്തെയാണ് പ്രതിപാദിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം.
“നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നിസ്ക്കാരം ചുരുക്കി നിര്‍വഹിക്കാം. അതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. തീർച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെയാണ്. തങ്ങൾ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നിസ്ക്കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരു കൂട്ടര്‍ തങ്ങളോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നിസ്ക്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് കൂടെ നിസ്ക്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പ്പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് മിന്നലാക്രമണം നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ളേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വയ്ക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവച്ചിട്ടുണ്ട്.”
ഈ സൂക്തത്തിൻ്റെ ഒരു പശ്ചാത്തലം കൂടി ഇവിടെത്തന്നെ വായിക്കാം. ഹുദൈബിയ്യയാണ് രംഗം. ഗസ്ഫാനിൽ വച്ച് മുസ്‌ലിംകളും ശത്രുക്കളും മുഖാമുഖം കണ്ടുമുട്ടി. അപ്പോൾ മധ്യാഹ്ന നിസ്ക്കാരം അഥവാ ളുഹ്റിൻ്റെ സമയമായി. മുസ്‌ലിംകൾ ഒന്നിച്ച് നിസ്ക്കരിച്ചു. ഇത് കഴിഞ്ഞപ്പോൾ അന്ന് ശത്രുപാളയത്തിലുണ്ടായിരുന്ന ഖാലിദ് ബിൻ അൽവലീദ് പറഞ്ഞു. “നമ്മൾ നല്ല ഒരവസരമാണ് നഷ്ടപ്പെടുത്തിയത്. അതാ മുസ്‌ലിംകൾ നിസ്ക്കരിച്ച നേരം നമുക്ക് നന്നായി പ്രയോജനപ്പെടുത്താമായിരുന്നു. അവർ സാഷ്ടാംഗത്തിലായ നേരത്ത് ചാടി വീഴാമായിരുന്നു. പ്രശ്നമില്ല അടുത്ത നേരത്തെ നിസ്ക്കാരമാകുമ്പോൾ നമുക്ക് നോക്കാം. അവർ നിസ്ക്കാരത്തെ അവരുടെ സർവസ്വത്തേക്കാളും സ്നേഹിക്കുന്നവരാണ്. അവർ സന്ദർഭം കാത്തിരുന്നു. അപ്പോഴേക്കും ളുഹറിനും അസ്വറിനും ഇടയിൽ ജിബ്‌രീല്‍ (അ) നബിﷺയെ സമീപിച്ചു. മേലുദ്ധരിച്ച സൂക്തങ്ങൾ അവതരിപ്പിച്ചു കൊടുത്തു. അത് ശത്രുക്കൾ അറിഞ്ഞില്ല. അസ്വർ നിസ്ക്കാരത്തിന് മുസ്‌ലിം സൈന്യം അണി നിന്നു. ശത്രുക്കൾ വില്ലു ്് കുലയ്ക്കാൻ കാത്തിരുന്നു. നിസ്ക്കരിക്കുന്നവർ സാഷ്ടാംഗത്തിലേക്ക് പോകുന്നത് കാത്ത് നിന്നു. അപ്പോഴാണ് യുദ്ധരംഗത്തെ പ്രത്യേകരീതിയിലുള്ള നിസ്ക്കാരം മുസ്‌ലിംകൾ പ്രയോഗിച്ചത്. ഒരു നിരയിലുള്ളവർ സാഷ്ടാംഗം ചെയ്യുമ്പോൾ അടുത്ത നിര നിർത്തത്തിൽ തന്നെ തുടരും. ഈ രീതി കണ്ട് ശത്രുക്കൾ ഇളിഭ്യരായി. അവരുടെ മോഹങ്ങൾ നിഷ്പ്രഭമായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
