Tweet 324

    Tweet 324
    May 4, 2023 • Thursday
    Post Header

    ബഹുദൈവ വിശ്വാസികൾ ഉഹ്ദിൽ നിന്ന് മക്കയിലേക്ക് മടങ്ങുന്ന രംഗം ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നതിങ്ങനെയാണ്. രണ്ട് സംഘങ്ങളും യുദ്ധത്തിൽ നിന്ന് വേറിട്ടപ്പോൾ അബൂസുഫ്‌യാൻ തൻ്റെ കുതിരപ്പുറത്തേറി പർവതമുഖത്തെത്തി. എന്നിട്ട് വിളിച്ചു ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ മുഹമ്മദ്ﷺ ഉണ്ടോ? ഇത് കേട്ട നബിﷺ അനുയായികളോട് പറഞ്ഞു, “നിങ്ങൾ മറുപടി പറയേണ്ടതില്ല “. അബൂസുഫ്‌യാൻ അതേ ചോദ്യം മൂന്നു പ്രാവശ്യം ആവർത്തിച്ചു. തുടർന്നു ചോദിച്ചു. “നിങ്ങളുടെ കൂട്ടത്തിൽ അബൂ ഖുഹാഫയുടെ മകൻ അഥവാ അബൂബക്കർ (റ) ഉണ്ടോ?” അപ്പോഴും നബിﷺ പറഞ്ഞു; “അയാൾക്കുത്തരം നൽകേണ്ടതില്ല. ശേഷമയാൾ ചോദിച്ചു, “നിങ്ങളുടെ കൂട്ടത്തിൽ ഖത്വാബിന്റെ മകൻ അഥവാ ഉമർ (റ) ഉണ്ടോ?” നബി ﷺ പറഞ്ഞു, “അയാൾക്ക് മറുപടി നൽകേണ്ടതില്ല “.
    ശത്രുക്കൾക്കറിയാം ഇസ്‌ലാമിക സമൂഹത്തിന്റെ നിലനിൽപ്പിന്റെ നായകന്മാരാണ് ഇവർ മൂന്നു പേരുമെന്ന്. ഉത്തരം കിട്ടാതിരുന്നപ്പോൾ അബൂസുഫ്‌യാൻ തന്റെ അനുയായികളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു. “അവർ മൂന്നു പേരും കൊല്ലപ്പെട്ടിരിക്കുന്നു. അവർ ജീവിച്ചിരുന്നെങ്കിൽ എന്റെ ചോദ്യത്തിന് അവർ ഉത്തരം നൽകുമായിരുന്നു “. പ്രത്യേകിച്ചും ഉമർ (റ) അങ്ങനെ മറുപടി പറയാതിരിക്കില്ല.
    ഇമാം അഹ്മദി(റ)ന്റെ നിവേദന പ്രകാരം ഇബിൻ അബ്ബാസ് (റ) ഇതിനൊരു തുടർച്ച പറയുന്നതിപ്രകാരമാണ് : “ഒടുവിൽ ഉമർ (റ) നബിﷺയോട് ചോദിച്ചു, ‘ഞാൻ മറുപടി പറഞ്ഞോട്ടെ!’ നബി ﷺ സമ്മതം നൽകി “.
    ഫത്ഹുൽബാരി നൽകിയ വിശദീകരണ പ്രകാരം മൂന്നാമതാണ് നബിﷺ ഉമറി(റ)ന് സമ്മതം നൽകിയത്. അതു പ്രകാരം ഉമർ (റ) മറുപടി പറയാൻ തുടങ്ങി. ‘അല്ലയോ അല്ലാഹുവിന്റെ വിരോധീ! നീ എണ്ണിയവരെല്ലാം ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ തോൽപ്പിച്ചവരെല്ലാം ഇവിടെ ശേഷിച്ചിട്ടുണ്ട് ‘. ഉടനെ അബൂസുഫ്‌യാൻ തന്റെ ദേവനെ വിളിച്ചുപറഞ്ഞു. ‘ഹുബുലേ വാഴുക! നിന്റെ മതത്തെ ജയിപ്പിക്കുക!’ അപ്പോൾ നബി ﷺ ഉമറി(റ)നോട് പറഞ്ഞു. ‘എഴുന്നേറ്റ് അവന് മറുപടി നൽകിക്കോളു!’ ഉമർ(റ) പറഞ്ഞു, ‘അല്ലാഹുവാണ് പ്രതാപവാനും ഉന്നതനും’. അബൂസുഫ്‌യാൻ വീണ്ടും ഹുബുലിനെ വിളിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, ‘ഒരു ദിവസത്തിന് പകരം മറ്റൊരു ദിവസം. ദിവസങ്ങൾ അങ്ങനെയാണ്. ഒരു തോൽവിക്കൊരുജയം; ഒരു നാൾ നിങ്ങൾക്ക് അടുത്ത ഒരുനാൾ ഞങ്ങൾക്ക് . ബദ്ർ നിങ്ങൾക്ക് ജയം; ഉഹ്ദിൽ ഞങ്ങൾക്ക് ജയം. യുദ്ധം അങ്ങനെയാണ് ജയം മാറിയും തിരിഞ്ഞും വരും. ഹൻളലക്ക് പകരം ഹൻളല: അഥവാ അബൂസുഫ്‌യാന്റെ മകൻ ഹൻളല ബദ്റിൽ കൊല്ലപ്പെട്ടു. പകരം ഹൻളല ബിൻ അബീ ആമിർ (റ) ഉഹ്ദിൽ വധിക്കപ്പെട്ടു. അത് പോലെ ഒരാൾക്ക് പകരം മറ്റൊരാൾ യുദ്ധം ഇങ്ങനെയാണ്’. ഉടനെ നബി ﷺ പറഞ്ഞു, ‘അങ്ങനെ തുല്യമാകില്ലെന്ന് പറയൂ ഉമറേ(റ)! നമ്മുടെ സംഘത്തിൽ നിന്ന് കൊല്ലപ്പെട്ടവർ സ്വർഗത്തിലും അവരിൽ നിന്ന് കൊല്ലപ്പെട്ടവർ നരകത്തിലുമാണ് ‘. അബൂസുഫ്‌യാൻ ചോദിച്ചു, ‘അപ്പോൾ നിങ്ങൾ പറയുന്നത് ഞങ്ങൾ പരാജിതരും നിന്ദ്യരുമാണെന്നാണോ? ഞങ്ങൾക്ക് ഞങ്ങളുടെ ദൈവം ‘ഉസ്സ’യുണ്ട്. നിങ്ങൾക്കു ‘ഉസ്സ’ യില്ലല്ലോ?’
    നബി ﷺ പറഞ്ഞു, ‘ഉമറേ(റ) പറയൂ.. അല്ലാഹു ഞങ്ങൾക്ക് രക്ഷകനാണ്. നിങ്ങൾക്ക് രക്ഷകനില്ല’. അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു, ‘ഉമറേ(റ) ഇങ്ങോട്ടൊന്നു വന്നേ!’ നബി ﷺ പറഞ്ഞു. ‘ഉമറേ(റ) , പോയി നോക്കൂ എന്താണെന്ന് !’ ഉമർ (റ) അടുത്തേക്ക് ചെന്നു. അയാൾ ചോദിച്ചു, ‘അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. ഞങ്ങൾ മുഹമ്മദി ﷺ നെ വധിച്ചിട്ടുണ്ടോ?’ ഉമർ (റ) പറഞ്ഞു, ‘അല്ലാഹു സത്യം! നിങ്ങൾക്ക് വധിക്കാനായിട്ടില്ല. നിങ്ങളുടെ ഈ വർത്തമാനം ജീവനോടെയിരുന്ന് അവിടുന്ന് കേൾക്കുന്നുണ്ട്. മുഹമ്മദ്ﷺനെ വധിച്ചു എന്ന് പറഞ്ഞ ഇബ്നു ഖമിഅ:യെക്കാൾ സത്യവാൻ നിങ്ങളാണെന്ന് ഞാൻ മനസ്സിലാക്കുന്നു ഉമറേ(റ)!’ ശേഷം, അബൂസുഫ്‌യാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ‘എനിക്ക് തൃപ്തിയായിട്ടില്ല. അടുത്ത വർഷം ആരംഭത്തിൽ നമുക്കൊരു കൈകൂടി നോക്കാം’. നബി ﷺ പറഞ്ഞു, ‘അതെ, നമുക്കിടയിൽ ഒരു സമയം നിശ്ചയിക്കാം’.
    ശേഷം, അബൂസുഫ്‌യാൻ പിരിഞ്ഞു പോയി. അപ്പോഴാണ് അയാൾ മദീനയെ അക്രമിച്ചേക്കുമോ എന്ന് നബി ﷺ ആശങ്കപെട്ടത്.
    അബൂസുഫ്‌യാൻ നേരേ മക്കയിലേക്ക് പോയി. ഹുബുൽ ദേവനെ പ്രണമിച്ചു. എന്നിട്ട് പറഞ്ഞു, നീ എന്നെ സഹായിച്ചു. മുഹമ്മദി ﷺ ന്റെയും അനുയായികളുടെയും കൈയിൽ നിന്ന് എന്നെക്കാത്തു. ശേഷം, അദ്ദേഹം തലമുണ്ഡനം ചെയ്തു. ഇതിനെല്ലാം ശേഷമാണ് വീട്ടിലേക്ക് പോയത് “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...