Tweet 323

    Tweet 323
    May 3, 2023 • Wednesday
    Post Header

    ഉഹദ് നിരവധി സംഭവങ്ങളുടെയും സന്ദേശങ്ങളുടെയും ചരിത്ര മുഹൂർത്തമായിരുന്നു. പ്രമുഖരായ സ്വഹാബി വര്യന്മാരിൽ പലരുടെയും ജീവാർപ്പണത്തിന്റെ കഥകൾ നമ്മൾ വായിച്ചു കഴിഞ്ഞു . അവർക്കെല്ലാമുണ്ടായിരുന്ന പൊതുവായ വിശേഷണങ്ങൾ ഉറച്ച വിശ്വാസവും നബിﷺയോടുള്ള അതിരറ്റ അനുരാഗവുമായിരുന്നു. അവർ ആത്മാർത്ഥമായി സ്വർഗം വിശ്വസിച്ചു. സ്വർഗം കാംക്ഷിച്ച് അവസാന ശ്വാസം വരെ പരിശ്രമിച്ചു. സ്വന്തം ജീവനാണോ മുത്തുനബിﷺയുടെ ജീവനാണോ പ്രധാനം എന്ന രംഗം വന്നപ്പോൾ മുത്തുനബിﷺക്കു പകരം ഞങ്ങളുടെ ജീവൻ എടുത്തോളൂ എന്നവർ കർമം കൊണ്ട് സാക്ഷ്യപ്പെടുത്തി. സ്വർഗ്ഗത്തിന്റെ സുഗന്ധം ഉഹദ് മലഞ്ചരുവിൽ നിന്ന് തന്നെ ആസ്വദിച്ചു. ഈ ലോകത്തെ ഒരു നിമിഷത്തെ രുചിപോലും കാത്തു നിൽക്കാതെ ഉന്നതങ്ങളിലേക്ക് അവർ പറന്നു.
    പക്ഷെ, അതിനിടയിൽ ചില കപടവിശ്വാസികളും ഭൗതിക താല്പര്യക്കാരും പോർക്കളത്തിൽ എത്തി. പ്രത്യക്ഷത്തിൽ അവരും പോരാളികളായിരുന്നെങ്കിലും അവരുടെ ഉള്ളു കള്ളി മുത്ത് നബിﷺക്കറിയാമായിരുന്നു. അത്തരത്തിൽ ഒരാളായിരുന്നു ഖുസ്മാൻ. അയാൾ ധനികനും പ്രമാണിയുമായിരുന്നു. അയാളെ കുറിച്ച് നബിﷺ പറഞ്ഞു അയാൾ നരകാവകാശിയാണെന്ന്. സ്വഹാബികൾക്ക് അത്ഭുതമായി. കാരണം, അയാളുടെ പ്രത്യക്ഷ ഭാവങ്ങളിൽ ഒരു ന്യൂനതയും അവർക്ക് കാണാനില്ലായിരുന്നു. അയാൾ പടക്കളത്തിൽ അത്ഭുതകരമായ പ്രകടനം കാഴ്ച വെച്ചു. ശത്രു നിരയെ തുളച്ചു കയറി. അവരുടെ അവസാന വരി വരെ എത്തി പൊരുതി. ഇതുകൂടിയായപ്പോൾ സ്വഹാബികൾ പറഞ്ഞു ഇയാൾ സ്വർഗാവകാശിയാണ്. അപ്പോഴും നബിﷺ പറഞ്ഞു ഇയാൾ നരകാവകാശിയാണ്. സായാഹ്നമായി. ഖുസ്മാന്റെ ശരീരത്തിലേക്ക് ശത്രുവിന്റെ ആയുധം പതിച്ചു. അയാൾക്ക്‌ മാരകമായ മുറിവ് പറ്റി. അയാൾക്ക്‌ താങ്ങാനായില്ല. അയാൾ സ്വന്തം വാളെടുത്തു മാറിലേക്ക് കുത്തി. മുതുകിലേക്കതിന്റെ മുനയെത്തി. അയാൾ ആത്മഹത്യ ചെയ്തു. ഇത് നേരിൽ കണ്ട അക്തം എന്ന സ്വഹാബി നബി ﷺ യുടെ അടുത്തേക്കോടിയെത്തി. അല്ലയോ പ്രവാചക പ്രഭോ.. ﷺ അവിടുന്ന് സത്യ ദൂതരാണെന്നു ഇതാ ഒരിക്കൽക്കൂടി ബോധ്യപ്പെട്ടിരുന്നു. അതാ അയാൾ ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ സംഭവം ഇമാം ബുഖാരി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
    അയാൾ സ്ഥാപിതമായ ചില താല്പര്യങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ടായിരുന്നു പോർക്കളത്തിൽ വന്നത്. സത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നില്ല.
    ഉത്തമമായ ഒരാശയത്തിന്റെ സംരക്ഷണമാണ് ഇസ്‌ലാം മുന്നിൽ വെച്ചത്. അത് ലോകനന്മക്ക് വേണ്ടിയായിരുന്നു. മനുഷ്യകത്തിന്റെ ക്ഷേമത്തിന് വേണ്ടിയായിരുന്നു. ഇത്തരം പിന്നാമ്പുറങ്ങളെ അറിഞ്ഞു കൊണ്ട് വേണം ഇസ്ലാമിലെ സംഭവങ്ങളെ വായിക്കാൻ.
    ഉഹദ് സമ്മാനിച്ചത് കുറച്ച് ശുഹദാക്കൾ അഥവാ രക്തസാക്ഷികളെ മാത്രമായിരുന്നില്ല. മറിച്ച്, ഉത്തമമായ ഒരുപാട് സന്ദേശങ്ങളും ആശയങ്ങളും കൂടിയായിരുന്നു. സൈനികപരമായും മറ്റും ചില ക്ഷതങ്ങൾ മുസ്‌ലിം പക്ഷത്തിനുണ്ടായെങ്കിലും അവസാന വിജയം മുസ്ലിം പക്ഷത്തിനു തന്നെയായിരുന്നു. അവസാനഘട്ടത്തിൽ അബൂസുഫ്‌യാന്‍ പിൻവാങ്ങിയതും യുദ്ധാനന്തരം മുശ്‌രിക്കുകൾ നടത്തിയ ചർച്ചകളും ഇതിന് തെളിവായി ചരിത്രകാരന്മാർ എടുത്തു കാണിക്കുന്നു.
    അബൂസുഫ്‌യാന്‍ എന്തുകൊണ്ടാണ് യുദ്ധവിജയം പൂര്‍ത്തിയാക്കാതിരുന്നത് എന്ന ചോദ്യം ചരിത്രത്തിൽ ബാക്കിയാണ്. യുദ്ധവിജയത്തിന്റെ പാതിവഴിയില്‍ അയാള്‍ നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. തിരിച്ചു പോകുന്നത് കണ്ട് അയാള്‍ മദീന കൊള്ളയടിക്കാന്‍ പോവുകയാണോ എന്ന് നബിﷺ സംശയിച്ചു. ഉടനെ അവിടുന്ന് ഒന്ന് രണ്ട് പേരെ ശത്രുസൈന്യത്തിന്റെ പിന്നാലെ അയച്ചു. സൈന്യം യാത്രക്ക് ഒട്ടകമാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ മക്കയിലേക്കായിരിക്കും. കാരണം, അതൊരു ദീര്‍ഘയാത്രയാണല്ലോ. കുതിരകളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതൊരു ഹ്രസ്വയാത്രയായിരിക്കും അഥവാ മദീനയിലേക്കായിരിക്കും. ഇങ്ങനെ കാര്യങ്ങൾ വിലയിരുത്താൻ നബി ﷺ നിർദ്ദേശം നൽകി. അവരെ നിയോഗിച്ച ശേഷം നബിﷺ മരിച്ചവരെ സംസ്‌കരിക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നിട്ടുടനെ മദീനയിലേക്ക് മടങ്ങി. മദീന ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന് യുദ്ധതന്ത്രം നന്നായി വിലയിരുത്തിയ നബി ﷺ നിരീക്ഷിച്ചു. അത് തടുക്കാന്‍ കൂടിയായിരുന്നു ധൃതിയിലുള്ള ഈ മടക്കയാത്ര. മാത്രവുമല്ല, മദീനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പ്രവാചകൻﷺ ഏല്‍പ്പിച്ചത് ഉഹദില്‍ പങ്കെടുത്തവരെ മാത്രമായിരുന്നു. ഉഹദിലേറ്റ പരാജയത്തിന് അവര്‍ എന്ത് വില കൊടുത്തും പകരം വീട്ടുമെന്ന് നബിﷺക്ക് അറിയാമായിരുന്നു. ഈ തെരഞ്ഞെടുക്കപ്പെട്ട സൈനികരുമായി പ്രവാചകന്‍ ﷺ മദീനയുടെ തെക്ക് ഭാഗത്ത് കൂടി അബൂസുഫ്‌യാന്റെ സൈന്യത്തെ പിന്തുടരുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...