
ഉഹ്ദിലെ ശോഭനമായ മറ്റൊരു ചിത്രമാണ് അംറുബിൻ അൽ ജമൂഹി(റ)ന്റേത്. കാലിലെ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. കറുത്ത കാലത്തെ യസ്‌രിബിലെ പൗര പ്രമുഖനായിരുന്നു അദ്ദേഹം. ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്. വിശ്രുതനായ ധര്‍മിഷ്ഠന്‍. ഉന്നത വ്യക്തിത്വത്തിന്റെ ഉടമ !
ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠിക്കുക പതിവുണ്ടായിരുന്നു. പ്രഭാത- പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു അവരുടെ രീതി.
അംറുബ്നുല്‍ ജമൂഹി(റ)ന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്. വിലപിടിച്ച മരത്തടിയില്‍ പണിതതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് അതിനെ പരിപാലിച്ചു.
അംറുബ്നുല്‍ ജമൂഹി(റ)ന് അറുപത് പിന്നിട്ടപ്പോഴാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കിരണങ്ങള്‍ യസ്‌രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്.
മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മിസ്വ്അബുബ്നു ഉമൈര്‍(റ) ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അംറുബ്നുല്‍ജമൂഹി(റ)ന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ് (റ), മആദ് (റ), ഖല്ലാദ് (റ) എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും(റ) മിസ്അബ് (റ) മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു.
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും(റ) ഇസ്‌ലാം മതം സ്വീകരിച്ചു. അംറ് (റ) അറിയാതെയായിരുന്നു ഇതെല്ലാം.
അംറുബ്നുല്‍ ജമൂഹി(റ)ന്റെ ഭാര്യ ഹിന്ദ് (റ) യസ്‌രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉൾക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്‌ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രമാണെന്നവർ തിരിച്ചറിഞ്ഞു. അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. അദ്ദേഹം അവിശ്വാസിയായി മരിക്കേണ്ടി വന്നാല്‍ ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോർത്തവർ സഹതപിച്ചു. അതേസമയം തന്നെ തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്ന ചിന്ത അംറി(റ)നെയും അലട്ടിയിരുന്നു. കാരണം, ഇസ്‌ലാമിക പ്രബോധകനായ മിസ്വ്അബുബ്നുഉമൈര്‍ (റ) വഴി ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുഹമ്മദ് നബിﷺയുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരുന്നു.
അംറ് (റ) തന്റെ ഭാര്യയോട് പറഞ്ഞു: ‘’ഹിന്ദ്….! ഈ പുതിയ മതവുമായി വന്നയാളോട് നമ്മുടെ മക്കള്‍ കണ്ടുമുട്ടാതെ നാം അവരെ ശരിക്കും സൂക്ഷിക്കണം. ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍.’’ ഭാര്യ പറഞ്ഞു: ‘’ശരി, പക്ഷേ, ഒന്നു ചോദിച്ചോട്ടെ. നിങ്ങളുടെ മകന്‍ മുആദ് (റ) അയാളില്‍ നിന്ന് എന്തോ ചിലത് കേട്ടിരിക്കുന്നു. അതെന്താണെന്ന് നിങ്ങൾക്കൊന്ന് ചോദിച്ച് നോക്കിക്കൂടെ? സംശയം തോന്നിയ അംറ് (റ) ചോദിച്ചു. ഞാനറിയാതെ അവൻ മതം വല്ലതും മാറിയോ? അനുകമ്പയോടെ മാത്രം തന്റെ ഭർത്താവിനെ സമീപിച്ച ഹിന്ദ് (റ) പറഞ്ഞു. അതൊന്നുമാവില്ല, പക്ഷേ , എന്തോ ചിലത് അദ്ദേഹത്തിൽ നിന്ന് അവൻ കേട്ടിരിക്കുന്നു.
‘’എങ്കില്‍ മുആദി(റ)നെ വിളിക്കൂ.” അംറ് (റ) കല്‍പ്പിച്ചു.
മുആദ് (റ) വന്നപ്പോള്‍ അംറ് (റ) ചോദിച്ചു : ‘എന്തൊക്കെയാണു ആ മനുഷ്യൻ പറയുന്നത് ?’
മകന്‍ മുആദ്(റ) സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ്(റ) പറഞ്ഞു:
‘’ഹാ! നല്ല രസമുണ്ടല്ലോ കേൾക്കാൻ!അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’’
മുആദ് (റ) പറഞ്ഞു. ‘അതെ, എന്തേ ഉപ്പാ, അദ്ദേഹത്തെ അവിടുന്നൊന്നു നേരിട്ട് കേട്ടു കൂടായിരുന്നോ? ഇതിനകം കുറേയാളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ ചേർന്നു കഴിഞ്ഞു’. “ഞാനെന്റെ മനാത്തിനോട് ഒന്നു ചോദിച്ചു നോക്കട്ടെ! എന്നിട്ട് തീരുമാനിക്കാം “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
