
ഉഹ്ദിന്റെ രണഭൂമിയിൽ നിന്ന് കൗതുകത്തോടെ കേൾക്കുന്ന നാമമാണ് ഹൻളലത് ബിൻ അബീ ആമിറി(റ)ന്റേത്. നേരത്തെത്തന്നെ നബിﷺയുമായി ആത്മബന്ധം കൂടുതലുള്ള അനുചരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. “നാഫഖ ഹൻളല” അഥവാ ‘ഹൻളല കപടവിശ്വാസിയായിപ്പോയി’ എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഏറെ വായിക്കപ്പെടുന്ന ഒരുദ്ധരണിയാണ്. നബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോഴുള്ള ആത്മീയ ഉണർവ് സദസ്സിൽ നിന്ന് വിട്ടുപോകുമ്പോൾ ലഭിക്കുന്നില്ല എന്ന് കണ്ടെത്തി ആത്മീയമായ ഭയത്താൽ സ്വന്തം തന്നെ വിശേഷിപ്പിച്ച പ്രയോഗമായിരുന്നു അത്. ഹൻളല(റ)യുടെ ഈ പ്രയോഗം അബൂബക്കർ (റ)നെയും ആലോചിപ്പിച്ചു. രണ്ടു പേരും ഒരുമിച്ച് നബിﷺയുടെ സന്നിധിയിലെത്തി ആത്മശാന്തി നേടി.
ഉഹ്ദിന്റെ കാഹളം മുഴങ്ങിയ അന്ന് ഹൽളല (റ) മണവാളനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഉഹ്ദിലേക്ക് പുറപ്പെടുന്നതിൽ നിന്ന് ഇളവുണ്ടായിരുന്നു. ജമീല: ബിൻത് ഉബയ്യ് ബിൻ സലൂലാ(റ)യിരുന്നു മണവാട്ടി. മണിയറയിലിരുന്ന ഹൻളല(റ)യ്ക്ക് സമാധാനമായില്ല. അദ്ദേഹം നേരേ പോർക്കളത്തിലേക്ക് പുറപ്പെട്ടു. ശത്രുപക്ഷത്തിന്റെ നേതാവ് അബൂസുഫ്‌യാനെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. അദ്ദേഹത്തോട് യുദ്ധം ചെയ്തു. അയാളുടെ കുതിരയുടെ കാല് വെട്ടി അദ്ദേഹത്തെ നിലത്തിട്ടു. ഉടനെ അബൂസുഫ്‌യാൻ അലമുറയിട്ട് സഹായം തേടി. അബൂസുഫ്‌യാന് നേരെ വാളുയർത്തി നിന്ന ഹൻളല(റ)യെ അസ്വദ് ബിൻ ശദ്ദാദ് കുന്തമെയ്തു. അടുത്ത ഒരു പ്രഹരം കൂടിയേൽപ്പിച്ച് കൊന്നുകളഞ്ഞു. വിവരം നബിﷺയെ അറിയിച്ചു. ഉടനെ അവിടുന്ന് പറഞ്ഞു. ആകാശഭൂമികൾക്കിടയിൽ വച്ച് അദ്ദേഹത്തെ മലക്കുകൾ കുളിപ്പിക്കുന്നത് ഞാൻ ദർശിച്ചു. വെള്ളിപ്പാത്രത്തിൽ മേഘജലം കൊണ്ടാണ് സ്നാനം ചെയ്തത്. സാധാരണയിൽ രക്ത സാക്ഷികൾ കുളിപ്പിക്കപ്പെടാറില്ല. വധിക്കപ്പെട്ട അതേ രീതിയിൽ മറമാടപ്പെടുകയാണ് ചെയ്യുന്നത്. പരലോകത്ത് അതേപടി ഹാജരാകാനുള്ള യാത്രയയപ്പാണത്. ഹൻളല(റ)യുടെ കാര്യത്തിലെ അസാധാരണ വൃത്താന്തം കേട്ട സ്വഹാബികൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ശ്രദ്ധിച്ചു. അപ്പോഴതാ ശിരസ്സിൽ നിന്ന് വെള്ളം ഇറ്റുവീഴുന്നു. നബിﷺയോടവർ കാരണമന്വേഷിച്ചു. അവിടുന്ന് പറഞ്ഞു; “വീട്ടുകാരിയോട് ചോദിച്ചു നോക്കൂ “. അവൾ പറഞ്ഞു. ‘ഞങ്ങളുടെ സ്വകാര്യ സംസർഗാനന്തരം കുളിക്കുന്നതിന് മുമ്പ് പടനാദം കേട്ട് പുറപ്പെട്ടതായിരുന്നു’.
മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു : “ഉഹ്ദിന്റെ രാവിൽ ഹൻളല (റ) പത്നി ജമീല (റ)യോടൊപ്പം മണിയറയിൽ കൂടി. അതിനദ്ദേഹം നബിﷺയോട് അനുമതി വാങ്ങിയിരുന്നു. പ്രഭാത നിസ്ക്കാരം കഴിഞ്ഞയുടനെ അദ്ദേഹം പടക്കളത്തിലേക്ക് പുറപ്പെടാനൊരുങ്ങി. അപ്പോൾ ജമീല (റ) അണച്ചുകൂട്ടി. അവർ സല്ലപിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ജമീല (റ) നേരത്തേ ഏർപ്പാട് ചെയ്ത പ്രകാരം തന്റെ കുടുംബത്തിലെ നാല് കാരണവന്മാരെത്തി.
ഹൻളല(റ)യും ജമീല(റ)യും ഒരുമിച്ചുണ്ടായതിന് അവർ സാക്ഷിയായി. അധികം വൈകിയില്ല അദ്ദേഹം യുദ്ധക്കളത്തിലേക്ക് യാത്രയായി. പിന്നീട്, ജമീല(റ)യോട് ചോദിച്ചു നിങ്ങളെന്തിനാണ് നാല് പ്രതിനിധികളെ വിളിച്ചത്. അവർ പറഞ്ഞു; ‘ഞങ്ങൾ ഒരുമിച്ചു ജീവിച്ചതിന് സാക്ഷികളാവാനാണ്. നാളെയൊരുപക്ഷേ, അതിന്മേൽ ഒരു തർക്കുമുണ്ടായാലോ? കാരണം, ഞാനിന്നലെ രാത്രിയിൽ ഒരു സ്വപ്നം കണ്ടു. ആകാശം പിളർന്ന് അതിലേക്കദ്ദേഹം കടന്നു. ശേഷം, അതടഞ്ഞു. അപ്പോൾ ഞാൻ ചിന്തിച്ചു; ഇതു തന്നെയല്ലേ രക്തസാക്ഷിത്വം ?’ അന്നവർ ഗർഭവതിയായതിൽപ്പിറന്നതാണ് അബ്ദുല്ലാഹിബ്നു ഹൻളല: (റ) ‘മലക്കുകൾ കുളിപ്പിച്ച വ്യക്തിയുടെ മകൻ’ അഥവാ ‘ഗസീലുൽ മലാഇക’ എന്നാണ് പിൽക്കാലത്തദ്ദേഹം അറിയപ്പെട്ടിരുന്നത് “.
എന്തെല്ലാം കൗതുകങ്ങളാണ് ഈ ജീവിതങ്ങൾ അടയാളപ്പെടുത്തിയത്. സ്വാഹാബീ വനിത ജമീല (റ) വരച്ചിട്ട ധിഷണയുടെയും വിശ്വാസ ദൃഢതയുടെയും അധ്യായത്തെ ഏത് ലിപികൊണ്ടാണ് രേഖപ്പെടുത്തേണ്ടത് ?
ഹൻളല(റ)യുടെ പിതാവ് അബൂആമിർ അതേ ഉഹ്ദ് യുദ്ധത്തിൽത്തന്നെ ശത്രു പക്ഷത്തിലെ പ്രമുഖനും നേതാവായ അബൂസുഫ്‌യാന്റെ ഉറ്റമിത്രവുമായിരുന്നു. കൊല്ലപ്പെട്ടു കിടക്കുന്ന മകന്റെ ശരീരത്തിനടുത്തു വന്നു അയാൾ മകനെ പരിചയപ്പെടുത്തി. മകന്റെ ആദർശത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
