
ഉഹ്ദ് സാക്ഷിയായ ചില വേറിട്ട സമർപ്പണങ്ങളുടെ അധ്യായമാണ് നാമിപ്പോൾ വായിക്കുന്നത്. വിശ്വാസത്തിന്റെ ആഴവും പ്രവാചകരുﷺടെ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ സ്വാധീനവുമാണ് ഈ പാഠങ്ങൾ പകർന്നു തരുന്നത്. പ്രമുഖ സ്വഹാബി ഹുദൈഫതുബിനുൽ യമാൻ (റ)വിന്റെ പിതാവ് ഹുസൈലും (റ) സാബിത് ബിൻ വഖ്‌ശും (റ) വയോധികരായിരുന്നു. ഉഹ്ദ് വേളയിൽ അവരെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം കുന്നിൻ പ്രദേശത്ത് താമസിപ്പിച്ചു. അവർ രണ്ടു പേരും പരസ്പരം പറഞ്ഞു : ‘നമുക്കും നമ്മുടെ വാളുകളുമെടുത്ത് പുറപ്പെട്ടാലോ ? നമ്മളെന്തിനാണ് ഒഴിഞ്ഞു നിൽക്കുന്നത് ? നമുക്ക് വേഗം നബിﷺയോടൊപ്പം ചേർന്ന് ധർമ പക്ഷത്ത് പോരാളികളാവാം. സ്വർഗം പ്രാപിക്കാൻ വേണ്ടി പുറപ്പെടാം’. മുസ്‌ലിം പക്ഷത്തേക്ക് നേരെ ചെന്നാൽ അനുമതി നിഷേധിക്കപ്പെടുമോ എന്നു കരുതി അവർ ശത്രു പക്ഷത്തിൻ്റെ ഭാഗത്ത് കൂടി പടക്കളത്തിലേക്ക് പ്രവേശിച്ചു.
സാബിതി(റ)നെ മുശ്‌രിക്കുകൾ വധിച്ചു കളഞ്ഞു. ഹുസൈൽ (റ) മുസ്‌ലിം പക്ഷത്തേക്ക് എത്തിയെങ്കിലും മുസ്‌ലിം പോരാളികൾക്ക് ആളെയറിയില്ലായിരുന്നു. ആളറിയാതെ മുസ്‌ലിംകളുടെ തന്നെ കരങ്ങളാൽ ഹുസൈൽ (റ) കൊല്ലപ്പെട്ടു.
ഉവ്ബത് ബിൻ മസ്ഊദി(റ)ൻ്റെ വെട്ടേറ്റാണത്രെ ഹുസൈൽ (റ) കൊല്ലപ്പെട്ടത്. ഉടനെ ഹുദൈഫ (റ) വിളിച്ചു പറഞ്ഞു, ‘എൻ്റെ വാപ്പയാണല്ലോ ഇത്!’ ഉടനെ അടുത്തുള്ളവർ പറഞ്ഞു, ‘അഹോ! ഞങ്ങളറിഞ്ഞിരുന്നില്ല’.
‘അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരട്ടേ’ എന്ന് പ്രാർഥിച്ചാശ്വസിപ്പിച്ചു. നബി ﷺ ഹുദൈഫ (റ)വിന് പിതാവിന്റെ രക്തമൂല്യം നൽകാൻ നിർദേശിച്ചെങ്കിലും ഹുദൈഫ (റ) പൊതുക്ഷേമത്തിനായി അത് ദാനം ചെയ്തു. ഈ നടപടി നബിﷺയെ ഏറെ സന്തോഷിപ്പിച്ചു. ഉർവ (റ) പറയുന്നു; ‘അവസാന സമയം വരെയും ഹുദൈഫ(റ)യിൽ ഏറെ നന്മകളുണ്ടായിരുന്നു’.
തുടർന്നു വായിക്കാനുള്ള സമർപ്പണത്തിന്റെ മറ്റൊരു കഥയാണ് മുഖൈരീഖുന്നള്‌രി അൽ ഇസ്‌റാഈലി (റ)യുടേത്. യഹൂദികളിൽ വളരെ വിവരമുള്ളയാളായിരുന്നു ഇദ്ദേഹം. വേദങ്ങളിൽ നിന്നദ്ദേഹം നബിﷺയെ തിരിച്ചറിഞ്ഞു. ഇസ്‌ലാമിനോട് അനുകമ്പ പുലർത്തി. അങ്ങനെയിരിക്കെയാണ് നബിﷺ ഉഹ്ദിലേക്ക് പുറപ്പെട്ടത്. ഇതറിഞ്ഞയുടനെ യഹൂദികളെ അദ്ദേഹം സംബോധന ചെയ്തു. അല്ലയോ , യഹൂദരേ! മുഹമ്മദ് നബിﷺയെ സഹായിക്കൽ നമ്മുടെ ബാധ്യതയാണെന്ന് അറിയാമല്ലോ? അപ്പോഴവർ ചോദിച്ചു, ‘ഇന്ന് ശനിയാഴ്ചയല്ലേ?’
‘എന്ത് ശനി’ എന്ന് മുഖെരിഖ് (റ) പ്രതികരിച്ചു. ശേഷമദ്ദേഹം പടക്കളത്തിലേക്ക് പുറപ്പെട്ടു. അന്നേരം അദ്ദേഹം അനന്തരാവകാശികളോട് പറഞ്ഞു, ‘ഞാനീ ഇടപെടലിൽ കൊല്ലപ്പെട്ടാൽ എന്റെ സമ്പാദ്യം മുഴുവൻ മുഹമ്മദ് നബിﷺയെ ഏൽപ്പിക്കണം. അവിടുത്തെ താത്പ്പര്യം പോലെ ചെയ്യട്ടെ!’ ആയുധമേന്തി അദ്ദേഹം മുന്നോട്ട് നീങ്ങി. കൊല്ലപ്പെടുന്നത് വരെ അദ്ദേഹം പോരടിച്ചു. നബിﷺ പറഞ്ഞു. “യഹൂദരിൽ നിന്നുള്ള ശ്രേഷ്ഠനാണ് മുഖൈരിഖ് (റ)”.
സുബൈർ (റ) പറഞ്ഞതായി ഇബിനു സഅ്ദ് (റ) നിവേദനം ചെയ്യുന്നു. “മുഖൈരിഖ് (റ) യഹൂദികളിൽ നിന്നുള്ള മുൻനിരക്കാരനാണ്. സൽമാൻ (റ) പേർഷ്യക്കാരിൽ നിന്നും ബിലാൽ (റ) കോപ്റ്റിക്കുകളിൽ നിന്നുള്ള പ്രഥമഗാമികളാണ് “.
‘ഉഖൈശ് ‘ അഥവാ അൽ ഉസ്വൈരിം അംറ് ബിൻ സാബിത് വഖ്ശ് -ന്റെ കഥയും ഇവിടെ തുടർന്നു വായിക്കാനുള്ളതാണ്. ജാഹിലിയ്യാ കാലത്തെ തൻ്റെ ഉപദേഷ്ടാവാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിന് തടസ്സമായിരുന്നത്. അങ്ങനെയിരിക്കെയാണ് അദ്ദേഹം മദീനയിലെത്തുന്നത്. ആ ദിവസങ്ങളിൽ നബിﷺയും അനുചരന്മാരും ഉഹ്ദിലായിരുന്നു. ഉഖൈശ് അന്വേഷിച്ചു : ‘സഅ്ദ് ബിൻ മുആദ് (റ) എവിടെയാണ് ?’ ആളുകൾ പറഞ്ഞു, ‘ഉഹദിലാണ് ‘.
‘അദ്ദേഹത്തിന്റെ സഹോദരന്റെ മക്കളെവിടെ?’
‘അവരും ഉഹ്ദിലാണ് ‘. ഉടനെ ഉഖൈശ് (റ) ഇസ്‌ലാം പ്രഖ്യാപിച്ച് ഉഹ്ദിലേക്ക് പുറപ്പെട്ടു. ആയുധമണിഞ്ഞ് കുതിരപ്പുറത്ത് പടക്കളത്തിലേക്കെത്തിയപ്പോൾ മുസ്‌ലിംകൾ ചോദിച്ചു, ‘എങ്ങോട്ടാണ്?’
‘മാറി നിൽക്കൂ!’ അദ്ദേഹം പറഞ്ഞു. ‘ഞാൻ സത്യവിശ്വാസിയായിരിക്കുന്നു !’
പരുക്കേൽക്കുന്നത് വരെ അദ്ദേഹം ഉറച്ചു നിന്ന് പോരാടി. ഇടയിൽ ചിലർ ചോദിച്ചു. ‘അല്ലയോ , ഉസ്വെരിം(റ) ! നിങ്ങൾ കുലവിദ്വേഷത്തിലാണോ രംഗത്തിറങ്ങിയത്? അതല്ല, ഇസ്‌ലാമിനെ അംഗീകരിച്ചു കൊണ്ടാണോ?’ അദ്ദേഹം പറഞ്ഞു, ‘ഞാൻ ഇസ്‌ലാം താത്പ്പര്യപ്പെട്ട് വന്നതാണ്. ഞാൻ അല്ലാഹുവിനെയും അവൻ്റെ തിരുദൂതനേﷺയും വിശ്വസിച്ചു. ആയുധമേന്തി പോർക്കളത്തിലെത്തി നിങ്ങൾ കാണുന്നത് പോലെയുള്ള പരുക്കുകൾ ഏറ്റുവാങ്ങി’. അധികം വൈകാതെത്തന്നെ അദ്ദേഹം മരണം വരിച്ചു. സ്വഹാബികൾ നബിﷺയെ വിവരമറിയിച്ചു. അവിടുന്ന് പറഞ്ഞു. ” സ്വർഗവാസിയാണ് “. അബൂ ഹുറൈറ (റ) പറയുമായിരുന്നു , ‘ഒരു നേരത്തെ നിസ്കാരം പോലും നിർവഹിക്കാതെ സ്വർഗത്തിൽ പ്രവേശിച്ച ഒരാളെ നിങ്ങളൊന്ന് പറഞ്ഞു തരുമോ? ആരാണെന്ന് ചോദിച്ചാൽ അബ്ദുൽ അശ്ഹലിലെ ഉസ്വൈരി(റ)മാണെന്ന് പറഞ്ഞോളൂ’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
