
ഇതേ താഴ്‌വരയിൽ വച്ച് ഉബയ്യ് വിളിച്ചു പറഞ്ഞ പോലെ ‘മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞ് കുതിച്ചു വന്ന മറ്റൊരാളായിരുന്നു ഉസ്മാൻ ബിൻ അബ്ദില്ലാഹിബ്നുൽ മുഗീറ. ആയുധമണിഞ്ഞ് തന്റെ കറുപ്പും വെളുപ്പുമുള്ള കുതിരപ്പുറത്ത് കൊലവിളി ഉയർത്തി കടന്നു വന്നു. പെട്ടെന്നതാ അവനും കുതിരയും കൂടി ഒരു കുണ്ടിൽച്ചാടി. കുതിര മാത്രം പുറത്തേക്ക് വന്നു. ഉടനെത്തന്നെ ഹാരിസ് ബിൻ അസ്സ്വിമ്മ (റ) അടുത്തെത്തി. ഒരു മണിക്കൂർ അവർ തമ്മിൽ വാൾപ്പയറ്റ് നടത്തി. ഒടുവിൽ ഹാരിസി(റ)ന്റെ വാൾ ഉസ്മാന്റെ കാലിൽ പതിത്തു. അവൻ നിലം പൊത്തി. അവന്റെ ആയുധങ്ങളും പടച്ചട്ടയുമൊക്കെ ഹാരിസ് (റ) അഴിച്ചെടുത്തു. ഉഹ്ദിൽ ഒരു യോദ്ധാവിന്റെ വസ്തുവകകൾ ലഭിക്കുന്നത് ഇയാളിൽ നിന്ന് മാത്രമായിരുന്നു.
താഴ്‌വരയിലെ പോരാട്ടങ്ങൾ കഴിഞ്ഞു. കല്ല് തുരന്നുണ്ടാക്കിയ ജല സംഭരണി അഥവാ മിഹ്റാസിൽ നിന്ന് തോൽപ്പാത്രത്തിൽ വെള്ളം നിറച്ചു കൊണ്ടു വന്നു. നബിﷺക്ക് പാനം ചെയ്യാൻ നൽകി. പക്ഷേ, വെള്ളത്തിന്റെ ഗന്ധം നബിﷺക്ക് പിടിച്ചില്ല. അവിടുന്ന് ആ വെള്ളം കുടിക്കാതെ അത് കൊണ്ട് മുറിവിൽ നിന്ന് രക്തം കഴുകിക്കളയുകയും ശിരസ്സ് നനയ്ക്കുകയും ചെയ്തു. അല്ലാഹുവിന്റെ ദൂതനെﷺ പരുക്കേൽപ്പിച്ചവനോട് അല്ലാഹു ഏറെ കോപിഷ്ടനായിരിക്കുന്നു എന്ന് നബിﷺ പറഞ്ഞുകൊണ്ടിരുന്നു. സ്ത്രീകളുടെ ഭാഗത്ത് വെള്ളമുണ്ടെങ്കിൽ എടുക്കാൻ വേണ്ടി മുഹമ്മദ് ബിൻ മസ്‌ലമ (റ) പോയി നോക്കി. പക്ഷേ, അവിടെയും ലഭിച്ചില്ല. നബിﷺ വല്ലാതെ ദാഹിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ മുഹമ്മദ് ബിൻ മസ്‌ലമ (റ) വാദി ഖനാഥ്വിൽ അഥവാ സമീപത്തുള്ള ഖനാത്വ താഴ്‌വരയിൽ പോയി വെള്ളം കൊണ്ടുവന്നു. നല്ല രുചിയുള്ള വെള്ളം നബിﷺ കുടിച്ചു ദാഹമകറ്റി. അനുഗ്രഹ പ്രാർഥനയും നടത്തി.
ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു : “സഹല് ബിൻ സഅ്ദ്(റ) പറഞ്ഞു. നബിﷺക്ക് പരുക്കുപറ്റിയെന്നറിഞ്ഞ സ്ത്രീകൾ നബിﷺയെത്തേടിയിറങ്ങി. കൂട്ടത്തിൽ മകൾ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. ഉപ്പയെക്കണ്ടമാത്രയിൽ മഹതി ആലിംഗനം ചെയ്തു. രക്തപ്പാടുകൾ കഴുകിക്കൊടുത്തു. വെള്ളം ഒഴിക്കുന്നതിനൊപ്പം രക്തം നിലയ്ക്കാത്തത് കണ്ട മഹതി തഴപ്പായയുടെ ഭാഗം കരിച്ച് ചാമ്പലുണ്ടാക്കി മുറിവിൽ പൊത്തിവച്ചു. അതോടെ രക്തം നിന്നു. അന്നേ ദിവസം നബിﷺ ഇരുന്നാണ് ളുഹർ നിസ്കരിച്ചത്. സ്വഹാബികളും പിന്നിൽ അതുപോലെത്തന്നെ നിസ്ക്കരിച്ചു. ഈ സ്ഥലത്തുള്ള പള്ളിയാണ് മസ്ജിദുൽ ഫസ്ഹ്. ഈ നിസ്ക്കാരത്തിൽ സൗകര്യം കുറഞ്ഞ പള്ളിയിലെ സ്വഫിൽ ഇടം കിട്ടാൻ സ്വഹാബികൾ തിക്കിത്തിരക്കി. സദസ്സിൽ സ്ഥല സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്ന് മുഹമ്മദ് നബിﷺ സ്വഹാബികൾക്ക് നിർദേശം നൽകി. ഇക്കാര്യം പരാമര്‍ശിച്ചു കൊണ്ട് താമസിയാതെ ഖുര്‍ആന്‍ വചനമവതരിച്ചു. അൻപത്തിയെട്ടാം സൂറത്തായ ‘അൽമുജാദില’ യിലെ പതിനൊന്നാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് :
“സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തിക്കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്.” അന്ന് ഉഹ്ദ് താഴ്‌വാരത്ത് നബിﷺയും സ്വഹാബികളും നമസ്ക്കാരം നിർവഹിച്ച മസ്ജിദുൽ ഫസ്ഹിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്.
ഈ സംഭവങ്ങൾക്കിടയിലെ ത്വൽഹത്(റ)വിന്റെ സാന്നിധ്യം ഏറെ പ്രധാനവും ശ്രദ്ധേയവുമാണ്. നബിﷺ അൽപ്പം ഉയർന്ന സ്ഥലത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ അവിടുത്തേക്ക് സാധിക്കുന്നില്ല. ഉടനെ ത്വൽഹ: (റ) ഒരു ലിഫ്റ്റുപോലെ ഇരുന്നു കൊടുത്തു. അല്ലാഹുവിന്റെ ദൂതന്ﷺ വേണ്ടിയുള്ള ഈ ഇടപെടൽ കാരണം, ‘ത്വൽഹ(റ)ക്ക് സ്വർഗം നിർബന്ധമായിരിക്കുന്നു’ എന്ന് നബിﷺ സന്തോഷമറിയിച്ചു.
ഖാലിദ് ബിൻ വലീദും സംഘവും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി തിരിച്ചു വന്നതാണ് ഉഹ്ദിൽ നാശനഷ്ടങ്ങൾ അധികരിപ്പിച്ചത്. പടക്കളത്തിൽ കണ്ടുകൊണ്ടിരുന്ന രംഗങ്ങളെ മുൻനിർത്തി നബി ﷺ അല്ലാഹുവോട് പ്രാർഥിച്ചു. ‘അല്ലാഹുവേ, ഈ ചെറിയ സംഘം പരാജയപ്പെട്ടാൽ നിന്നെ ആരാധിക്കുന്നവർ ഇല്ലാതെയാകും. നീ ഞങ്ങളെ സഹായിക്കേണമേ!’ ഇമാം ഇബ്നു ജുറൈജ്(റ) പറയുന്നു. ഈ സന്ദർഭത്തിലാണത്രെ വിശുദ്ധഖുർആൻ മൂന്നാമധ്യായം നൂറ്റി മുപ്പത്തിയൊൻപതാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം : “നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
