
ബദ്റിലെ ബന്ദികളോടൊപ്പം അൽപനേരം കൂടി സഞ്ചരിക്കാനുണ്ട്. യുദ്ധാനന്തര സമീപനങ്ങളുടെ രീതിശാസ്ത്രം കൂടിയാണ് ഈ അധ്യായം ലോകത്തിന് പകർന്നു നൽകുന്നത്. ഓരോരുത്തരുടെയും അവസ്ഥയും മനോഗതിയും തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു നടപടികൾ സ്വീകരിച്ചത്. ഒരുദാഹരണം കൂടി നോക്കൂ. നൗഫൽ ബിൻ ഹാരിസ് ബിൻ അബ്ദുൽ മുത്തലിബ് നബിﷺയുടെ കുടുംബക്കാരൻ കൂടിയാണ്. അദ്ദേഹത്തോട് നബിﷺ പറഞ്ഞു. നിങ്ങൾ ദ്രവ്യം നൽകി മോചനം സ്വീകരിച്ചോളൂ. അദ്ദേഹം പറഞ്ഞു. മോചനമൂല്യമടയ്ക്കാൻ എന്റെ പക്കൽ യാതൊരു ഗതിയുമില്ല. ഉടനെ നബിﷺ പറഞ്ഞു, ജിദ്ദയിലുള്ള നിങ്ങളുടെ ബന്ധുക്കളുടെ പക്കൽ നിന്ന് ധനം സ്വീകരിച്ചോളൂ. അദ്ദേഹം അത്ഭുതപ്പെട്ടു. അങ്ങനെ ഒരു സാധ്യത ആർക്കുമറിയാൻ ഒരു വഴിയുമില്ല. അല്ലാഹു അറിയിച്ചു കൊടുത്തു എന്നല്ലാതെ ഒരു സാധ്യതയും പ്രവാചകർﷺ പറഞ്ഞ ഈ വിവരത്തിനു പിന്നിൽ കണ്ടെത്താനില്ല. ഉടനെ നൗഫൽ പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ അംഗീകരിക്കുന്നു. ശേഷം മോചനത്തുക നൽകി അദ്ദേഹം സ്വതന്ത്രനായി.
ഒന്നുകൂടി വേറിട്ട ഒരു സംഭവം കൂടിയാണ് അംർ ബിൻ അബ്ദുല്ലാ ബിൻ ഉസ്മാനിന്റേത്. അബൂ ഇസ്സ: അഷ്‌ഷാഇർ എന്നറിയപ്പെട്ടിരുന്ന കവിയാണദ്ദേഹം. വാളിനേക്കാൾ മൂർച്ചയായിരുന്നു അദ്ദേഹത്തിന്റെ വരികൾക്ക്. ഇസ്ലാമിനും പ്രവാചകർﷺക്കുമതിരെ അദ്ദേഹം അത് നന്നായി പ്രയോഗിച്ചു. ബദ്റിൽ പങ്കെടുത്ത അയാൾ പിടിയിലാവുകയും ബന്ദിയാക്കപ്പെടുകയും ചെയ്തു. മോചനത്തിന് വേണ്ടി അയാൾ നബിﷺയോട് കേണപേക്ഷിച്ചു. അയാൾ പറഞ്ഞതിങ്ങനെയാണ്. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! ഞാൻ പ്രാരാബ്ദങ്ങൾ ഏറെയുള്ള ഒരു ദരിദ്രനാണ്. അഞ്ച് പെൺമക്കളാണ് എനിക്കുള്ളത്. അവർക്കായി ഒന്നും കരുതിവെച്ചിട്ടുമില്ല. അവരെയോർത്ത് എന്നോട് ഔദാര്യം ചെയ്യണം.”
നബിﷺ ഈ അപേക്ഷ സ്വീകരിച്ചു. അയാൾ മോചിതനായി. ഇനിയൊരിക്കലും പ്രവാചകർﷺക്കെതിരെ യുദ്ധം ചെയ്യുകയോ ജനങ്ങളെ സംഘടിപ്പിക്കുകയോ ചെയ്യുകയില്ല എന്ന കരാറിന്മേലാണ് അയാൾ പുറത്തിറങ്ങിയത്. ആ സമയത്ത് നബിﷺയെ പ്രകീർത്തിച്ചുകൊണ്ട് അയാൾ ചൊല്ലിയ കവിതാശകലം ഇങ്ങനെയാണ്.
“മൻ മുബ് ലിഗിൻ അന്നിറസൂല മുഹമ്മദൻ
———– ————- ———
ഫ ഇന്നക മൻ ഹാറബ്തഹു ല മുഹാരിബുൻ
ശഖിയ്യുൻ വമൻ സാലം തഹു ല സഈദു”
(എന്റെയീ സന്ദേശം നബിയവർക്കെത്തിക്കാൻ
ആരാണൊരു ദൂതനായ് വന്നെത്തിച്ചേരുക.
സത്യത്തിൻ ദൂതനാണവിടുന്ന് പുണ്യരേ!
പ്രശംസയർഹിക്കുന്ന രാജാവുമാണങ്ങ്
അല്ലാഹുവിൽ നിന്നു സാക്ഷിത്വത്തോടെയായ്
നേർവഴി കാട്ടുന്ന വഴിവിളക്കാണങ്ങ്
ശ്രേഷ്ഠരാം തങ്ങൾക്ക് ഉന്നതങ്ങൾ നൽകി
അല്ലാഹു ഏകിയ മേന്മയും സ്ഥിരതയും
തങ്ങളോടാരേലും യുദ്ധം ചെയ്തെങ്കിലോ
തോൽവിയുറപ്പാണ് നിശ്ചയം തന്നെയും
തങ്ങളോടാരേലും സന്ധിയായെങ്കിലോ
വിജയം സുനിശ്ചിതം വിജയം സുനിശ്ചിതം.)
അധികാരത്തോടെ പറയേണ്ട സ്ഥലത്ത് അധികാരത്തിലും അനുതാപത്തോടെ സമീപിക്കേണ്ടിടത്ത് അനുതാപത്തിലും സമീപിച്ച സുമോഹനമായ ഒരു ചിത്രമാണ് നമുക്കിവിടെ വായിക്കാൻ കഴിയുന്നത്. ഒരു ഭരണാധികാരിയിൽ നിന്നുണ്ടാവേണ്ട സർവ്വതല സ്പർശിയായ ഒരു ഇടപെടലാണ് നബി ﷺ നിർവഹിച്ചത്.
അബൂ ഇസ്സക്കുണ്ടായ ഒരു പരിണിതി കൂടി നമുക്ക് തുടർന്നു വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
