
അബൂ ഇസ്സ: മക്കയിലെത്തി. അയാൾ മോചനം നേടിയ രീതിയും പ്രവാചകരുടെﷺ ഔദാര്യവും അയാൾ മറച്ചുവെച്ചു. അയാൾ പറഞ്ഞു. മുഹമ്മദിﷺനെ ഞാൻ മാരണം ചെയ്തു വശത്താക്കി. അങ്ങനെയാണ് ഞാൻ സ്വതന്ത്രനായത്.
നാളുകൾ കഴിഞ്ഞു. ബദ്റിന്റെ പകരം വീട്ടാൻ മുശ്‌രിക്കുകൾ ഉഹ്ദിലേക്ക് പുറപ്പെടാനൊരുങ്ങി. ഞങ്ങളുടെ കൂടെ നീയും വരണം എന്ന് സഫ്‌വാൻ ബിൻ ഉമയ്യ: അബൂ ഇസ്സ:യോട് പറഞ്ഞു. “ഇല്ല ഞാൻ വരില്ല. മുഹമ്മദ്ﷺ മറ്റാരോടും കാണിക്കാത്ത ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. മുഹമ്മദിﷺനെതിരെ സംഘാടനമോ യുദ്ധമോ നടത്തുകയില്ലെന്ന് ഞാൻ കരാർ ചെയ്തിട്ടുമുണ്ട്.” അബൂ ഇസ്സ പ്രതികരിച്ചു. പക്ഷേ, സഫ്‌വാൻ വിട്ടില്ല. അയാൾ മോഹനമായ വാഗ്ദാനങ്ങൾ നൽകി. നിനക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ മക്കളെ എന്റെ മക്കളെപ്പോലെ തന്നെ ഞാൻ പരിചരിച്ചോളാം. നീ മടങ്ങി വന്നാൽ ഒരായുസ്സിന് മതിയായ സ്വത്ത് നിനക്ക് ഞാൻ നൽകിക്കോളാം എന്നെല്ലാം അവൻ പറഞ്ഞു. ഒടുവിൽ അബൂ ഇസ്സ രംഗത്തിറങ്ങി. ജനങ്ങളെ സംഘടിപ്പിക്കുകയും യുദ്ധപുറപ്പാടിന് ഊർജ്ജം പകരുകയും ചെയ്തു. ഖുറൈശീ സംഘത്തോടൊപ്പം പുറപ്പെട്ട അദ്ദേഹം മുസ്‌ലിംകളുടെ പിടിയിലകപ്പെട്ടു എന്ന് മാത്രമല്ല ഖുറൈശികളിൽ നിന്ന് ഇയാൾ മാത്രമേ ബന്ദിയായി പിടിക്കപ്പെട്ടുള്ളൂ. നബിﷺയുടെ സന്നിധാനത്തിൽ ഹാജരാക്കപ്പെട്ടപ്പോൾ അബൂ ഇസ്സ പഴയ അപേക്ഷ ആവർത്തിച്ചു. ഒരിക്കൽ കൂടി നബിﷺയുടെ ഔദാര്യം ചൂഷണം ചെയ്യാമെന്നയാൾ കരുതി. പക്ഷേ, നബിﷺ അയാളോട് ചോദിച്ചു. “നീയെന്നോട് ചെയ്ത കരാറൊക്കെയെവിടെ? ഒരിക്കൽ കൂടി മുഹമ്മദിﷺനെ കബളിപ്പിച്ചു എന്ന് പറഞ്ഞ് മക്കയിൽ ചെന്ന് ഞെളിയാമെന്നാണ് വിചാരം അല്ലേ? ഒരു സത്യവിശ്വാസിയെ ഒരു മാളത്തിൽ നിന്ന് രണ്ട് പ്രാവശ്യം പാമ്പ് കടിക്കുകയില്ല. നീയെന്താണ് കരുതിയത്?” ശേഷം, വിശ്വാസവഞ്ചനക്ക് വധശിക്ഷ വിധിച്ചു. ആസ്വിമു ബിൻ സാബിതിനെ ശിക്ഷ നടപ്പിലാക്കാൻ ചുമതലയേൽപ്പിച്ചു.
ഒരു നീതിന്യായ വ്യവസ്ഥിതിയുടെയും ഭരണകൂട ക്ഷേമത്തിന്റെയും ഭാഗമായി മറ്റു ചിലർ കൂടി ഈ സന്ദർഭത്തിൽ വധശിക്ഷക്ക് വിധേയരായി. നള്ർ ബിൻ ഹാരിസ്, ഉഖ്ബ ബിൻ അബീ മുഐത്വ് എന്നിവരായിരുന്നു അവർ.
ബദ്ർ യുദ്ധത്തെ തുടർന്ന് വ്യവസ്ഥാപിതമായ ഒരു രാഷ്ട്രഘടനയായി മുസ്ലിം സമൂഹം ഉയർന്നു. അതോടെ ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം പുതിയ വ്യവഹാരങ്ങൾ കൂടി കടന്നുവന്നു. ഒരു രാജ്യത്തിനും ആഗോള സമൂഹത്തിനും ഉണ്ടായിരിക്കേണ്ട നിയമനിർദ്ദേശങ്ങൾ പ്രായോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടായി. അതിൽപെട്ട അധ്യായങ്ങളാണ് യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ കുറിച്ചുള്ള തീരുമാനങ്ങളും സമരാർജിത സ്വത്തിന്റെ വ്യവഹാരക്രമങ്ങളും.
ബദ്റിൽ നിന്നു ലഭിച്ച സ്വത്തിന്റെ അവകാശത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഒരു വിഭാഗം പറഞ്ഞു യുദ്ധാനന്തരം പോർക്കളത്തിൽ നിന്ന് സ്വത്തുകൾ സമാഹരിച്ചവരാണ് അതിന്റെ അവകാശികൾ. ശത്രുക്കളെ പിന്തുടർന്ന് ഓടിച്ചു വിട്ടവർ പറഞ്ഞു ഞങ്ങളാണ് അവകാശികൾ. കാരണം ഞങ്ങളാണ് സ്വത്തുകൾ സമാഹരിക്കാൻ സാഹചര്യമൊരുക്കിയത്. നബിﷺക്ക് സുരക്ഷയേർപ്പെടുത്തി ടെന്റിനു സമീപം നിന്നവർ പറഞ്ഞു. ഞങ്ങളാണവകാശികൾ കാരണം ഞങ്ങൾ നേതൃത്വത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുകയായിരുന്നു. ഈ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിലെ എട്ടാമത്തെ അധ്യായം അൽ അൻഫാലിലെ ഒന്നാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം വായിക്കാം. “യുദ്ധമുതലുകളെക്കുറിച്ച് അവര്‍ തങ്ങളോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
