
വിജയഭേരി മുഴക്കി പെരുമ്പറയടിച്ച് തങ്ങളുടെ നേതാക്കൾ എത്തിച്ചേരുമെന്ന് കരുതിയ മക്കക്കാർക്ക് ബദ്റിൽ നിന്ന് ലഭിച്ചത് ദുഃഖ വാർത്തയായിരുന്നു. ദുഃഖവാർത്തയുമായി ആദ്യം മക്കയിലെത്തിയത് ഹൈസമാനു ബിൻ ഇയാസ് ബിൻ അബ്ദില്ലാ എന്നയാളായിരുന്നു. സമൂഹത്തിലെ നേതാക്കളിൽ ഒരാളും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. ബദ്റിൽ നിന്നു വന്നപ്പോൾ മക്കക്കാർ അദ്ദേഹത്തോട് ചോദിച്ചു. എന്ത് വാർത്തയാണ് നിങ്ങളുടെ പക്കലുള്ളത്? എന്തൊക്കെയാണ് കാര്യങ്ങൾ? അദ്ദേഹം പറഞ്ഞു തുടങ്ങി. അബുൽ ഹകം ബിൻ ഹിഷാം, ഉത്ബത് ബിൻ റബീഅ:, ശൈബത് ബിൻ റബീഅ:, സംഅത് ബിൻ അസ്‌വദ്, ഉമയ്യത്ത് ബിൻ ഖലഫ്, നബീഹ് മുനബ്ബിഹ്, അബുൽ ബുഖ്തിരി എന്നിവർ കൊല്ലപ്പെട്ടിരിക്കുന്നു.
മക്കക്കാർക്ക് ഇത് കേട്ട് വിശ്വസിക്കാനായില്ല. മുൻനിര നേതാക്കളുടെ മുഴുവൻ പേരുകൾ എണ്ണുന്നത് കേട്ട അവർ ഹൈസമാനെന്തേ സമനില തെറ്റിപ്പോയോ എന്ന് ചിന്തിച്ചു പോയി. വർത്തമാനം കേട്ടുകൊണ്ടിരുന്ന സഫ്‌വാൻ ബിൻ ഉമയ്യക്ക് തീരേ വിശ്വസിക്കാനായില്ല. അയാൾ പറഞ്ഞു. “അല്ലയോ ഖുറൈശികളേ.. അയാളെന്താണീ പറയുന്നത്! എന്നാൽ ഞാൻ(സഫ്‌വാൻ) എവിടെ എന്നൊന്നു ചോദിച്ചേ?” അപ്പോഴവർ ഹൈസമാനോട് ചോദിച്ചു. എന്നാൽ, സഫ്‌വാൻ ബിൻ ഉമയ്യ എവിടെ? ഉടനേ അദ്ദേഹം പറഞ്ഞു. അവൻ അതാ കഅബയുടെ അടുത്തിരിക്കുന്നു. അവന്റെ പിതാവും സഹോദരനും വധിക്കപ്പെടുന്നത് കണ്ടിട്ടാണ്ട് ഞാൻ വരുന്നത്.
മക്കയാകെ ഞെട്ടിത്തരിച്ചു. സ്ത്രീകൾ അലമുറയിട്ടു. മുണ്ഡനം ചെയ്തും മൃഗങ്ങളെ അറുത്തും അനുശോചനങ്ങൾ നടന്നു. ബദ്റിൽ നിന്നെത്തുന്ന കുതിരകളുടെയും ഒട്ടകങ്ങളുടെയും മുന്നിൽ തലതല്ലിക്കരയുന്ന പെണ്ണുങ്ങൾ തടിച്ചു കൂടി. അണികളെ ആശ്വസിപ്പിക്കാൻ ഉപായങ്ങളില്ലാതെ ഖുറൈശീ നേതാക്കൾ പ്രയാസപ്പെട്ടു. ഒടുവിൽ അവർ ഇങ്ങനെ പറഞ്ഞു. നമുക്ക് പ്രതികാരം വീട്ടാം. നമുക്കവരെ അങ്ങനെ വിടാൻ പറ്റില്ല. നാം എന്തായാലും പ്രതികാരം ചോദിച്ചിരിക്കും. പക്ഷേ നിങ്ങൾ കരയരുത്. മക്കക്കാർ കരച്ചിലിലും നിലവിളിയിലുമാണെന്നറിഞ്ഞാൽ മുഹമ്മദിﷺനും കൂട്ടർക്കും സന്തോഷമാകും. അത് കൊണ്ട് കരച്ചിൽ നിർത്തുക. അവരുടെ കൈയ്യിൽ അകപ്പെട്ട ബന്ദികളെ മോചിപ്പിക്കാൻ ധൃതി പിടിക്കരുത്. കാരണം മുഹമ്മദ്ﷺഉം കൂട്ടരും വലിയ തുക ആവശ്യപ്പെടും.
വിരഹ ദുഃഖം കരഞ്ഞു തീർക്കാനോ പിടിക്കപ്പെട്ടവരെ ഉടനടി വീണ്ടെടുക്കാനോ കഴിയാതെ മക്കക്കാരുടെ ഉള്ളു പുകഞ്ഞു. ഇന്നലെകളിൽ പ്രവാചകരേﷺയും അനുയായികളേയും മാനം കെടുത്തിയ പലരും എല്ലാം നഷ്ടപ്പെട്ട് തലകുനിച്ചിരിക്കുകയാണ്. “കിസ്റാ ഖൈസറിനെ കീഴടക്കാൻ ആരുണ്ട്? ഇതാ വന്നിരിക്കുന്നു ഭൂമിയിലെ രാജാക്കൾ” എന്നൊക്കെ പറഞ്ഞു സ്വഹാബികളെ കളിയാക്കിയിരുന്ന അസ്’വദ് ബിൻ സംഅ കൂട്ടത്തിലൊരാളാണ്. അവന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ മൂന്നു മക്കളും ബദ്റിൽ കൊല്ലപ്പെട്ടിരിക്കുന്നു. അവൻ നിലവിട്ട് കരഞ്ഞു. കരയാൻ പാടില്ലെന്ന് ഖുറൈശീ നേതാക്കൾ പറഞ്ഞതോടെ കരയാനും കഴിയുന്നില്ലല്ലോ എന്നാലോചിച്ച് ഉള്ളു കരിയാൻ തുടങ്ങി. ഇടക്കിടെ അയാൾ അടിമയെ വിളിച്ചു പറയും കരയാൻ അനുമതിയുണ്ടോ എന്നൊന്നന്വേഷിച്ച് വരൂ. ഒടുവിൽ അടിമയുടെ കൈപിടിച്ച് മലഞ്ചെരുവിൽ പോയി ആരും അറിയാതെ കരയും. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഒരു പെണ്ണിന്റെ നിലവിളി കേട്ടു. ഉടനേ അടിമയെ വിളിച്ചു പറഞ്ഞു. നീയൊന്നു പോയി നോക്കൂ കരയാൻ അനുമതി ലഭിച്ചോ എന്ന്. അവൻ പോയിട്ട് വന്നു പറഞ്ഞു അവൾ കരയുന്നത് അവളുടെ ഉറ്റവർ കൊല്ലപ്പെട്ടതിനല്ല. ഒട്ടകം നഷ്ടപ്പെട്ടതിനാണ്. അസ്‌വദിൻ്റെ ഉള്ളു പുകഞ്ഞു നീറി. അപ്പോഴയാൾ ഒരു കവിത ചൊല്ലി.
“അതബ്കി അൻ യളില്ല ലഹാ ബഈറു..
ഒട്ടകം പോയതിനോ അവൾ കരയുന്നു!നിദ്രയും അന്യമായ് മിഴി അടക്കാതെയും
കൈവിട്ട ഒട്ടകം ഓർത്തു നീ കരയാതെ ഗതി വിട്ട ബദ്റിനെച്ചൊല്ലി നീ തേങ്ങുക
അബുൽ വലീദിലെ കനിവുള്ള സംഘവും മഖ്സൂം ഹസീസിലെ മക്കളെയുമോർക്ക നീ
നരസിംഹം ഹാരിസിനെയോർത്തു നീ വിലപിക്കൂ… കരയുന്നുവെങ്കിൽ; അബൂ അഖീലിനെയും
പേരൊന്നുമെണ്ണെണ്ട സർവരെയുമോർത്തോളൂ… അതുല്യനാണെല്ലോ അബുൽ ഹകം
പക്ഷേ,
ചിലരിന്ന് നേതാക്കളായിച്ചമയുന്നു;
ബദ്റാണവർക്കൊരു അവസരം നൽകിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
