
ബദ്റിന്റെ താഴ്‌വരയ്ക്ക് മുത്ത് നബിﷺയുടെ അമാനുഷിക മഹത്വങ്ങളുടെ കഥ കൂടി പറയാനുണ്ട്. മഹാന്മാരായ സ്വഹാബികൾക്ക് ആത്മധൈര്യം നൽകിയ ഘടകം കൂടിയായിരുന്നു അത്. ഉക്കാശ (റ) ധീരയോദ്ധാവായി ബദ്റിൽ മുന്നേറി. ശത്രുനിരകൾക്കിടയിലേക്ക് തുരന്ന് കയറി. അവരിൽ പലരുടെയും തലതെറിപ്പിച്ചു. അതിനിടയിൽ അദ്ദേഹത്തിന്റെ വാൾ പൊട്ടിപ്പോയി. പിന്മാറാനോ ആശങ്കപ്പെട്ടു നിൽക്കാനോ പറ്റിയ അവസരമല്ല. ഉടനെ അദ്ദേഹം നബിﷺയുടെ സവിധത്തിലേക്ക് ഓടിച്ചെന്നു. പെട്ടെന്നവിടുന്ന് ഒരു വിറക് കഷണം എടുത്ത് കൈയിൽ കൊടുത്തു. എന്നിട്ടവിടുന്ന് പറഞ്ഞു. ”ഉക്കാശാ നീയിത് കൊണ്ട് യുദ്ധം ചെയ്തോളൂ.” ഉക്കാശ (റ) അത് സ്വീകരിച്ചു. ഇതെന്താകും എന്നൊന്നും അദ്ദേഹത്തിന് ആശങ്കയില്ല. അദ്ദേഹം പടവാളായി അതേറ്റെടുത്തു. വാളായിത്തന്നെ അദ്ദേഹം ഒന്നു മിന്നി. മൂർച്ചയും തിളക്കവും നീളവുമുള്ള ഒരു ഉരുക്കു വാളായി അത് മാറി.
ബദ്ർ യുദ്ധാനന്തരവും അതദ്ദേഹം കരുതിവച്ചു. മതപരിത്യാഗികളെ നേരിട്ട പോരാട്ടമുൾപ്പെടെ , അദ്ദേഹം എല്ലാ സൈനിക നീക്കങ്ങളിലും ഇതുമായി പങ്കെടുത്തു.
പ്രസ്തുത യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. ഉക്കാശ (റ) മുത്ത് നബിﷺയുടെ സുവിശേഷം ലഭിച്ച സ്വഹാബിയാണ്. ഒരിക്കൽ നബിﷺ പറഞ്ഞു. “എന്റെ സമുദായത്തിൽ നിന്ന് എഴുപതിനായിരം ആളുകൾ പൂർണേന്ദുവിന്റെ ശോഭയിൽ സ്വർഗത്തിൽ പ്രവേശിക്കും. അവർക്ക് വിചാരണ ഉണ്ടാവുകയില്ല. അനിസ്‌ലാമികമായ മന്ത്രങ്ങൾ ചെയ്യാത്തവരും ചെയ്യിക്കാത്തവരുമാണവർ.” നബിﷺ പറഞ്ഞു തീർന്നതേയുള്ളൂ. ഉക്കാശ (റ) പറഞ്ഞു; “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ.., എന്നെയും ആ സംഘത്തിൽ ഉൾപ്പെടുത്താൻ അവിടുന്നൊന്ന് പ്രാർഥിച്ചാലും “.
“അല്ലാഹുവേ, ഉക്കാശയെ നീ അവരോടൊപ്പം ചേർക്കേണമേ!” മുത്ത് നബിﷺ പ്രാർഥിച്ചു കൊടുത്തു. ”നീ അവരിൽപ്പെട്ടവനാണ് ” എന്നാണ് നബിﷺ പ്രതികരിച്ചതെന്നും നിവേദനമുണ്ട്.
ഇത് കേട്ടു നിന്ന മറ്റൊരാൾ നബിﷺയോട് പറഞ്ഞു; “എന്നെയും ഒന്നു ചേർത്തു തരേണമേ “. അപ്പോഴവിടുന്ന് പ്രതികരിച്ചു; “സബഖക ബിഹാ ഉക്കാശ:” അഥവാ ഉക്കാശ നിങ്ങളെ മുൻകടന്നു കഴിഞ്ഞു.
മുത്തുനബിﷺയുടെ അമാനുഷിക വിലാസത്തിൽ ബദ്റിൽ അടയാളപ്പെടുത്തപ്പെട്ട മറ്റൊരു രംഗം ഇതാണ് : “യുദ്ധത്തിനിടയിൽ അമ്പേറ്റ് രിഫാഅത് ബിൻ മാലിക്കി(റ)ന്റെ കണ്ണുപൊട്ടി. നബി ﷺ അവിടുത്തെ ഉമിനീരു പുരട്ടി ശമനത്തിനായി പ്രാർഥിച്ചു. അദ്ഭുതകരമായി കണ്ണിലെ പരുക്ക് അപ്രത്യക്ഷമായി. പിന്നീടൊരിക്കലും ആ കണ്ണിന് രോഗം ബാധിച്ചിട്ടേയില്ല ” .
ഖുബൈബ് ബിൻ അബ്ദുറഹ്മാന്റെ പിതാമഹൻ ഖുബൈബ് (റ) എന്നവർക്ക് ബദ്റിൽ വച്ചു വെട്ടേറ്റു. ഒരു ഭാഗം മുറിഞ്ഞു തൂങ്ങി. ആ മുറിവ് ചേർത്ത് വച്ച് മുത്ത് നബിﷺയുടെ ഉമിനീർ പുരട്ടി. മുറിവ് കൂടുകയും പൂർവസ്ഥിതിയിലാവുകയും ചെയ്തു.
പോരാട്ടത്തിനിടയിൽ സലമതുബിനുൽ അസ്‌ലമി(റ)ന്റെ വാൾ പൊട്ടിപ്പോയി. ആവലാതിയുമായി അദ്ദേഹം നബിﷺയെ സമീപിച്ചു. അവിടുന്ന് ഈത്തപ്പനക്കുലയുടെ തണ്ട് എടുത്തു നൽകി. അപ്പോഴത് നല്ലൊരു വാളായി പരിണമിച്ചു. അദ്ദേഹം മുത്ത് നബിﷺയുടെ ചാരത്ത് ചേർന്ന് നിന്നു പോരാടി.
ഖതാദത് ബിൻ നുഅ്മാനി(റ)ന്റെ കണ്ണിൽ അമ്പ് തറച്ചു. കണ്ണ് തെറിച്ചു തൂങ്ങി. ഉടനെ നബിﷺയുടെ സവിധത്തിലെത്തി. ആവലാതി പറഞ്ഞു. അവിടുന്ന് കണ്ണെടുത്ത് പൂർവസ്ഥാനത്ത് വച്ചു. പൂർണമായും പരുക്കുകൾ മാറി. നേരത്തേതിനേക്കാൾ കാഴ്ചയും ഭംഗിയുമുള്ളതായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
