
ഹാരിസ(റ)യുടെ മാതാവിനോട് നബിﷺ ഇപ്രകാരം പ്രതികരിച്ചു : “നിങ്ങൾക്ക് നാശം! സ്വർഗം ഒന്നല്ല; ഒരു പാട് സ്വർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് ഫിർദൗസാണ്. അതിലാണ് ഹാരിസ: ഉണ്ടാവുക “. ആനന്ദത്തോടെ ചിരിച്ചു കൊണ്ട് മാതാവ് തിരിച്ചു പോയി.
സീറതുൽ ഹലബിയിൽ ഇങ്ങനെയൊരു അനുബന്ധം കൂടിയുണ്ട്. “നബിﷺ ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. അതിൽ അവിടുത്തെ തൃക്കരങ്ങൾ താഴ്ത്തി വച്ചു. ശേഷം, അതിലേക്ക് വെള്ളം കൊപ്ളിച്ചു. ആ വെള്ളം ഹാരിസ (റ)യുടെ മാതാവിനു നൽകി. അവർ അതിൽ നിന്നു പാനം ചെയ്തു. ശേഷം സഹോദരിക്ക് നൽകി. അവരും അതിൽ നിന്നു പാനം ചെയ്തു. തുടർന്ന് നബിﷺ യുടെ നിർദേശ പ്രകാരം രണ്ടു പേരുടെയും വസ്ത്രത്തിൽ ആ വെള്ളം തളിച്ചു. അവർ ഏറെ സന്തോഷവതികളായി. അന്ന് മദീനയിൽ അവരെപ്പോലെ സന്തുഷ്ടർ വേറെയില്ലാതെയായി “.
പടക്കളത്തിൽ പ്രവാചകാനുയായികൾ ഏറ്റെടുത്ത ആവേശത്തിന്റെ ഒരു പരാമർശം ഇങ്ങനെ കൂടി നമുക്ക് വായിക്കാം : “അഫ്റാഇന്റെ മകൻ ഔഫ് ബിൻ അൽഹാരിസ് (റ) നബി ﷺ യോട് ചോദിച്ചു ; ‘അല്ലാഹുവിന്റെ ദൂതരേﷺ! അടിമ എന്തു ചെയ്താലാണ് അല്ലാഹു ഏറെ സന്തോഷിക്കുക?’ നബി ﷺ പറഞ്ഞു ; ‘പടച്ചട്ടയില്ലാതെ ശത്രുക്കളിൽ കൈ വയ്ക്കുമ്പോൾ , അഥവാ നേരിടുമ്പോൾ’.
ഔഫ്(റ) തന്റെ പടയങ്കി ഊരിമാറ്റി. പടവാളുയർത്തി പോർക്കളത്തിലിറങ്ങി. രക്തസാക്ഷിയായി “.
ബദ്ർ ധീരയോദ്ധാക്കളുടെ വിലാസങ്ങൾ അടയാളപ്പെടുത്തി. വാചകത്തിനപ്പുറം ജീവാർപ്പണത്തിന്റെ പ്രായോഗിക രംഗങ്ങൾക്ക് സാക്ഷിയായി. തുല്യതയില്ലാത്ത സമർപ്പണത്തിന്റെയും വിശ്വാസ ദാർഢ്യതയുടെയും മുന്നിൽ വിജയ സമവാക്യങ്ങൾ മാറ്റിയെഴുതി. അതിജീവനത്തിന്റെ പുതിയ ആയുധങ്ങളെ ലോകം പരിചയപ്പെട്ടു. ചെറുപ്പക്കാരനായ അലി (റ) മാത്രം ഇരുപത്തിരണ്ട് ശത്രുക്കളെയാണ് വകവരുത്തിയത്.
ധൈര്യവും സാഹസികതയും അവതരിപ്പിച്ച് ബദ്റിൽ അദ്ഭുതങ്ങൾ കാഴ്ച വച്ച നേതാവായിരുന്നു മുത്തുനബിﷺയുടെ പിതൃവ്യനായ ഹംസ (റ). അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു; “ശത്രുക്കളിൽ നിന്ന് ബന്ധിയായി പിടിക്കപ്പെട്ട ഉമയ്യത് ഖലഫ് ചോദിച്ചു. ‘നിങ്ങളുടെ കൂട്ടത്തിൽ ഒട്ടകപ്പക്ഷിയുടെ തൂവൽ കൊണ്ട് മാറത്ത് അടയാളം വച്ചയാൾ ആരായിരുന്നു?’ ‘അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസ (റ)യാണത്. ഞാൻ പറഞ്ഞു’. ‘അയാളാണ് ഞങ്ങളെ ഇങ്ങനെയൊക്കെയാക്കിക്കളഞ്ഞത്’. ഉമയ്യ തിരിച്ചു പറഞ്ഞു “.
ഹംസ (റ)യുമായി ബന്ധപ്പെട്ട ഒരനുഭവം അലി.(റ) പങ്കുവച്ചതിങ്ങനെയാണ് : “ബദ്റിൻ്റെ ദിവസം ഉച്ചയ്ക്ക് ശേഷം സൈനിക നിരകൾ കൂടിക്കലർന്നു. ഞാനവരിൽ ഒരാളുടെ പിന്നിൽക്കൂടി. അപ്പോഴതാ, സഅ്ദ് ബിൻ ഖൈസമ (റ)യും ഒരു ശത്രുവും മണൽക്കുന്നിന്മേൽ ഏറ്റുമുട്ടുന്നു. ശത്രുവിന്റെ വെട്ടേറ്റ് സഅ്ദ് (റ) കൊല്ലപ്പെട്ടു. ഉരുക്കു കവചമണിഞ്ഞ് കുതിരപ്പുറത്തിരുന്ന ശത്രു എന്നെത്തിരിച്ചറിഞ്ഞു. ഉടനെ അവൻ കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങി. അവന് തിരിച്ചറിയാൻ അടയാളമുണ്ടായിരുന്നെങ്കിലും എനിക്കവനെ മനസ്സിലായില്ല. അവനെന്നെ വിളിച്ചു – ‘അബൂത്വാലിബിൻ്റെ മോനേ, ദ്വന്ദ്വ യുദ്ധത്തിന് വരൂ’. എന്നിട്ടവൻ എനിക്ക് നേരെ വന്നു. ഞാൻ നീളം കുറഞ്ഞയാളാണല്ലോ? ഞാനൽപ്പം പിന്നോട്ട് നീങ്ങി. കാരണം, അവൻ എന്നെക്കാൾ ഉയരത്തിലാവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അവൻ ചോദിച്ചു. ‘അല്ല , അബൂത്വാലിബിൻ്റെ മോനേ, നീ ഓടുകയാണോ?’
‘കീഴ്ചുണ്ട് കീറിയവളുടെ മോനേ, ഞാൻ അടുത്ത സ്ഥലത്തേക്കാണ് നീങ്ങുന്നത് ‘ എന്ന് ഞാൻ അവനുത്തരം നൽകി.
അവനെനിക്കു നേരെ വന്നതും ഞാൻ ചുവടുകൾ ഉറപ്പിച്ചു. അവൻ മൂന്നോട്ടാഞ്ഞ് എന്നെ വെട്ടി. ഞാൻ പരിച കൊണ്ട് തടുത്തതും അവന്റെ വാൾ നിലത്ത് വീണു. ഞാനവന്റെ ചുമലിൽ വെട്ടിയപ്പോഴേക്കും അവനൊന്നു പിടച്ചു. പടയങ്കിയിൽത്തട്ടി എന്റെ വാൾ പൊട്ടി. എന്റെ വെട്ടിൽ അവന്റെ കഥ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴതാ പെട്ടെന്നെന്റെ പിന്നിൽ നിന്നൊരു മിന്നൽ. ‘ഇതാ പിടിച്ചോ ! ഞാൻ അബ്ദുൽ മുത്വലിബിന്റെ മോനാ’ – എന്ന് പറഞ്ഞുകൊണ്ടൊരു വാൾ. ഞാൻ തലവെട്ടിച്ചു താഴ്ത്തി. അതാ ആ വാൾപ്പതിച്ച് എൻ്റെ ശത്രുവിന്റെ പടത്തൊപ്പിയടക്കം തലപിളർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മറ്റാരുമായിരുന്നില്ല ഹംസ (റ)യായിരുന്നു അത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
