
നബി ﷺ വീണ്ടും സ്വഹാബികളെ അണിയൊപ്പിച്ചു. പോരാട്ട വീര്യം പകർന്നു നൽകി. ദ്വന്ദ്വയുദ്ധത്തിലെ വിജയം അനുയായികൾക്ക് ആവേശമായി. മുത്ത് നബി ﷺ വീണ്ടും നിർദേശങ്ങൾ ആവർത്തിച്ചു. “അകലെ നിന്ന് നിങ്ങൾ അമ്പെയ്യരുത്. കൃത്യമായ ലക്ഷ്യത്തിലേക്കേ അമ്പെയ്യാൻ പാടുള്ളൂ. ലക്ഷ്യത്തിൽ എത്തുമെങ്കിൽ മാത്രമേ അസ്ത്രപ്രയോഗം നടത്താവൂ. അമ്പുകൾ വെറുതെ നഷ്ടപ്പെടുത്തരുത്. ശത്രുക്കൾ വലയം ചെയ്താൽ മാത്രമേ ഉറയിൽ നിന്ന് വാളെടുക്കാൻ പാടുള്ളൂ.” ഒരിക്കൽക്കൂടി അവർക്ക് യുദ്ധവീര്യമുണർത്തി നബി ﷺ കുടിലിലേക്ക് മടങ്ങി.
ബദ്ർ രണഭൂമിയിൽ വാളൂരാതെ അണിയൊപ്പിച്ചു നിൽക്കുന്ന പ്രവാചകാനുയായികളെ നേരിൽക്കണ്ട രംഗം ഖഫ്ഫാഫ് ബിൻ ഈമാഅ നിവേദനം ചെയ്തതിങ്ങനെയാണ് : “ഒരാൾ മറ്റൊരാൾക്ക് പരിചയാകും വിധം അവർ അണിയൊപ്പിച്ചു നിന്നു. അവർ വില്ലുകളിലെ ഞാണുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ, ശത്രുപക്ഷം രംഗ പ്രവേശനം ചെയ്തതു തന്നെ ഊരിയ വാളുകൾ ഉയർത്തിയായിരുന്നു. ഈ രംഗം എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ മുഹാജിറുകളിൽ ഒരാളോട് കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ‘ശത്രുക്കൾ വലയം ചെയ്യുന്നത് വരെ ഉറയിൽ നിന്ന് വാൾ പുറത്തെടുക്കരുതെന്ന് അല്ലാഹുവിന്റെ ദൂതൻﷺ ഞങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് ‘.
ഉത്ബയുടെയും ശൈബയുടെയും വലീദിന്റെയും വിയോഗം ഖുറൈശികളെ ആശങ്കയിലാക്കി. അവർ ആശ്വാസത്തിന്റെ വഴികളാലോചിച്ചു. ഒടുവിൽ അവർ മുസ്‌ലിംകളോട് പറഞ്ഞു; ”ഞങ്ങൾക്ക് ലാത്തയും ഉസ്സയുമുണ്ട്. നിങ്ങൾക്ക് ലാത്തയോ ഉസ്സയോ ഇല്ലല്ലോ?” അപ്പോൾ മുസ്‌ലിം പക്ഷത്ത് നിന്ന് വിളിച്ചു പറഞ്ഞു. ”ഞങ്ങളുടെ രക്ഷകൻ അല്ലാഹുവാണ്. നിങ്ങൾക്കാരാണ് രക്ഷകൻ? നിങ്ങൾക്ക് രക്ഷകനില്ല! ഞങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവർ സ്വർഗത്തിലാണ്. നിങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവർ നരകത്തിലായിരിക്കും.”
നബി ﷺ കുടിലിൽത്തന്നെ പ്രാർഥനയിൽ മുഴുകി. അബൂബക്കർ (റ) ഒപ്പം തന്നെ കഴിഞ്ഞു കൂടി. “അല്ലാഹുവേ, നീ വാഗ്ദാനം ചെയ്തത് വേഗം തന്നെ പൂർത്തിയാക്കേണമേ!” എന്നായിരുന്നു മുത്ത് നബി ﷺ യുടെ പ്രാർഥന. അധികം വൈകിയില്ല. വാനലോകത്ത് നിന്ന് മലക്കുകൾ അവതരിക്കുന്ന വിവരം നബിﷺക്ക് ലഭിച്ചു. കുതിരയുടെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് ജിബ്‌രീൽ (അ) ആഗതനായി. കുതിരയുടെ മുൻപല്ലുകൾക്കിടയിൽ പൊടിമണ്ണുകളുണ്ടായിരുന്നു.
ഇബ്നു അബ്ബാസ് (റ)ൻ്റെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ബദ്ർ ദിവസത്തിൽ നബി ﷺ പറഞ്ഞു. “ഇതാ ജിബ്‌രീൽ (അ) കുതിരയുടെ ശിരസ്സ് പിടിച്ചിരിക്കുന്നു. അതിന്മേൽ ആയുധങ്ങളുമുണ്ട് “.
മലക്കുകളുടെ സാന്നിധ്യത്തോടെ മുസ്‌ലിം പക്ഷം കൂടുതൽ ഊർജസ്വലമായി. ശത്രുപക്ഷത്ത് ആശങ്കയും ആവലാതിയും പടർന്നു. അവരുടെ ദൃഷ്ടിയിൽ മുസ്‌ലിം പക്ഷത്തിന്റെ ശക്തി വർധിച്ചതായി അനുഭവപ്പെട്ടു. കിനാന വംശജനായ സുറാഖതിന്റെ രൂപത്തിൽ ഇബ്‌ലീസും മുശ്‌രിക്കുകളുടെ പക്ഷത്തുണ്ടായിരുന്നു. ഇബ്‌ലീസ് അവന്റെ പതാക വഹിക്കുകയും ജിന്നുകളിൽ നിന്ന് ഒരു പറ്റം അവനോടൊപ്പം കൂടുകയും ചെയ്തു.
ഇബ്‌ലീസ് അബൂജഹലിന്റെ സഹോദരൻ ഹാരിസ് ബിൻ ഹിശാമിന്റെ കൈ കോർത്ത് നിൽക്കുമ്പോഴാണ് ജിബ്‌രീൽ (അ) അവതരിക്കുന്ന കാഴ്ച അവൻ കണ്ടത്. ഉടൻ തന്നെ അവനും അനുയായികളും പിന്തിരിഞ്ഞോടി. അപ്പോൾ ഹാരിസ് ചോദിച്ചു. “അല്ല സുറാഖാ! നീ ഞങ്ങളുടെ പങ്കാളിയാണെന്നു പറഞ്ഞല്ലേ ഒപ്പം കൂടിയത്. ഇപ്പോഴെന്താ പിന്തിരിഞ്ഞോടുന്നത്?” അപ്പോഴവൻ പറഞ്ഞു. “ഞങ്ങൾ വേറെ വിഭാഗമാണ്. നിങ്ങളുടെ കൂട്ടക്കാരല്ല. നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട്. സർവലോകപരിപാലകനായ പടച്ചവനെ എനിക്ക് പേടിയാണ്. അവന്റെ ശിക്ഷ അതികഠിനമാണ് അവൻ വിളിച്ചു പറഞ്ഞു.” ദൈവത്തിനാണെ! യസ്‌രിസിലെ വവ്വാലുകളെയല്ലാതെ ഞാൻ കാണുന്നില്ല എന്ന് പറഞ്ഞ് ഹാരിസ് അവനെ കെട്ടിപ്പിടിച്ചു. ഉടനെ ഇബ്‌ലീസ് ഹാരിസിന്റെ നെഞ്ചത്തൊരിടി കൊടുത്തു. അതോടെ ഹാരിസ് നിലംപതിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
