
അരങ്ങത്തേക്ക് വന്ന അൻസ്വാറുകളോട് ഉത്ബ ചോദിച്ചു; “നിങ്ങളാരാണ് ?”
“ഞങ്ങൾ അൻസ്വാരികൾ! ”
” നിങ്ങളെ ഞങ്ങൾക്ക് വേണ്ട!”
അപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു; “അല്ലയോ, മുഹമ്മദ് ! ﷺ.. നമ്മുടെ കൂട്ടത്തിൽ നിന്ന് കിടയൊത്തവരെ ഇങ്ങോട്ടയക്കൂ! ”
ഉടനെ നബി ﷺ അൻസ്വാരികളെ തിരിച്ചു വിളിച്ചു. ശേഷം പറഞ്ഞു; “അല്ലയോ , ഉബൈദാ.. ഹംസാ.. അലീ.. നിങ്ങൾ മുന്നോട്ട് ചെല്ലൂ…”
ഉടനെ ശത്രുപക്ഷത്ത് നിന്ന് ചോദ്യമുയർന്നു. “ആരൊക്കെയാണ് ?”
“ഹംസ..”
” ഉം.. ഹംസ, പിന്നെ ?”
” ഉബൈദ..”
” ഉം.. ഉബൈദ ”
” അലി..”
” ഉം.. അലി.
ഹാ! തരക്കേടില്ല നല്ല കിടയൊത്ത മാന്യന്മാർ…! ”
മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ് : “ഉത്ബ പറഞ്ഞു; ‘നിങ്ങൾ ആരൊക്കെയെന്ന് ഒന്ന് പരിചയപ്പെടുത്തൂ’. ഉടനെ ഹംസ (റ) പറഞ്ഞു. ‘ഞാൻ അല്ലാഹുവിന്റെയും തിരുദൂതരുﷺടെയും സിംഹം’. അലി (റ) പറഞ്ഞു. ‘ഞാൻ അല്ലാഹുവിന്റെ ദാസൻ, അല്ലാഹുവിന്റെ ദൂതരുﷺടെ സഹോദരൻ’. ‘ഞാൻ സഖ്യകക്ഷികളിൽ ഒരംഗം ‘ – ഉബൈദ (റ)യും പരിചയപ്പെടുത്തി.
ഹംസ (റ) ശൈബയെ നേരിട്ടു. അധികം വൈകിയില്ല. എതിരാളിയെ വകവരുത്തി. അലി (റ) വലീദുമായി പടവെട്ടി. അതും തീരുമാനമായി. വലീദ് കൊല്ലപ്പെട്ടു. ഉബൈദ (റ)യും ഉത്ബയും ശക്തമായ പോരാട്ടത്തിലായി. കൂട്ടത്തിൽ വയസ്സു കൂടുതലുള്ളയാളായിരുന്നു അദ്ദേഹം. ഏകദേശം അമ്പത്തിമൂന്ന് വയസ്സ് പ്രായം വരും. പക്ഷേ, ഉത്ബയെ വിട്ടില്ല. കൊണ്ടും കൊടുത്തും ധീരമായി നിലകൊണ്ടു. ഒടുവിൽ ഉബൈദ (റ)യുടെ കാലിന് ശക്തമായ ഒരു വെട്ടേറ്റു. മജ്ജ പുറത്ത് വന്നു. ഉടനെ അലി (റ)യും ഹംസ (റ)യും ഇടപെട്ടു. ഉത്ബയെ വകവരുത്തി. ഖുറൈശികളിൽ നിന്ന് ആദ്യം ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ മൂന്നു പേരും കൊല്ലപ്പെട്ടു.
പരുക്കേറ്റ ഉബൈദത്തിനെ കൂട്ടുകാർ താങ്ങിയെടുത്ത് തമ്പിലെത്തിച്ചു. മുത്ത് നബി ﷺ യുടെ തിരുപാദങ്ങളിൽ മുഖമമർത്തി വിതുമ്പിക്കൊണ്ടദ്ദേഹം ചോദിച്ചു; “അല്ലയോ തിരുദൂതരേﷺ… ഞാൻ രക്തസാക്ഷിയാവില്ലേ?” നബി ﷺ പറഞ്ഞു; “താങ്കൾ രക്തസാക്ഷിയാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു “. അപ്പോൾ തിരുപാദങ്ങൾ തലയിണയാക്കി അദ്ദേഹം ചൊല്ലി.
“വനുസ്‌ലിമുഹു ഹത്താ…”
“ഭാര്യ സന്താനങ്ങളെയൊക്കെ മറന്നാലും
ജീവൻ കൊടുത്തു നാം മോനെ രക്ഷിച്ചിടും”
തുടർന്നദ്ദേഹം പറഞ്ഞു. “ഇതു പാടിയ അബൂത്വാലിബ് ഈ രംഗം കണ്ടിരുന്നെങ്കിൽ അക്ഷരാർഥത്തിൽ ഞാനിതു നിർവഹിച്ചെന്നു മനസ്സിലാക്കുമായിരുന്നു “.
യുദ്ധാനന്തരമുള്ള മടക്കയാത്രയിൽ സ്വഫ്റാഇൽ വച്ച് മഹാനവർകൾ മരണപ്പെട്ടു. അവിടെത്തന്നെ മറമാടുകയും ചെയ്തു. മഹാനവർകളെയനുസ്മരിച്ചുകൊണ്ട് ഉസാസയുടെ മകൾ ഹിന്ദ് ഒരു വിലാപകാവ്യം ചൊല്ലി. തുടക്കം ഇങ്ങനെയാണ്.
“ലഖദ് ളമിന സ്സഫ്റാഉ മജ്ദൻ വ സൂദദാ…”
“സ്വഫ്റാഇ’ലണഞ്ഞല്ലോ പ്രൗഢിയും പ്രതാപവും
യുക്തിയും നേതൃത്വവും നന്മയും ഗുണങ്ങളും”
അലി (റ) പറഞ്ഞു. “അന്ത്യനാളിൽ അല്ലാഹുവിന്റെ സമക്ഷത്തിൽ തർക്ക പരിഹാരത്തിനായി മുട്ടുകുത്തിനിൽക്കുന്ന ആദ്യത്തെയാൾ ഞാനായിരിക്കും. ഞങ്ങളെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചത് “. ശേഷം, വിശുദ്ധ ഖുർആൻ ഇരുപത്തിരണ്ടാം അധ്യായം ‘സൂറതുൽ ഹജ്ജ് ‘ -ലെ പത്തൊൻപതാമത്തെ സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ്. “ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്.” ഹംസ(റ), അലി(റ), ഉബൈദ:(റ) അടങ്ങുന്ന ഒരു വിഭാഗവും ഉത്ബ, ശൈബ, വലീദ് അടങ്ങുന്ന എതിർവിഭാഗവുമാണ് ഈ സൂക്തത്തിലെ കക്ഷികൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
