
നബിﷺയുടെ പ്രാർഥന കേട്ടപ്പോൾ അബൂബക്കർ (റ) പറഞ്ഞു; “അല്ലയോ , പ്രവാചകരേﷺ മതിയല്ലോ! അവർ ഏതായാലും പരാജിതരായി പിന്തിരിഞ്ഞോടുകതന്നെ ചെയ്യും. അവിടുന്ന് ആകുലപ്പെടല്ലേ!”
അങ്ങനെ പ്രഭാത നിസ്ക്കാരത്തിന്റെ നേരമായി. മഴയുടെ കുളിരു പറ്റി സ്വഹാബികൾ മയക്കത്തിലായിരുന്നു. ഉണർന്നിരുന്ന് പ്രാർഥനയിൽ മുഴുകിയ നേതാവ് മുത്ത് നബിﷺ അനുയായികളെ ഉണർത്തി. അവർ സംഘടിതമായി നിസ്‌ക്കരിച്ചു.
ഇബ്നുഹിഷാമി (റ)ന്റെ നിവേദനത്തിൽ നിന്ന് ചിലത് കൂടി ഇവിടെ വായിക്കാനുണ്ട്. “അന്ന് രാത്രിയിൽത്തന്നെ സ്വഹാബികൾ കിണറിനടുത്തേക്ക് നീങ്ങി. ജലാശയം അധീനപ്പെടുത്തി. മുത്ത് നബി ﷺ യുടെ സംഘത്തിന്റെ ആദ്യത്തെ നയതന്ത്രപരമായ സൈനിക നടപടി അതായിരുന്നു. അവിടെ വച്ച് ഖബ്ബാബ് ബിൻ മുൻദിർ ബിൻ അൽജമൂഹ് (റ) എന്നവർ മുന്നോട്ട് വന്നു. ബനൂ സലമഃ ഗോത്രക്കാരനായ അൻസ്വാരി സ്വഹാബിയാണദ്ദേഹം. യുദ്ധ തന്ത്രങ്ങളിൽ കാഴ്ചപ്പാടുള്ളയാളാണ്. നബിﷺയോടദ്ദേഹം ചോദിച്ചു; “അല്ലയോ , അല്ലാഹുവിന്റെ ദൂതരേ! ﷺ അല്ലാഹു തആല കണിശമായി നിശ്ചയിച്ചു തന്ന സ്ഥലമായതുകൊണ്ടാണോ നാമിവിടെത്തമ്പടിച്ചത് ? ഇവിടെ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നും മാറാൻ പാടില്ലെന്ന വല്ല കൽപ്പനയുമുണ്ടോ? അതല്ല, യുദ്ധത്തിന്റെ തന്ത്രമോ കൗശലമോ മറ്റോ അനുവദനീയമാണോ?”
നബി ﷺ പറഞ്ഞു; “കുഴപ്പമില്ല. തന്ത്രവും കൗശലവും ഒക്കെയാവാം “. അപ്പോൾ ഖബ്ബാബ് (റ) പറഞ്ഞു; “എന്നാൽ നമുക്കിവിടെ നിൽക്കേണ്ട. ഖുറൈശികളുടെ ജലസ്രോതസ്സിന്റെയടുത്തേക്ക് നീങ്ങാം. നമുക്കൊരു ജലസംഭരണിയുണ്ടാക്കി, അതിൽ വെള്ളം ശേഖരിച്ചുവയ്ക്കാം “.
നബിﷺ ആ അഭിപ്രായം അംഗീകരിച്ചു. അപ്രകാരം ഹൗള് നിർമിച്ച്, അതിൽ വെള്ളം ശേഖരിച്ചുവച്ചു.
അതുകഴിഞ്ഞ് സഅ്ദ് ബിൻ മുആദ് (റ) ചോദിച്ചു; “അല്ലയോ , പ്രവാചകരെ! ﷺ ഇവിടെയടുത്തായി അവിടുത്തേക്ക് ഞങ്ങൾ ഒരു കുടിൽ നിർമിക്കട്ടയോ? അങ്ങനെയെങ്കിൽ അവിടുത്തേക്ക് ഇവിടെയിരിക്കാമല്ലോ? നമ്മുടെ വാഹനങ്ങളും മറ്റും ഇവിടെ നിർത്താം. ഞങ്ങൾ ശത്രുക്കളെ നേരിടാം. നമുക്ക് വിജയം ലഭിച്ചാൽ പ്രതാപത്തോടെ നമുക്ക് ഏറെ സന്തോഷമായി. അതാണ് നാം താത്പ്പര്യപ്പെടുന്നത്. അതല്ല, വല്ല നിലയ്ക്കും സൈനിക പരാജയം വന്നാൽ അവിടുത്തേക്ക് വാഹനത്തിലേറി നമ്മുടെ പിൻഭാഗത്തുള്ള അണികളോടൊപ്പം എത്തുകയും ചെയ്യാമല്ലോ! നമ്മോടൊപ്പം വന്നിട്ടില്ലാത്തവർ ഞങ്ങളെക്കാൾ തങ്ങളെ സ്നേഹിക്കുന്നവരാണ്. നാം ഒരു യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നറിഞ്ഞിരുന്നുവെങ്കിൽ അവരും നമ്മോടൊപ്പമുണ്ടാകുമായിരുന്നു. അതുകൊണ്ട് അവർ തങ്ങളെ പൊന്നുപോലെ നോക്കിക്കൊള്ളും. അവർ സമരക്കളത്തിൽ കൂടെ നിൽക്കുകയും ചെയ്യും”.
ഈ വാചകങ്ങൾ നബി ﷺ ക്ക് സന്തോഷം നൽകി. അവിടുന്ന് സഅ്ദി (റ)നു വേണ്ടി പ്രത്യേകം അനുഗ്രഹപ്രാർഥന നടത്തി. അവിടെ ഒരു കുടിൽ നിർമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സ്ഥാനത്താണ് കുടിൽപ്പള്ളി അഥവാ, ‘മസ്ജിദുൽ അരീഷ് ‘ ഇന്ന് നിലകൊള്ളുന്നത്. നബി ﷺ ക്ക് രംഗം നേരിട്ടു കാണാൻ പറ്റുന്ന വിധത്തിലായിരുന്നു അത് സംവിധാനിച്ചത്.
സഅ്ദ് ബിൻ മുആദ് (റ) വാളേന്തി കുടിലിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. നബി ﷺ യും അബൂബക്കർ (റ)വും കുടിലിനകത്ത് പ്രവേശിച്ചു.
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെയും അമ്മാർ ബിൻ യാസിറി(റ)നെയും ഖുറൈശികളുടെ സ്ഥിതിഗതികളറിയാൻ വേണ്ടി, നബിﷺ നിയോഗിച്ചു. അവരിരുവരും ഖുറൈശീ തമ്പിന്റെ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിരീക്ഷിച്ചു. മടങ്ങി വന്ന് നബി ﷺ യോട് പറഞ്ഞു; “അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! ﷺ അവർ ഭയവിഹ്വലരും ആശങ്കാകുലരുമാണ് “.
ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്യുന്ന ഹദീസിൽക്കാണാം : “നബി ﷺ ബദ്റിൻ്റെ രാവിൽ യുദ്ധഭൂമിയിലെത്തി. അവിടുത്തെ കരങ്ങൾക്കൊണ്ട് ചില സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി. ഇതാ, ഇവിടെ ഇന്നയാൾ നിലം പതിക്കും. ഖുറൈശീ പ്രമുഖരിൽ പലരേയും എണ്ണിപ്പറഞ്ഞു “.
അനസ് (റ) പറയുന്നു : “നബിﷺ ചൂണ്ടിക്കാട്ടിയ ഒരു സ്ഥലം പോലും തെറ്റാതെ അടുത്ത ദിവസം ഓരോ പ്രമുഖരും നിലംപൊത്തിയത് കാണാൻ കഴിഞ്ഞു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
