
നിർണായകമായ ഒരു രാത്രി അവസാനിച്ചു. പ്രഭാത നിസ്കാരം കഴിഞ്ഞപ്പോൾ
സമരോർജം പകർന്നു കൊണ്ട് നബി ﷺ സ്വഹാബികളെ അഭിസംബോധന ചെയ്തു. “അല്ലാഹുവിന് സ്തുതി. നിശ്ചയം! അല്ലാഹു മഹാനാണ്. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ പ്രചോദനം നൽകിയ കാര്യം ഞാനും പ്രോത്സാഹിപ്പിക്കുന്നു. അവൻ നിഷിദ്ധമാക്കിയ കാര്യം ഞാനും നിരോധിക്കുന്നു. നന്മയുടെ ആളുകൾക്ക്, അവൻ അവർക്ക് കൽപ്പിച്ച സ്ഥാനങ്ങൾക്കനുസരിച്ച് നൽകുന്നു. അതിനാൽ അവർ അവനെ സ്മരിക്കുകയും ശ്രേഷ്ഠത കൈവരിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ സങ്കേതത്തിലാണ് നിങ്ങൾ എത്തിയിട്ടുള്ളത്.
അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളേ അവൻ സ്വീകരിക്കുകയുള്ളൂ. ആപത്ഘട്ടത്തിലെ സഹനം വഴി അല്ലാഹു മന:പ്രയാസങ്ങൾ ഇല്ലാതാക്കിത്തരും. വിപത്തുകളിൽ നിന്ന് രക്ഷിക്കും. നിങ്ങൾക്ക് പാരത്രിക വിജയം സാധ്യമാകും. നിങ്ങൾക്ക് സുവിശേഷവും താക്കീതും നൽകുന്ന പ്രവാചകർ നിങ്ങൾക്കൊപ്പമുണ്ട്. അല്ലാഹു നിങ്ങളോട് കോപിക്കാൻ ഇടയാകുന്ന രംഗത്തെക്കുറിച്ച് നിങ്ങൾ ലജ്ജിക്കുക. അല്ലാഹു പറയുന്നു : “നിങ്ങൾ സ്വന്തത്തോട് കോപിക്കുന്നതിനേക്കാൾ ഗൗരവതരമാണ് അല്ലാഹുവിന്റെ കോപം. അല്ലാഹു അവന്റെ വേദത്തിൽ കൽപ്പിച്ചതും വചനത്തിൽ അറിയിച്ചതും ശ്രദ്ധിക്കുക. നിന്ദ്യതയ്ക്ക് ശേഷം പ്രതാപത്തെ നിങ്ങൾ പ്രതീക്ഷിക്കുക. അല്ലാഹുവിന്റെ പ്രീതിയെ നിങ്ങൾ കാംക്ഷിക്കുക.
നിങ്ങളുടെ നാഥൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത കാരുണ്യത്തിനും പാപമോചനത്തിനും നിങ്ങൾ അർഹരാവണം. അതിനു വേണ്ടി പരിശ്രമിക്കണം. തീർച്ചയായും അവന്റെ വാഗ്ദാനം സത്യമാണ്. വചനം യാഥാർഥ്യമാണ്. ശിക്ഷ കഠിനവുമായിരിക്കും. നമ്മുടെ നിലനിൽപ്പിന്റെ ഹേതു അല്ലാഹുവാണ്. അവൻ സദാ ജീവിക്കുന്നവനും നിയന്താവുമാണ്. അവനെ നാം അഭയം പ്രാപിച്ചു. അവൻ നമ്മെ സംരക്ഷിച്ചു. അവനെ നാം ഭരമേൽപിച്ചു. അവനിലേക്കാണ് നമ്മുടെ മടക്കം. അല്ലാഹു എനിക്കും മറ്റു മുസ്‌ലിംകൾക്കും പൊറുത്തു തരട്ടെ.”
സ്വഹാബികൾ ആവേശഭരിതരായി. വിശ്വാസത്തിൻ്റെ മൂല്യവും പ്രാധാന്യവും അവർക്ക് ഒരിക്കൽക്കൂടി ബോധ്യമായി .
ഖുറൈശീ തമ്പിലെ നീക്ക് പോക്കുകൾ അറിഞ്ഞ അമ്മാറി(റ)ന്റെയും ഇബ്നു മസ്ഊദി(റ)ൻ്റെയും കാലടയാളങ്ങൾ അവർ നിരീക്ഷിച്ചു. കൂട്ടത്തിൽ കാലടയാള വിദഗ്ദനായ നബിഹ് ബിൻ അൽഹജ്ജാജ് ആളുകളെ തിരിച്ചറിഞ്ഞു. അവൻ പറഞ്ഞു. ഇത് സുമയ്യയുടെ മകൻ്റെ അഥവാ അമ്മാറി(റ)ൻ്റെയും ഉമ്മു അബ്ദിൻ്റെ മകൻ്റെയും അഥവാ ഇബ്നു മസ്ഊദി(റ)ൻ്റെയും കാൽപ്പാടുകളാണ്. ഹാ! നമ്മുടെയും മദീനക്കാരുടെയും കൂട്ടത്തിലെ വിഡ്ഢികളെ മുഹമ്മദ് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. മുഹാജിറുകളെയും അൻസ്വാരികളെയുമാണ് അയാൾ ഉദ്ദേശിച്ചത്. ശേഷം, അയാൾ ഇങ്ങനെ പാടി.
“ഭയം കൊണ്ട് ഞങ്ങൾക്കുറങ്ങാൻ കഴിഞ്ഞില്ല.
ഒന്നുകിൽ കൊല്ലണം അല്ലേൽ മരിക്കണം…”
നബിﷺ അനുയായികളെ അണിനിരത്തി. നിസ്ക്കാരത്തിൽ നിർത്തും പോലെ വരിയൊപ്പിച്ചു. അതിനിടയിൽ ഒരു കൗതുകമുണ്ടായി. അണിയിൽ നിൽക്കുന്ന സവാദ് അല്പം കയറി നിൽക്കുന്നതായി നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുത്തെ കൈവശമുണ്ടായിരുന്ന വടികൊണ്ട് വയറിൻ്റെ ഭാഗത്ത് തട്ടി ശരിപ്പെടുത്തി. സവാദ് ഇത് നല്ലൊരു അവസരമായി ഉപയോഗിച്ചു. അദ്ദേഹം വിളിച്ചു പറഞ്ഞു; “അല്ലയോ, അല്ലാഹുവിൻ്റെ ദൂതരേ ﷺ അവിടുന്ന് എന്നെ വേദനിപ്പിച്ചു. സത്യവും നീതിയും നൽകിയല്ലേ അല്ലാഹു തങ്ങളെ നിയോഗിച്ചത്. അതുകൊണ്ട് എനിക്ക് പ്രതികാരമെടുക്കാൻ അവിടുന്നെന്നെ അനുവദിക്കണം “.
സവാദിൻ്റെ ആവശ്യം നബി ﷺ അംഗീകരിച്ചു. വടി അദ്ദേഹത്തെ ഏല്പിച്ചു. അവിടുത്തെ ഉദരത്തിൽ നിന്ന് വസ്ത്രം നീക്കിക്കൊടുക്കണമെന്നായി സവാദിൻ്റെ അടുത്ത ആവശ്യം. നബി ﷺ അതും വകവച്ചു കൊടുത്തു. എല്ലാവരും ആശ്ചര്യഭരിതരായി. എന്താണീ സവാദ് ചെയ്യാൻ പോകുന്നത്?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
