
ഇനിയെന്ത് ചെയ്യണമെന്ന് മുസ്‌ലിംകൾ കൂടിയാലോചിച്ചു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു : ‘ഖുറൈശികളെ എന്ത് ചെയ്യണമെന്ന് ഇനിയും ആലോചന നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല. അവർ പവിത്ര മക്കയിൽ പ്രവേശിച്ചാൽപ്പിന്നെ അവർ രക്ഷപ്പെട്ടു’.
റജബ് മാസത്തിലെ അവസാന ദിവസമായിരുന്നു അന്ന്. ‘റജബ് ‘ യുദ്ധം നിഷിദ്ധമായ മാസങ്ങളിൽപ്പെട്ട മാസമാണ്. അതും ഒരാളുണർത്തി. മറ്റൊരാൾ പറഞ്ഞു; ‘ഇത് റജബ് മാസം തന്നെയാണെന്നത്ര ഉറപ്പൊന്നുമില്ല’. അപ്പോൾ മൂന്നാമതൊരാൾ ഇടപെട്ടു. ‘ഇത് റജബ് തന്നെയാണ്. നിങ്ങളുടെ ആഗ്രഹം സാധിക്കാൻ ഈ ദിവസം നിങ്ങൾ അനുവദനീയമാക്കരുത് ‘.
ചർച്ചയുടെ ഒടുവിൽ ഖുറൈശികളെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു. മുസ്‌ലിം സംഘത്തിലെ വാഖിദ് ബിൻ അബ്ദില്ലാഹ് (റ) ഉന്നം പിഴക്കാത്ത അമ്പെയ്ത്തു വിദഗ്ധനാണ്. അംറ് ബിൻ ഹള്റമിക്ക് നേരെ അദ്ദേഹം അമ്പെയ്തു. ലക്ഷ്യം പിഴച്ചില്ല. അദ്ദേഹം മരിച്ചു വീണു. അതോടെ ഖുറൈശികൾക്കെതിരെ മുസ്‌ലിംകൾ ഒരുമിച്ചാക്രമിച്ചു. ഒടുവിൽ ഹകമ് ബിൻ കൈസാനെയും ഉസ്മാൻ ബ്ൻ അബ്ദില്ലാഹിയെയും മുസ്‌ലിംകൾ ബന്ദികളാക്കി. നൗഫൽ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞു. ഖുറൈശികളുടെ ഒട്ടകവും ചരക്കുകളും മുസ്‌ലിംകൾക്ക് ലഭിച്ചു. ത്വാഇഫിൽ നിന്നു കൊണ്ടുവന്ന മുന്തിരിയും തുകലും മദ്യവുമായിരുന്നു ചരക്കുകൾ.
ഒട്ടകങ്ങളെയും തെളിച്ച് സംഘം നബി ﷺ യുടെ അടുത്തെത്തി. നബി ﷺ കാര്യങ്ങളന്വേഷിച്ചു. ചരക്കുകളുൾപ്പെടെ ഒട്ടകങ്ങളെ മാറ്റിനിർത്തി. അതിൽ നിന്ന് ഒന്നും സ്വീകരിച്ചില്ല. ബന്ദികളെ തടവിലാക്കി. തുടർന്ന് നബി ﷺ അനുയായികളോട് ചോദിച്ചു. “ഞാൻ നിങ്ങളോട് ഈ വിശുദ്ധ മാസത്തിൽ യുദ്ധം ചെയ്യാൻ കൽപ്പിച്ചിരുന്നില്ലല്ലോ?”
അബ്ദുല്ലയുടെ സംഘം ആത്മസംഘർഷത്തിലായി. തങ്ങൾ നശിച്ചുപോയല്ലോ എന്നവർ നൊമ്പരപ്പെട്ടു. മറ്റു മുസ്‌ലിംകളും ഈ സംഘത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. ‘നബി ﷺ യുടെ കൽപ്പന മറികടന്നവർ’ എന്ന അപരാധം അവർ ചേർത്തു പറഞ്ഞു.
ഖുറൈശികൾ ഈയവസരം മുതലെടുത്തു. മുഹമ്മദ് നബി ﷺ വിശുദ്ധ മാസത്തിൽ യുദ്ധം അനുവദനീയമാക്കി എന്നവർ ആരോപിച്ചു. റജബ് മാസത്തിലല്ല ശഅബാനിലാണ് സംഭവം ഉണ്ടായതെന്ന് ഖുറൈശികളോട് സഹവസിച്ചിരുന്ന മുസ്‌ലിംകൾ മറുപടി നൽകി. ജൂതന്മാരും രംഗം ഉപയോഗപ്പെടുത്തി. കൊല്ലപ്പെട്ട ഹളറമിയുടെയും അമ്പെയ്ത വാഖിദിന്റെയും പേരുകളുടെ അർഥങ്ങൾ ചേർത്ത് ശകുനം മെനഞ്ഞു. അംറ് എന്നതിൽ നിന്ന് ‘അമർത്തൽ ഹർബ:’ അഥവാ യുദ്ധം ഉണ്ടാക്കി, ഹള്റമി എന്ന പദത്തിൽ നിന്ന് ‘ഹളർതൽ ഹർബ:’ അഥവാ യുദ്ധത്തിൽ പങ്കെടുത്തു, വാഖിദ് എന്നതിൽ നിന്നും ‘വഖദ്തൽ ഹർബ:’ അഥവാ യുദ്ധം ആളിക്കത്തിച്ചു എന്നിങ്ങനെ പരികൽപ്പനകൾ നടത്തി. മുസ്‌ലിംകളെ കൂടുതൽ കുറ്റപ്പെടുത്താനും രംഗം രൂക്ഷമാക്കാനുമായിരുന്നു ഇത്തരം വ്യാഖ്യാനങ്ങൾ മെനഞ്ഞത്.
നാലു ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ സംഘം വിഷമസന്ധിയിലായി. അപ്പോഴാണ് വിശുദ്ധ ഖുർആനിലെ രണ്ടാമധ്യായം അൽബഖറ: യിലെ ഇരുന്നൂറ്റിപ്പതിനേഴാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം:
“വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ തങ്ങളോട് ചോദിക്കുന്നു. അവിടുന്ന് പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെയടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍, നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ, അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായി മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
