
ഖുർആൻ സൂക്തങ്ങളിൽ ഓരോന്നിനും വ്യക്തമായ ഒരു അവതരണ പശ്ചാത്തലം ഉണ്ടാവും. അപ്രകാരം ഒന്നാണ് നാം നേരത്തെ വായിച്ചത്. അൽബഖറ: അധ്യായത്തിലെ ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചാമത്തെയും മറ്റു ചില സൂക്തങ്ങളെയും അതിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് നമുക്ക് വായിക്കാം.
അബൂബക്കർ സിദ്ദീഖ് (റ) ഒരു ദിവസം ജൂതന്മാരുടെ പാഠശാലയിലേക്കു ചെന്നു. അൽബഖറയിലെ ഉപരിസൂചിത സൂക്തം അവതരിച്ച ഉടനെയായിരുന്നു സന്ദർശനം. സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് : “അല്ലാഹുവിന് ഉത്തമമായ വായ്പ നല്‍കുവാനാരുണ്ട് ? എങ്കില്‍, അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവനിലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.” ഫിൻഹാസ് ബിൻ ആസൂറാഅ് എന്ന ജൂത പുരോഹിതന് ചുറ്റും ആളുകൾ കൂടിനിൽന്നു. അബൂബക്കർ (റ) അദ്ദേഹത്തോട് പറഞ്ഞു; “അഹോ കഷ്ടം! നിങ്ങൾക്ക് ഇസ്‌ലാം സ്വീകരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൂടെ? അല്ലാഹുവിനെ മുൻനിർത്തി ഒന്നാലോചിക്കൂ. നിങ്ങൾക്ക് നന്നായി അറിയില്ലേ, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന്? നിങ്ങൾ പഠിച്ച തൗറാത്തിലും മറ്റും വ്യക്തമായി അത് പറഞ്ഞിട്ടുള്ളതല്ലേ!” ഉടനെ ഫിൻഹാസ് പറഞ്ഞു; “അല്ലയോ, അബൂബക്കറേ (റ)! ഞങ്ങൾ അല്ലാഹുവിനോട് ദാരിദ്ര്യമുള്ളവരൊന്നുമല്ല. അല്ലാഹുവിന് നമ്മളെയാണാവശ്യം. അവൻ നമ്മളോട് വിനയം കാണിക്കും പോലെ നാം അവനോട് വിനയം കാണിക്കുകയില്ല. നമ്മൾ അവനെക്കാൾ സമ്പന്നരാണ്. അവൻ നമ്മേക്കാൾ ധനികനാണെങ്കിൽ നിങ്ങളുടെ പ്രവാചകൻ പറയുമ്പോലെ അവൻ നമ്മളോട് കടം ചോദിക്കുമായിരുന്നോ? നിങ്ങൾക്ക് പലിശ വിലക്കിയ അവൻ ഞങ്ങൾക്ക് പലിശ തരുന്നു. അവൻ ഐശ്വര്യവാനായിരുന്നെങ്കിൽ അവൻ നമുക്ക് പലിശ തരുമായിരുന്നോ?”
ഇത്രയും കേട്ടപ്പോൾ സിദ്ദീഖ് (റ) വിന് ദേഷ്യം വന്നു. ഫിൻഹാസിന്റെ മുഖത്തൊരടി വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു, “എടാ, അല്ലാഹുവിന്റെ ശത്രു.. നാം തമ്മിൽ ഉടമ്പടിയില്ലായിരുന്നെങ്കിൽ നിന്റെ പിരടി ഞാൻ വെട്ടുമായിരുന്നു “.
ഫിൻഹാസ് നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു, “സിദ്ദീഖ് ചെയ്തത് കണ്ടില്ലേ? എന്നെ അടിച്ചിരിക്കുന്നു “. നബി ﷺ കൂട്ടുകാരനോട് ചോദിച്ചു. “എന്താണ് കാര്യം?” അദ്ദേഹം പറഞ്ഞു; “അല്ലാഹുവിന്റെ ദൂതരേ, ﷺ ഇവൻ അല്ലാഹുവിനെക്കുറിച്ച് ചെറുതാക്കി പറഞ്ഞു. അല്ലാഹു ദരിദ്രനും ഞങ്ങൾ സമ്പന്നരുമാണെന്ന്. അപ്പോൾ അല്ലാഹുവിനോടുള്ള ഇഷ്ടത്താൽ എനിക്കിയാളോട് ദേഷ്യം വന്നു. ഞാനയാളെ അടിച്ചു പോയി , അത് ശരിയാണ് “. അല്ലാഹുവിനെ ആക്ഷേപിച്ച കാര്യം അപ്പോൾ ഫിൻഹാസ് നിഷേധിച്ചു. ഉടനെ ഖുർആനിലെ മൂന്നാം അധ്യായം ആലുഇംറാനിലെ നൂറ്റിഎൺപത്തിയൊന്നാം സൂക്തം അവതരിച്ചു. ആശയം ഇപ്രകാരം വായിക്കാം. “അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ അപ്പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വയ്ക്കുന്നതാണ്. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും”.
ഫിൻഹാസിന്റെ പരിണിതിയെക്കുറിച്ച് പറഞ്ഞ ഖുർആൻ സിദ്ദീഖ് (റ)നെ ഉപദേശിച്ചു കൊണ്ട് ഇപ്രകാരം ഇടപെട്ടു. “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍പ്പെട്ടതാകുന്നു”. ആലുഇംറാൻ അധ്യായത്തിലെ നൂറ്റിയെൺപത്തിയാറാമത്തെ സൂക്തത്തിന്റെ ആശയമാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
