
ത്വൽഖ് ബിൻ അലി (റ) പറയുന്നു; “നബി ﷺ യും അവിടുത്തോടൊപ്പമുള്ള മുസ്‌ലിംകളും പള്ളിയുടെ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നു. മണ്ണു കുഴച്ച് പാകമാക്കി പടവ് നടത്തുകയായിരുന്നു ഞാൻ. പണിയായുധം വാങ്ങി മണ്ണു കുഴയ്ക്കാൻ തുടങ്ങി. നബി ﷺ എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു; “ഈ ഹനഫിയ്യ് നന്നായി മണ്ണ് കുഴച്ച് പടവ് നടത്താൻ അറിയുന്ന ആളാണ്. നിങ്ങളുടെ കൂട്ടത്തിൽ നല്ല ദൃഢഗാത്രനും ആരോഗ്യവാനുമാണ് “.
പള്ളിയുടെ നീളവും വീതിയും യഥാക്രമം മുപ്പതും മുപ്പത്തിയഞ്ചും മീറ്ററായിരുന്നു. നബി ﷺ നിർമിച്ച ആദ്യത്തെ നിർമിതിയിൽ മൂന്നു വാതിലുകളായിരുന്നു ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത് ‘ബാബുർറഹ്മ:’, പടിഞ്ഞാറു ഭാഗത്ത് ‘ബാബു ജിബ്‌രീൽ’, കിഴക്ക് ഭാഗത്ത് ‘ബാബുന്നിസാഅ് ‘ എന്നിങ്ങനെയായിരുന്നു കവാടങ്ങളുടെ പേരുകൾ.
ഒന്നാം നിർമാണത്തിൻ്റെ ഏഴു വർഷങ്ങൾക്ക് ശേഷം പള്ളിയുടെ നിർമാണ വികസനം നടത്തി.
പളളിയുടെ നിർമാണത്തോടൊപ്പം തന്നെ നബി ﷺ യുടെ ഭവനങ്ങളുടെ നിർമാണവും തുടങ്ങി. പള്ളിയുടെ പരിസരങ്ങളിലായി കാലക്രമേണ ഒൻപത് ഭവനങ്ങൾ നിർമിക്കപ്പെട്ടു. ഓരോ ഭവനവും മുപ്പതോ നാൽപ്പതോ ചതുരശ്ര മീറ്റർ മാത്രമുള്ള കൊച്ചുകൊച്ചു കുടിലുകളായിരുന്നു. റൂമുകൾ എന്നർഥം വരുന്ന ‘ഹുജുറാത്ത് ‘ എന്ന പദമാണ് നബി ﷺ യുടെ ഭവനങ്ങളെ പരാമർശിച്ചുകൊണ്ട് ഖുർആൻ പ്രയോഗിച്ചത്. അബൂ അയ്യൂബിൽ അൻസ്വാരി (റ)യുടെ വീട്ടിൽ നിന്ന് നബി ﷺ താമസം മാറിയത് പള്ളിയുടെ വടക്ക് ഭാഗത്ത് നിർമിക്കപ്പെട്ട ഭവനങ്ങളിലേക്കായിരുന്നു. ആഇശ(റ), സൗദാ(റ) എന്നീ പത്നിമാരുടെ ഭവനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. പള്ളിയുടേത് പോലെത്തന്നെ ഇഷ്ടികയുടെ ചുമരും ഈത്തപ്പനയോലയുടെ മേൽക്കൂരയുമായിരുന്നു വീടുകൾക്കുണ്ടായിരുന്നത്. സൗദാ (റ)യുടെ വീട്ടിൽത്താമസം തുടങ്ങി ഏറെ കഴിഞ്ഞിട്ടാണ് ആഇശ (റ)യുടെ വീട്ടിൽ താമസം തുടങ്ങിയത്.
പിന്നീട് നബി ﷺ വിവാഹം ചെയ്ത എല്ലാ പത്നിമാർക്കും അതാത് സമയങ്ങളിൽ മുറികൾ നിർമിക്കുകയായിരുന്നു. ഹിജ്‌റ മൂന്നാം കൊല്ലം ഹഫ്സ (റ)യെയും നാലാം കൊല്ലം ഉമ്മുസലമ (റ)യെയും അഞ്ചാം കൊല്ലം സൈനബ് (റ)യെയും ആറാം കൊല്ലം ജുവൈരിയ (റ)യെയും ഉമ്മു ഹബീബ (റ)യെയും ഏഴാം കൊല്ലം സ്വഫിയ്യ (റ)യെയും മൈമുന (റ)യെയും വിവാഹം ചെയ്തു. ഈ ക്രമത്തിൽത്തന്നെയാണ് ഭവനങ്ങൾ നിർമിക്കപ്പെട്ടതും. പള്ളിയുടെ കിഴക്കും വടക്കും ഭാഗങ്ങളിലായിരുന്നു ഈ ഭവനങ്ങളെല്ലാം സ്ഥിതി ചെയ്തിരുന്നത്.
മുഹമ്മദ് ബിൻ ഉമർ അൽ അസ്‌ലമി എന്നവർ പറയുന്നു; “ഹാരിസത് ബിൻ അന്നുഅ്മാൻ എന്നവർക്ക് പള്ളിയുടെ പരിസരത്ത് ഭവനങ്ങളുണ്ടായിരുന്നു. നബി ﷺ യുടെ ജീവിതത്തിലേക്ക് ഓരോ പത്നി കടന്നുവരുമ്പോഴും മഹാനവർകൾ നബി ﷺ ക്ക് സ്വന്തം വീട്ടിൽ നിന്ന് സൗകര്യം ചെയ്തു കൊടുത്തു. കാലക്രമേണ പള്ളിയുടെ പരിസരത്ത് അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവൻ ഭവനങ്ങളും നബി ﷺ ക്ക് സൗകര്യപ്പെടുത്തിക്കൊടുത്തു.
‘അബ്ദുല്ലാഹിബിന് യസീദ് അൽ ഹുദലി’ എന്നവർ പറയുന്നു. ഉമർ ബിൻ അബ്ദുൽ അസീസ് (റ) എന്നവരുടെ കാലത്ത് വലീദ്ബിൻ അബ്ദുൽ മലികിന്റെ കൽപ്പനപ്രകാരം നബി ﷺ യുടെ ഭാര്യമാരുടെ ഭവനങ്ങൾ പൊളിച്ചുമാറ്റുന്ന നേരത്ത് ഞാൻ നേരിട്ട് സന്നിഹിതനായിരുന്നു. ആ സമയത്ത് ഒൻപത് വീടുകൾ നേരിട്ട് എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞു. ഇഷ്ടികകളും ഇത്തപ്പനത്തടിയും ഓലയും ഉപയോഗിച്ചുള്ള ശേഷിപ്പുകളാണ് കാണാൻ കഴിഞ്ഞത്. ആഇശ ബീവി (റ)യുടെ ഭവനത്തിന്റെയും അസ്മാഅ് ബിൻത് ഹസനി (റ)ന്റെ വീടിന്റെയും ഇടയിലായിരുന്നു ഈ ഭവനങ്ങളെല്ലാം ഉണ്ടായിരുന്നത്.
ഉമ്മുസലമ:(റ)യുടെ ഭവനം മാത്രം പൂർണമായും ഇഷ്ടികകൾ കൊണ്ട് നിർമിക്കപ്പെട്ടതായിരുന്നു. മഹതിയുടെ പൗത്രനോട് അതിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം നൽകിയ ഒരു വിശദീകരണം ഇങ്ങനെയായിരുന്നു : “നബി ﷺ ദൗമതുൽ ജൻദൽ സൈനിക നീക്കത്തിന് ശേഷം മടങ്ങിയെത്തിയപ്പോൾ ഉമ്മുസലമയുടെ വീട് ഇഷ്ടിക കൊണ്ട് നവീകരിച്ചത് ശ്രദ്ധിച്ചു. മഹതിയോട് കാര്യമന്വേഷിച്ചു. ജനങ്ങളിൽ നിന്ന് കൂടുതൽ മറ ലഭിക്കാനാണെന്ന് മഹതി വിശദീകരിച്ചു. അപ്പോൾ നബി ﷺ ഇങ്ങനെയൊരു പ്രസ്താവന നടത്തി. “എന്റെ സമുദായം വിനിയോഗിക്കുന്ന ധനത്തിൽ ഏറ്റവും ന്യൂനമായ ധനം കെട്ടിടത്തിന് വേണ്ടി വിനിയോഗിക്കുന്ന ധനമാണ് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
