
ആഇശ (റ)യിൽ നിന്നുള്ള ഒരു നിവേദനം ഇമാം അബായഅലാ (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം. മഹതി പറയുന്നു; “മദീന പള്ളിയുടെ ശിലാസ്ഥാപന സമയത്ത് നബി ﷺ ആദ്യം ഒരു ശില പാകി. തുടർന്ന് അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവർ ക്രമപ്രകാരം ഓരോ ശില വീതം പാകി. ഇതു സംബന്ധമായി നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു, ‘ഇതെനിക്ക് ശേഷമുള്ള ഖിലാഫത്തിന്റെ കാര്യമാണ്. അഥവാ, ഈ ക്രമത്തിലായിരിക്കും എനിക്ക് ശേഷം ഖിലാഫത്ത് ഉണ്ടാവുക’ എന്ന സൂചന നൽകുകയായിരുന്നു. ഇമാം ബൈഹഖി (റ)യുടെ തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘എനിക്കു ശേഷം കാര്യകർത്താക്കൾ ഇവരാണ് ‘.
നിർമാണ വേളയിലെ മറ്റൊരു രംഗം ഇങ്ങനെ വായിക്കാം : “നബി ﷺ പള്ളിനിർമാണത്തിനുള്ള ഒരു കല്ലും ചുമന്ന് പോവുകയാണ്. ഇത് കണ്ട ഉസൈദ് ബിൻ ഹുളൈർ (റ) നബി ﷺ യോട് പറഞ്ഞു, ‘അതിങ്ങ് തന്നേക്കൂ, ഞാൻ ചുമന്നു കൊണ്ട് പോകാം’. അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു, ‘നിങ്ങൾ വേറെ ഒരു കല്ല് ചുമന്ന് കൊണ്ടുവന്നോളൂ. ഞാൻ നിങ്ങളെപ്പോലെ അല്ലാഹുവിന്റെ മുന്നിൽ ഫഖീറാണ് ‘ അഥവാ, ആവശ്യക്കാരനാണ് “.
അല്ലാഹുവിന്റെ ദാസനും അടിമയുമാണെന്ന നബി ﷺ യുടെ താഴ്മയാണ് ഈ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാനുള്ളത്. സ്വഹാബിമാരുമായി അവിടുന്ന് പുലർത്തിയ സമീപനത്തിലെ സൗന്ദര്യം കൃത്യമായി ഇതിൽ നിന്ന് നമുക്ക് കാണാനാവും.
ഹസൻ (റ) എന്നവരിൽ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്നു. “നബി ﷺ പള്ളി നിർമാണം നടത്തിയപ്പോൾ അനുചരന്മാർ കൂടെച്ചേർന്നു. നബി ﷺ കല്ലു ചുമന്ന് അവിടുത്തെ മാറിടത്തിൽ പൊടിപടലങ്ങളായി. ഉസ്മാൻ ബിൻ മള്ഗൂൻ (റ) ഒരു സംസാരക്കാരനായിരുന്നു. അദ്ദേഹം കല്ലു ചുമക്കുമ്പോൾ വസ്ത്രത്തിൽ നിന്ന് അകറ്റിപ്പിടിച്ചു. കല്ലു നിലത്തു വച്ച ശേഷം വസ്ത്രമൊക്കെ ഒന്നു കൂടി നോക്കി പൊടിയൊക്കെ തട്ടിക്കളയും. ഇതു കണ്ട അലി (റ) പാടി.
‘ ലാ യസ്തവീ മൻ യഅ്മുറുൽ മസാജിദാ
യദ് അബു ഫീഹാ ഖാഇമൻ വഖാഇദാ
വമൻ യുറാ അനിൽ ഗുബാരി ഹാഇദാ’
‘നിന്നും ഇരുന്നും അധ്വാനിച്ചു പള്ളി നിർമിക്കുന്നവനും പൊടി പുരളും എന്ന് കരുതി മാറിനിൽക്കുന്നവനും തുല്യമാവില്ല’ എന്നതാണ് ഈ വരികളുടെ ഉദ്ദേശ്യം. ഈ വരികൾ കേട്ടതും അമ്മാർ ബിൻ യാസിർ (റ) ഈ വരികൾ ഏറ്റു ചൊല്ലി. ആരെ ഉദ്ദേശിച്ചുകൊണ്ടാണ് അലി (റ) ഇത് പാടിയത് എന്ന കാര്യം അമ്മാർ (റ) ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, അമ്മാർ (റ) ഉസ്മാനുബിനു മള്ഗൂനി (റ)ന്റെ അടുത്തു കൂടിക്കടന്നു പോയി. അപ്പോൾ ഉസ്മാൻ (റ) അമ്മാറി (റ)നോട് പറഞ്ഞു. ‘സുമയ്യയുടെ മോനേ, ആരെക്കുറിച്ചാണ് നീ പാടിയതെന്ന് ഞാനറിയത്തില്ലെന്നാണോ?’ അപ്പോഴദ്ദേഹത്തിന്റെ പക്കൽ ഒരു ഈത്തപ്പനക്കമ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഇതുകൊണ്ട് ഞാൻ നിങ്ങളുടെ മുഖത്തൊന്നു വച്ചു തരും’. ഇത് നബി ﷺ കേൾക്കാനിടയായി. അവിടുത്തേക്ക് അതിഷ്ടമായില്ല. അവിടുന്ന് ദേഷ്യം പിടിച്ചു. എന്നിട്ട് പറഞ്ഞു, ‘അമ്മാർ എന്റെ പ്രിയക്കാരനാണ്. എൻ്റെ നേത്രങ്ങളുടെയും നാസികയുടെയും ഇടയിലുള്ള ഭാഗമാണ് ; അഥവാ, കണ്ണിലുണ്ണിയാണ്. അതുകൊണ്ട് , ഇപ്പറഞ്ഞത് കുറച്ചധികമായിപ്പോയി’. ശേഷം നബി ﷺ അവിടുത്തെ തൃക്കരം രണ്ട് നേത്രങ്ങൾക്കിടയിൽ വച്ചു. അപ്പോൾ എല്ലാവരും ആദരപൂർവം അമ്മാറി (റ)ന്റെ പരിസരത്ത് നിന്ന് വിട്ടുനിന്നു. എന്നിട്ടവർ പറഞ്ഞു, ‘അല്ലയോ , അമ്മാറേ !(റ) നിങ്ങളുടെ കാര്യത്തിൽ നബി ﷺ ഞങ്ങളോട് ദേഷ്യം പിടിച്ചു പോയല്ലോ! വല്ല ആയത്തും ഈ വിഷയികമായി അവതരിക്കുമോ എന്ന് ഞങ്ങൾ പേടിച്ചുപോയി’. അമ്മാർ (റ) പറഞ്ഞു എനിക്ക് വേണ്ടി ദേഷ്യം പിടിച്ച നബി ﷺ യെ ഞാൻ തന്നെ സന്തോഷിപ്പിക്കാം’. എന്നിട്ടദ്ദേഹം നബി ﷺ യോട് ചോദിച്ചു, ‘അല്ലാഹുവിന്റെ ദൂതരേ, ﷺ ഞാനും അവിടുത്തെ സ്വഹാബികളും തമ്മിലെന്താ പ്രശ്നം?’ ഉടനെ അവിടുന്നു ചോദിച്ചു; ‘നിങ്ങളും അവരും തമ്മിലെന്താ പ്രശ്നം?’ ‘അവരെന്നെക്കൊല്ലാൻ ഉദ്ദേശിക്കുകയാണ്! അവരെല്ലാം ഒരു കല്ലു ചുമക്കുകയും എനിക്ക് രണ്ടെണ്ണം വീതം വച്ചു തരികയും ചെയ്യുന്നു’.(രണ്ട് കല്ലെടുത്തതിനാൽ ആരും മരിക്കുകയും ഒന്നും ചെയ്യൂല്ല. മാത്രമല്ല അമ്മാർ നബി ﷺ ക്ക് പകരമാണ് ഒന്ന് കൂടി ഏറ്റുവാങ്ങിയത്. നബി ﷺ യെ ചിരിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പ്രയോഗിച്ചത്) അപ്പോൾ നബി ﷺ പറഞ്ഞു; ‘അവരല്ല കൊല്ലുക. തെമ്മാടികളായ ഒരു സംഘം നിങ്ങളെ കൊല്ലും. നിങ്ങൾ അവരെ സ്വർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ അവർ നിങ്ങളെ നരകത്തിലേക്കു ക്ഷണിക്കും’.
ഇതൊരു പ്രവചനമായിരുന്നു. ഹിജ്റാബ്ദം മുപ്പത്തിയേഴിന് തന്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ സ്വാഫീനിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
