
76. മസ്ജിദുൽ അഖ്‌സാ. ഇബ്നുൽ മുലഖ്വിൻ ‘അൽ ഇശാറാത് ‘ എന്ന കൃതിയിൽ ഈ നാമം പറഞ്ഞിട്ടുണ്ട്.
77. അൽ മിസ്കീന. തൗറാതിൽ ഈ പേര് പരാമർശിച്ചിട്ടുണ്ട്. ‘ഭയഭക്തരായ വിനീതരുടെ സങ്കേതം’ എന്ന ആശയത്തിലാണ് ഈ നാമം.
78. അൽ മുസ്‌ലിമ: വിധേയരുടെ നാട്.
79. മള്ജഉ റസൂലില്ലാഹ്: അല്ലാഹുവിൻ്റെ തിരുദൂതരുടെ വിശ്രമ സ്ഥലം. ഹദീസിൽ ഈ അർഥത്തിലുള്ള പ്രയോഗം വന്നിട്ടുണ്ട്.
80. അൽ മുത്വയ്യബ: ത്വൈബ എന്ന നാമത്തിൻ്റെ ആശയത്തോട് ചേർന്നു നിൽക്കുന്നതാണ്.
81. അൽ മുഖദ്ദസ: പരിശുദ്ധിയുടെ ഇടം. ബഹുദൈവാരാധനയിൽ നിന്നും പാപങ്ങളിൽ നിന്നും പവിത്രം.
82. അൽ മഖർറ്. വാസസ്ഥലം. ‘മദീനയെ വാസസ്ഥലമാക്കേണമേ’ എന്ന മുത്ത് നബിﷺയുടെ പ്രാർഥന ഹദീസിൽ വന്നിട്ടുണ്ട്.
83. അൽ മക്കത്താൻ: സഅദ് ബിൻ അബിസ്സർഹ് ഉസ്മാൻ(റ)ന്റെ വീട്ട് തടങ്കലിനെ പരാമർശിച്ചപ്പോൾ മദീനയെ പരിചയപ്പെടുത്തിയത് ‘മക്കത്താൻ ‘ എന്നാണ്. മക്കയും മദീനയും ചേർത്ത് രണ്ട് മക്കകൾ എന്ന് പ്രയോഗിച്ചതും ആവാം. ഇശാഇനെയും മഗ്‌രിബിനെയും ചേർത്ത് രണ്ട് മഗ്‌രിബുകൾ രണ്ട് ഇശാഉകൾ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അറബിയിൽ പ്രസിദ്ധമാണ്.
84. അൽ മക്കീന: സ്ഥാനമഹത്വമുള്ള സ്ഥലം.
85. മുഹാജറു റസൂലില്ലാഹ്ﷺ : അല്ലാഹുവിന്റെ ദൂതർﷺ പലായനം ചെയ്തെത്തിയ സ്ഥലം.
86. അൽ മൂഫിയ: കരാറുകൾ പാലിക്കുന്ന ദേശം.
87. അന്നാജിയ: രക്ഷാ ഭവനം.
88. നബ്‌ലാഉ. ശ്രേഷ്ഠം, സുരക്ഷ എന്നൊക്കെയാണ് ആശയം.
89. അന്നഹ്റ്. കാലാവസ്ഥയുടെ ഉഷ്ണത്തെ സൂചിപ്പിക്കുന്ന നാമമാണിത്.
90. അൽ ഹദ്റാഉ. യൗമുൻ ഹാദിറുൽ എന്ന അറബിയിലുള്ള പ്രയോഗത്തിന്റെ അർഥം ‘ചൂടുള്ള ദിവസം’ എന്നാണ്. അപ്പോൾ മദീനയിലെ ഒരു സമയത്തെ, കാലാവസ്ഥയെ സൂചിപ്പിച്ചു കൊണ്ടുള്ള നാമകരണമാണിത്.
91. യൻദദ്. പവിത്രം, വിഭവസമൃദ്ധം എന്നൊക്കെ അർഥം നൽകുന്ന പ്രയോഗങ്ങളാണിത്.
92. മദീന: പട്ടണം. പട്ടണം എന്ന പേരിൽ തന്നെ ലോകത്തറിയപ്പെടുന്ന ശ്രേഷ്ഠ സ്ഥലമാണ് മദീന:
93. മദീനതു റസൂലില്ലാഹ്ﷺ. അല്ലാഹുവിന്റെ തിരുദൂതരുﷺടെ പട്ടണം.
മദീന ഉൾക്കൊള്ളുന്ന ആത്മീയവും ഭൗതികവുമായ മഹത്വങ്ങളെ അറിയിക്കുന്ന നാമങ്ങളാണ് നാം വായിച്ചത്. ഖുർആനിൽ, ഹദീസിൽ, മുൻകാല വേദങ്ങളിൽ, പ്രമുഖരുടെ പരാമർശങ്ങളിൽ മദീനയെ പരിചയപ്പെടുത്തിയ വിശേഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങളാണ് ഏറെയും. ഒരു പ്രദേശം ഇത്രമേൽ അപദാനങ്ങളാൽ വിളിക്കപ്പെടുന്നു എന്നത് വൈജ്ഞാനികമായ ഒരു കൗതുകവും അനുരാഗികൾക്ക് ആനന്ദദായകവുമാണ്. അത് കൊണ്ടാണ് ഇമാം യൂസുഫ് സ്വാലിഹി അശ്ശാമിയെ പോലെയുള്ളവർ പ്രാധാന്യത്തോടെയും ആവശ്യമായ വിശദീകരണങ്ങളോടെയും ഈ വിഷയത്തിന് ഒരധ്യായം നീക്കി വച്ചത്. മദീനയുടെ മഹത്വവും ചരിത്രവും പറയുന്ന ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളിലും വിവിധ പേരുകൾ ഒരധ്യായമാണ്. ഒരു വ്യക്തിക്കോ ദേശത്തിനോ ഒക്കെ നിരവധി നാമങ്ങളുണ്ടെന്ന് വന്നാൽത്തന്നെ അത് മഹത്വത്തിന്റെ ഒരു സൂചനയാണ്.
നബിﷺയുടെ ആഗമനത്തോടെ യസ്‌രിബ് മദീനയായി. ഒപ്പം മദീനയിലെ പലതും നവീകരിച്ചു. മദീനയിൽ നേരത്തേ ഉണ്ടായിരുന്ന ഒരു വ്യാധി പൂർണമായും ഇല്ലായ്മ ചെയ്യപ്പെട്ടു. ഇതുസംബന്ധിയായ ഒരു ഹദീസ് ഇമാം ബുഖാരി (റ)യും തുർമുദി (റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്. ആശയം ഇങ്ങനെ വായിക്കാം : “ആഇശ(റ) പറയുന്നു. നബിﷺമദീനയിലേക്ക് വന്നു. അന്ന് ലോകത്ത് തന്നെ ഏറ്റവും ജ്വരബാധയുള്ള പ്രദേശമായിരുന്നു മദീന. അവിടുത്തെ താഴ്‌വരയിലൂടെ ഒലിച്ചിരുന്നത് രോഗബാധയ്ക്ക് നിമിത്തമാകുന്ന വെള്ളമായിരുന്നു. നബിﷺയുടെ അനുചരന്മാർക്കും പനിയും മറ്റും ബാധിച്ചു. അബൂബക്കർ (റ), ആമിർ ബിൻ ഫുഹൈറ (റ), ബിലാൽ (റ) എന്നിവർ ഒരേ വീട്ടിൽത്തന്നെ രോഗബാധിതരായിക്കിടന്നു. നബി ﷺ യുടെ അനുമതിയോടെ ഞാനവരെ സന്ദർശിച്ചു. അന്ന് പർദയുടെ നിയമം പ്രാബല്യത്തിലില്ലായിരുന്നു. അപ്പോഴവരുടെ രോഗാവസ്ഥ ഏറെ ഗുരുതരമായിരുന്നു. ഞാൻ എന്റെ ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘എങ്ങനെയുണ്ട്?’ അവിടുന്നൊരു കവിതാശകലം മറുപടിയായി പറഞ്ഞു.
‘കുല്ലുംരിഇൻ മുസ്വബ്ബഹുൻ ഫീ അഹ്‌ലി ഹി
വൽ മൗതു അദ്നാ മിൻ ശിറാക്കി നഅലിഹി’ –
ചെരുപ്പിന്റെ വളളി ചെരുപ്പോടടുത്ത പോൽ
മരണത്തോടടുത്തൊരാൾ വീട്ടിൽക്കിടപ്പായി !
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
