
നബി ﷺ യുടെ സഞ്ചാരം കിഴക്കോട്ട് മാറി വാദീ അൽ ഖർറാറിലേക്ക് പ്രവേശിച്ചു. അൽ അസ്വരിയ്യ ലാവാ ട്രാക്കിനോട് ചേർന്നാണ് സഞ്ചാര പാത. അൽപ്പം കൂടി മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞതോടെ ‘ജൂഹ്ഫയിൽ’ എത്തി. ഇവിടെ വച്ചാണ് വിശുദ്ധ ഖുർആനിലെ ‘അൽഖസ്വസ്’ അധ്യായത്തിലെ എൺപത്തിഅഞ്ചാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ് :
“തങ്ങളുടെ മേൽ ഖുർആൻ അവതരിപ്പിച്ച് നിയമങ്ങൾ നിർബന്ധമാക്കിയവൻ തങ്ങൾ പ്രയാണമാരംഭിച്ച സ്ഥലത്തേക്ക് തന്നെ മടക്കിയെത്തിക്കും.” അഥവാ മുത്ത് നബി ﷺ യെ മക്കയിലേക്ക് തന്നെ ഒരു നാൾ മടക്കിയെത്തിക്കുമെന്ന് സാരം. ജന്മനാടിനോടുള്ള വിരഹത്തിന്റെ വേദന ശമിപ്പിക്കുന്ന സൂക്തമായിരുന്നു ഇത് .
ജുഹ്ഫ നേരത്തെത്തന്നെ സഞ്ചാരികൾക്ക് പരിചയമുള്ള പ്രദേശമാണ്. നബി ﷺയും ഇത് വഴി കടന്നു പോയിട്ടുണ്ട്. വ്യാപാരയാത്രകൾ കടന്നു പോകുന്ന പ്രദേശമാണ്. പിൽക്കാലത്ത് അബ്ബാസികൾ നിർമിച്ച അൽയാ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ ‘മീഖാത്’ അഥവാ ഇഹ്റാം ചെയ്യാൻ നിർണയിക്കപ്പെട്ട അതിർത്തികൂടിയാണിത്. ഹിജ്റയുടെ എട്ടാം വർഷം മക്കാവിജയത്തിലേക്കുള്ള വഴിയിൽ മുത്ത് നബി ﷺ അവിടുത്തെ പിതൃസഹോദരനായ അബ്ബാസ് (റ) കണ്ട് മുട്ടിയത് ഇവിടെ വച്ചായിരുന്നു. അദ്ദേഹം കുടുംബ സമേതം മദീനയിലേക്ക് പലായനം ചെയ്തു വരികയായിരുന്നു. തുടർന്ന് നബി ﷺ യോടൊപ്പം മക്കയിലേക്ക് തന്നെ മടങ്ങി. നബി ﷺ ക്ക് ഏറെ സന്തോഷം നൽകിയ കൂടിക്കാഴ്ചയായിരുന്നു അത്.
സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ടിട്ട് നിരന്തരമായ യാത്രയുടെ രണ്ട് നാളുകൾ പിന്നിട്ടു. അബൂബക്കർ (റ) ന്റെ സന്ദർഭാനുസൃതമായ സേവനങ്ങൾ പരിചാരകന്റെയും അംഗരക്ഷകന്റെയും ദൗത്യം പൂർത്തീകരിക്കുന്നതായിരുന്നു. പല തവണ കച്ചവടയാത്ര ചെയ്ത പരിചയവും മഹാനവർകൾക്കുള്ള ഒരു മികവായിരുന്നു.
ഗുഹയിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം ദിവസം, റബീഉൽ അവ്വൽ മൂന്ന് സെപ്തംബർ പതിന്നാല്. വാദീ ഖർറാരിലൂടെ യാത്ര തുടർന്നു. ഖംക്രീക്കിനോട് ചേർന്നായിരുന്നു യാത്ര. നല്ല വെള്ളച്ചാൽ അനുഭവിക്കാവുന്ന പ്രദേശമാണിത്. പിൽക്കാലത്ത് ഹിജ്റയുടെ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞുള്ള മടക്കയാത്രയിൽ നബി ﷺ ഇവിടെ തമ്പടിച്ചിരുന്നു. അതിനിടയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അലി (റ) നെ പ്രത്യേകം പ്രശംസിച്ച രംഗം ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. ഹിജാസ് താഴ്‌വര, ജുഹ്ഫ താഴ്‌വര എന്നീ പേരുകളും ഈ പ്രദേശത്തെക്കുറിച്ച് ഗ്രന്ഥങ്ങളിൽ കാണാനുണ്ട്.
മരുപ്രദേശങ്ങളിൽ മദീനയുടെ സ്വഭാവമുള്ള ഭൂവിതാനത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ ഉറവകളും അരുവികളും ലഭിക്കും. ചിലപ്പോൾ കുന്നിൻ പുറങ്ങളിലൂടെ മറ്റു ചിലപ്പോൾ താഴ്‌വരകളിലൂടെ മുത്ത് നബിﷺയുടെ വാഹനം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു. അങ്ങനെ അൽ മുർറ: കുന്നിൻ പ്രദേശത്തെത്തി. അതിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി ‘മാഅ് അഹ്‌യാ’ എന്ന അരുവി ഒലിക്കുന്നുണ്ട്. പിൽക്കാലത്ത് നബി ﷺ നിയോഗിച്ച ഉബൈദത് ബിൻ അൽ ഹാരിസിൻ്റെ നേതൃത്വത്തിലുള്ള സംഘം അബൂസുഫ്യാന്റെ സംഘവുമായി കണ്ടുമുട്ടിയത് ഈ അരുവിയുടെ അടുത്ത് വച്ചാണ്. അന്ന് ഉബൈദത്ത് ബിൻ അൽഹാരിസിനൊപ്പം എൺപത് സ്വഹാബികളാണ് ഉണ്ടായിരുന്നത്.
‘മുർറ’ കുന്നിൻപ്രദേശങ്ങൾ കടന്ന ഉടനെ ‘ലഖഫ്’ താഴ്‌വരയിലേക്ക് പ്രവേശിച്ചു. ഈ പാതയിൽ ശ്രദ്ധേയമായ പല അടയാളങ്ങളും ഉണ്ട്. റീഉ അബൂദുകവെമ: , രിഅ അൽ ഹുമയ്യ: എന്നീ ഉപപാതകളും സാദ് താഴ്‌വരയും അതിൽ പ്രധാനപ്പെട്ടവയാണ്. തുടർന്ന് മുന്നോട്ടുള്ള യാത്രയിൽ അൽ മുസൈദിറ ജലധാരയോട് ചേർന്ന് ഖുശൂം കുന്നിൻ പുറത്തേക്ക് നടന്നു. ഉയർന്ന മലകളോട് ചേർന്ന് യാത്രക്കാർ തണൽ തേടുന്ന കൊച്ചു കുന്നുകളിൽപ്പെട്ട ഭാഗമാണ് മുസ്തസില്ലാത്തു ഖുശൂം എന്ന് പറയപ്പെടുന്ന ഈ ഭാഗങ്ങൾ. ഹുമയ്യാ പാതയുടെ നീളം അറുന്നൂറ് മീറ്ററും സമുദ്രനിരപ്പിൽ നിന്ന് നൂറ്റിയെട്ട് മീറ്റർ ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
