
ഈ പാതയിൽ പല സ്ഥലത്തും നാൽക്കാലികൾക്ക് വെള്ളം കുടിക്കാനുള്ള ചെറിയ ഹൗളുകൾ അഥവാ കല്ലിൽക്കൊത്തിയ ടാങ്കുകൾ കാണാൻ കഴിയും. പഴമയുടെ സാക്ഷ്യം പേറി ഇന്നും ചിലയിടങ്ങളിൽ ഇത് കാണുന്നുണ്ട്. യാത്ര മുന്നോട്ടുഗമിച്ച് നൂറ്റിയൻപത് മീറ്റർ ‘സ്വാദ് ‘ താഴ്‌വര കടന്നുപോയി. സമുദ്രനിരപ്പിൽ നിന്ന് നൂറ്റിയൊന്ന് മീറ്റർ ഉയരത്തിലുള്ള പ്രദേശത്തു കൂടിയാണ് ഇപ്പോൾ സഞ്ചാരം. തുടർന്ന് ‘മുസൈദിറ:’ അരുവിയുടെ ചാരത്തെത്തി. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ ആയിരത്തിയെണ്ണൂറു മീറ്റർ ദൂരം ‘രിജിലിയാൻ’ പാതയിലൂടെ സഞ്ചരിച്ചു. സാധാരണ വ്യാപാര മാർഗത്തിന് സമാന്തരമായി പന്ത്രണ്ട് കിലോമീറ്റർ നീളത്തിലുള്ള പാതയാണിത്. ഈ വഴി ചെന്നുമുട്ടുന്നത് ‘ഹാമിള:’ താഴ്‌വരയിലേക്കും ‘ഹയാ’ നീർച്ചാലിലേക്കുമാണ്. ഇവിടെ പൊതുവേ , മലവെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലമാണ്. അടയാളങ്ങളുള്ള കുറെ പഴയ ഖബറുകൾ ഇവിടെക്കാണാം. പിന്നീട് ‘രിത്വഖ’ താഴ്‌വരയിലേക്കാണ് പ്രവേശിച്ചത്. ഇവിടെ ‘അൽ ഖുസൈബ’ ലാവാ ട്രാക്കുമായി ബന്ധിക്കുന്ന
‘ഉമ്മുൽ ഹബ്ബ് ‘ എന്ന അരുവിയുണ്ട്. തുടർന്ന് അൽ ഖുസൈബ വഴി ‘വാദി അൽ ഫർഇ’ലേക്ക് പ്രവേശിച്ചു. ഈ അടുത്ത സമയത്ത് ഈ ലേഖകൻ പ്രസ്തുത താഴ്‌വരയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ‘വാദി അൽ ഫർഅ് ‘ എന്ന താഴ്‌വരയെക്കുറിച്ചു മാത്രം സ്വതന്ത്ര പഠനം നടത്തിയ ഗ്രന്ഥങ്ങളുണ്ട്. ഹിജാസിലെത്തന്നെ സുപ്രധാനമായ ഒരു താഴ്‌വരയാണിത്. ലിഖ്ഫ്, മിജാഹ്, അൽ ഖാഹാ എന്നീ താഴ്‌വരകളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശം മദീനയിലേക്കുള്ള ഒരു സമാന്തരപാത കൂടിയാണ്. വാദീ ഫർഇലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ച നബി ﷺ ‘ലിഖ്ഫ് ‘ താഴ്‌വരയിലേക്കെത്തിച്ചേർന്നു. അവിടുന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് ‘മുലൈസാ’ പർവതത്തിലെത്തി. മിനുസമുള്ള കൂറ്റൻ പാറകൾക്ക് പ്രസിദ്ധമായ മലയാണിത്. അവിടെ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ച് ‘രിദ്‌വാൻ’ കിണറ്റിന്റെയടുത്തെത്തി. സെപ്തംബർ പതിന്നാല് ബുധനാഴ്ച അഥവാ, റബീഉൽ അവ്വൽ മൂന്നിന് രാത്രി മുത്ത് നബി ﷺ യും ഒപ്പമുള്ളവരും അവിടെക്കഴിച്ചുകൂട്ടി.
നിരന്തരമായി താഴ്‌വരകളും കുന്നുകളും കയറിയിറങ്ങി സാഹസികമായ സഞ്ചാരത്തിന്റെ നാൾവഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. പലായനത്തിന്റെ വേദനയും സഞ്ചാര പാതയുടെ ദുർഘടാവസ്ഥകളും കടിച്ചിറക്കിയുള്ള പ്രയാണമായിരുന്നു അത്. ഓരോ കുന്നിനും മലയ്ക്കും അതാതിന്റെ മലഞ്ചെരുവുകൾക്കും സ്വതന്ത്രമായ പേരുകളും നിർണയങ്ങളുമുണ്ട്. മുഹമ്മദ് ﷺ ഒരു ഐതിഹ്യമോ കഥാപാത്രമോ അല്ലെന്നും ആയിരക്കണക്കിന് ചരിത്രസാക്ഷ്യങ്ങളുടെയിടയിലൂടെ ജീവിച്ചു പോയ വ്യക്തിത്വമാണെന്നും ഇത്തരം വായനകൾ നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യജീവിതത്തിന്റെ ചൂടും ചൂരും അറിഞ്ഞും അനുഭവിച്ചും മനുഷ്യനാവശ്യമായ ജീവിതക്രമം പ്രായോഗിക ജീവിതത്തിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു അവർ.
നമുക്ക് ഹിജ്റയിലേക്ക് തന്നെ വരാം. വ്യാഴാഴ്ച രാവിലെ റബീഉൽ അവ്വൽ നാലിന് വീണ്ടും യാത്ര തുടർന്നു. ‘ലഖ്ഫ് ‘ അരുവിയുടെ ചാരത്തു നിന്ന് മുന്നോട്ട് നീങ്ങി. ഈ താഴ്‌വര ‘മിജാഹ് ‘ നീർച്ചാലിലേക്കാണ് ചെന്നുചേരുന്നത്. ഏകദേശം ഇരുന്നൂറ് മീറ്റർ പിന്നിട്ട് കഴിഞ്ഞപ്പോൾ താഴ്‌വരകളുടെ സംഗമസ്ഥാനത്ത് ‘മുബൈരിക്ക് ‘ കിണറ്റിന്റെയടുത്തെത്തി. കച്ചവടയാത്രക്കാരും അല്ലാത്ത സഞ്ചാരികളും അന്ന് തമ്പടിച്ചിരുന്നത് പ്രധാനമായും ലഭ്യമാകുന്ന കിണറുകളെ ചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട് അറേബ്യൻ യാത്രയിലെ സുപ്രധാനമായ സ്ഥലസൂചകങ്ങളാണ് ഇത്തരം കിണറുകൾ. പിൽക്കാലത്ത് സ്ഥലനാമങ്ങൾപ്പോലും കിണറുകളുടെ പേരിൽ വിളിക്കപ്പെട്ടു. ‘അബ്‌യാർ അലി’ എന്ന പേര് അതിനൊരുദാഹരണമാണ്. കിണർ എന്നതിന്റെ അറബി പദമായ ‘ബിഅ്ർ’ എന്നതിനോട് ചേർത്താണ് ‘അബ്‌യാർ’ എന്ന് പ്രയോഗിച്ചിട്ടുള്ളത്.
‘ദുൽ അസവൈൻ’, ‘മിജാഹ് ‘ എന്നീ അരുവികൾ മുറിച്ചു കടന്ന് മുത്ത് നബി ﷺ യുടെ വാഹനം ‘ഉമ്മു കശ്ദ് ‘ താഴ്‌വരയിൽ എത്തി. ഈ മലഞ്ചെരുവിലൂടെയുള്ള സഞ്ചാര പാതയും ഉമ്മുകശ്ദ് എന്ന ഈ പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്.
ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് നബി ﷺ കടന്നുപോയ അതേ സഞ്ചാര പാതയിൽ ഒരു സംഘം ഗവേഷകരോടൊപ്പം ‘ഡോ. അബ്ദുല്ല അൽ ഖാളി’ നടത്തിയ പഠന യാത്രയുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ സ്ഥിതിവിവരങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
