
ബർറാഇൻ്റെ നിലപാടിനെ കുറിച്ച് മറ്റുള്ളവർ നബി ﷺ യോട് സംശയം ഉന്നയിച്ചു. ഇപ്പോൾ ബൈതുൽ മുഖദ്ദസിലേക്ക് തന്നെയാണ് തിരിയേണ്ടത് അഥവാ ഖിബ്’ലയായി കണക്കാക്കേണ്ടത് എന്ന് നബി ﷺ പറഞ്ഞു.
ശേഷം, ബർറാഅ നബി ﷺ യോട് കരാർ ചെയ്യാൻ വേണ്ടി കൈ നീട്ടി. എന്നിട്ടിപ്രകാരം പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരേ ﷺ ഞങ്ങളിതാ കരാർ ചെയ്യുന്നു. പടവാളിന്റെയും പോരാട്ടത്തിന്റെയും സന്തതികളാണ് ഞങ്ങൾ. പാരമ്പര്യമായി ഞങ്ങൾക്ക് ലഭിച്ചതാണാമഹത്വം”. ഇത്രയും പറഞ്ഞപ്പോഴേക്കും അബുൽ ഹൈസം അത്തയ്യിഹാൻ എന്നവർ ഇടപെട്ടു. ഞങ്ങൾ ജൂതന്മാരുമായി ചില കരാറിലൊക്കെ ഏർപെട്ടിരുന്നു. അതൊക്കെ ഞങ്ങൾ ദുർബലപ്പെടുത്തി. ഇത്രയുമൊക്കെ ഞങ്ങൾ ചെയ്ത ശേഷം നാളെ അവിടുത്തേക്ക് സ്വീകാര്യതയും ശക്തിയും വിജയവുമൊക്കെ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങളെ മറന്ന് സ്വന്തം ജനതയിലേക്ക് തന്നെ തിരിച്ചു പോകുമോ?
തൂമന്ദഹാസത്തോടെ നബി ﷺ പറഞ്ഞു. ഇല്ല, ഒരിക്കലുമില്ല. നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്. നിങ്ങളുടെ രക്തം എന്റേത് കൂടിയാണ്. ഞാൻ നിങ്ങളുടേതും നിങ്ങൾ എന്റേതുമാണ്.
അത്യുത്സാഹത്തോടെ ഖസ്റജുകാർ പ്രതിജ്ഞക്കൊരുങ്ങുമ്പോൾ അതാ മറ്റൊരിടപെടൽ കൂടി. അബ്ബാസ് ബിൻ ഉബാദ വിളിച്ചു പറഞ്ഞു. നിങ്ങൾ എന്തൊരു പ്രതിജ്ഞക്കാണ് തയ്യാറാകുന്നത് എന്ന് നിങ്ങൾക്കറിയാമോ? വേണ്ടി വന്നാൽ ചുവന്നവരും കറുത്തവരുമായ ഏത് തരം ശത്രുവിനോടാണെങ്കിലും സായുധമായി നേരിടേണ്ടി വരും. നിങ്ങളുടെ നേതാക്കൾ കൊല്ലപ്പെടുകയും സ്വത്തുകൾ നഷ്ടപ്പെടുകയും ചെയ്തെന്നു വരും. അപ്പോൾ നിങ്ങൾ ഈ വ്യക്തിയെ കൈവിട്ടിട്ടു കാര്യമില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ കൈവിട്ടേക്കുക. പ്രതിജ്ഞയുടെ പ്രാധാന്യം നിങ്ങൾ അറിയുന്നുണ്ടോ? അവർ ഏകസ്വരത്തിൽ പറഞ്ഞു ആൾനാശമോ സാമ്പത്തിക നഷ്ടമോ നേതാക്കൾ കൊല്ലപ്പെടുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞങ്ങൾ ഈ വ്യക്തിത്വത്തെ സംരക്ഷിക്കും. അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേ ﷺ ഇതിന് പ്രതിഫലമായി ഞങ്ങൾക്കെന്താണ് നൽകുക. അവിടുന്ന് പറഞ്ഞു. “നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും.”
പിന്നെ ആരെയും കാത്തുനിന്നില്ല. അവർ കൈകൾ നീട്ടി. മുത്ത് നബി ﷺ അവിടുത്തെ തിരുകരം കൊണ്ട് സ്വീകരിച്ചു. എല്ലാവരും പ്രതിജ്ഞ ചെയ്തു. ഉടമ്പടി പൂർത്തിയായപ്പോൾ നബി ﷺ പറഞ്ഞു നിങ്ങളിൽ നിന്ന് പന്ത്രണ്ട് പ്രതിനിധികളെ പ്രത്യേകം നിർണയിക്കണം. അവരായിരിക്കണം കാര്യനിർവ്വഹണങ്ങളുടെ പ്രധാന ഉത്തരവാദികൾ. ഒരു ജനറൽ ബോഡിയിൽ നിന്ന് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കും പോലെ ഖസ്റജിൽ നിന്ന് ഒൻപത് പേരെയും ഔസ് ഗോത്രക്കാരായ മൂന്ന് പേരെയും ചേർത്ത് പന്ത്രണ്ട് പേരെ നിർണയിച്ചു.
ശേഷം അവരോട് പറഞ്ഞു. നിങ്ങളുടെ സമൂഹത്തിന്റെ നടപടികൾക്ക് നിങ്ങളായിരിക്കും ഉത്തരവാദികൾ. മർയമിന്റെ മകൻ ഈസാ പ്രവാചകന്റെ(അ) പ്രത്യേകക്കാരായ ശിഷ്യന്മാർ ‘ഹവാരികൾ’ എന്ന പോലെ അൻസാരികൾ അവരോധിക്കപ്പെട്ടു. ‘നുഖബാഅ്’ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെട്ട പന്തണ്ടാളുകളുടെ പേരുകൾ ഇങ്ങനെ വായിക്കാം.
ഔസ് ഗോത്രത്തിൽ നിന്നും:
1. ഉസൈദ് ബിൻ ഹുളൈർ
2. അബുൽ ഹൈസം അത്തയ്യിഹാൻ
3. സഅദ് ബിൻ ഖൈസമ
ഖസ്റജ് ഗോത്രത്തിൽ നിന്നും:
4. അസ് അദ് ബിൻ സുറാറ:
5. റാഫിഅ ബിൻ മാലിക്
6. സഅദ് ബിൻ ഉബാദ:
7. മുൻദിർ ബിൻ അംറ്
8. ബറാഅ ബിൻ മഅറൂർ
9. സഅദ് ബിൻ ബീഅ്
10. അബ്ദുല്ലാഹ് ബിൻ റവാഹ:
11. ഉബാദത് ബിൻ സ്വാമിത്
12. അബ്ദുല്ലാഹിബിൻ അംറ്:
മുൻദിർ ബിൻ അംറിന്റെ സ്ഥാനത്ത് മാലിക് ബിൻ മാലികിനെയും ഉബാദത് ബിൻ സ്വാമിതിനെയും ഖാരിജത് ബിൻ സൈദിനെയും എണ്ണിയ ചരിത്രകാരന്മാരെയും കാണാം.
രാത്രിയുടെ വന്യതയിൽ മക്കയിലെ ഒരു മലഞ്ചരുവിൽ നടന്ന ഈ ഉടമ്പടി കരാർ ചെയ്തവർക്ക് പുറമേ ഒരാളും അറിയാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. പക്ഷേ, ഉടമ്പടി പൂർത്തിയായപ്പോൾ അതാ ഒരട്ടഹാസം. “ഖുറൈശികളേ.. മുഹമ്മദ് നബി ﷺ യും കൂട്ടരും അതാ യുദ്ധത്തിന് കോപ്പു കൂട്ടുന്നു. യാദൃശ്ചികമായി ഈ രംഗം വീക്ഷിച്ച ഖുറൈശീ ചാരൻ ഉടമ്പടി ഖുറൈശികൾ അറിഞ്ഞു എന്ന് വരുത്തി നബി ﷺ യുടെ ചർച്ചകൾ വഴിതിരിച്ചു വിടാനാണ് ഇങ്ങനെ വിളിച്ചു കൂവിയത്. എന്നാൽ ഈ ശബ്ദം കേട്ടമാത്രയിൽ ഔസും ഖസ്റജും ഒരേ സ്വരത്തിൽ പറഞ്ഞു. പ്രവാചകരേﷺ അവിടുന്ന് സമ്മതം നൽകിയാൽ നാളെത്തന്നെ ഞങ്ങൾ മിനായിൽ മിന്നലാക്രമണം നടത്താം. നബിﷺ പറഞ്ഞു അതിന് നമുക്ക് കൽപനയില്ല. നിങ്ങൾ വിശ്രമസ്ഥലങ്ങളിലേക്ക് പൊയ്ക്കോളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
