
ഈ എഴുപത്തി അഞ്ച് പേർ അഖബയിൽ വെച്ച് നബിﷺയോട് കരാറിലേർപ്പെട്ടു. അപ്പോൾ അവർ നബി ﷺ യോട് ചോദിച്ചു. ഏതൊക്കെ കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അവിടുന്ന് പ്രതികരിച്ചു. സന്തോഷത്തിലും സന്താപത്തിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യും, ആയാസത്തിലും പ്രയാസത്തിലും വിനിയോഗിക്കേണ്ട വിഷയങ്ങൾക്കു വിനിയോഗിക്കും, നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത കാര്യകൾ വിരോധിക്കുകയും ചെയ്യും, അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപവും പ്രശ്നമാക്കുകയില്ല, ഞാൻ യസ്‌രിബിലേക്ക് വന്നാൽ നിങ്ങൾക്കും ഭാര്യ സന്താനങ്ങൾക്കും സുരക്ഷ നൽകുംപോലെ എന്നെയും സംരക്ഷിക്കും ഈ പറയപ്പെട്ട കാര്യങ്ങളിൽ ഉടമ്പടി ചെയ്യുക. ഇതിനെല്ലാം പ്രതിഫലമായി നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും.
യസ്‌രിബിൽ നിന്ന് വന്നവർ സമ്മതിച്ചു. കൈപിടിച്ച് ഉടമ്പടി ചെയ്യാൻ അസ്അദ് ബിൻ സുറാറ(റ) എഴുന്നേറ്റു. ജാബിർ(റ) പറയുന്നു ഞാൻ കഴിഞ്ഞാൽ ഈ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അസ്അദ്(റ). ശേഷം ഒരോരുത്തരായി ഉടമ്പടി തുടർന്നു.
ക്രിസ്താബ്ദം അറുനൂറ്റി ഇരുപത്തിരണ്ടിലായിരുന്നു ഈ ഉടമ്പടി. ഹജ്ജ് കഴിഞ്ഞ രണ്ടാം ദിവസം അർദ്ധരാത്രിയിൽ അഖബയിൽ ഒരുമിച്ചു കൂടാം എന്ന് നേരത്തേ ധാരണയായി. യസ്‌രിബിൽ നിന്ന് വന്ന വിശ്വാസികൾ അവർക്കൊപ്പമുള്ള അവിശ്വാസികൾ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നിശ്ചിത ദിവസം അർദ്ധരാത്രിയിൽ തങ്ങളുടെ താമസ സ്ഥലത്ത് നിന്ന് പാത്തും പതുങ്ങിയും അടുത്തുള്ളവർ അനക്കം പോലും അറിയാതെ അവർ എഴുന്നേറ്റു പുറപ്പെട്ടു. അഖബയിലെത്തി മലമുകളിൽ കയറി പ്രവാചകർﷺയുടെ ആഗമനം പ്രതീക്ഷിച്ച് പാത്തിരുന്നു. അധികം വൈകാതെ തന്നെ നബിﷺ എത്തിച്ചേർന്നു. ഒപ്പം പിതൃസഹോദരനായ അബ്ബാസ് ബിൻ അബ്ദിൽ മുത്വലിബും(റ) ഒപ്പമുണ്ടായിരുന്നു. ഒരു സഖ്യം രൂപപ്പെടുന്നു എന്ന വാർത്ത നബി ﷺ യിൽ തന്നെ അറിഞ്ഞിട്ടാണ് അബ്ബാസ്(റ) എന്നവർ ഒപ്പം ചേർന്നത്. ഈ സഖ്യം ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം ഹാഷിം മുത്വലിബ് കുടുംബക്കാർക്ക് പൊതുവേയും സഹോദരപുത്രന് പ്രത്യേകിച്ചും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം ആലോചിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹം സംഭാഷണം ആരംഭിച്ചു. ‘അല്ലയോ ഖസ്റജ്കാരേ മുഹമ്മദ് നബി ﷺ ക്ക് ഞങ്ങൾക്കിടയിലുള്ള
സ്ഥാനം നിങ്ങൾക്കറിയാമല്ലോ? ഏത് തന്നെ ആയാലും ഇത് വരെയും മക്കയിൽ ഹാഷിം, മുത്വലിബ് കുടുംബങ്ങൾ അവിടുത്തെ പൂർണമായും കൈവിട്ടിട്ടില്ല. ഇപ്പോൾ നിങ്ങളോടൊപ്പം ചേരാൻ പ്രവാചകൻ ﷺ താത്പര്യപ്പെടുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഉടമ്പടി പൂർണമായും പാലിക്കാൻ സന്നദ്ധരാണെങ്കിൽ മാത്രം നിങ്ങൾ മുന്നോട്ട് പോയാൽ മതി. കരാർ ചെയ്തിട്ട് പാലിക്കാതെ പ്രവാചകനെ ﷺ ശത്രുവിന് ഏൽപിച്ചു കൊടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതിപ്പോൾ തന്നെ പറയുന്നതാണ് നല്ലത്.
അബ്ബാസി(റ)ൻ്റെ സംസാരം പൂർണമായി കേട്ട ശേഷം യസ്‌രിബുകാർ പറഞ്ഞു. അല്ലയോ അബ്ബാസ് നിങ്ങൾ പറഞ്ഞത് പൂർണമായും ഞങ്ങൾ കേട്ടു. അല്ലയോ അല്ലാഹുവിന്റെ ദൂതരേ ﷺ അവിടുത്തേക്കും അവിടുത്തെ നാഥനും ഹിതമായതെന്തും തെരഞ്ഞെടുക്കാം. ഞങ്ങൾ എന്തിനും തയ്യാറാണ്. നബി ﷺ ഖുർആനിലെ ഏതാനും സൂക്തങ്ങൾ പാരായണം ചെയ്ത് കേൾപിച്ചു. യസ്‌രിബുകാർക്ക് മതത്തോടും പ്രവാചകരോടും താത്പര്യം വർദ്ധിക്കാൻ വേണ്ടിയായിരുന്നു അത്. ശേഷം ഒരിക്കൽ കൂടി അവിടുന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഭാര്യസന്താനങ്ങളെ പരിരക്ഷിക്കും പോലെ എന്നെയും പരിരക്ഷിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ അത് സർവ്വാത്മനാ ഏറ്റെടുത്തു.
ഒന്നാം അഖബാ ഉടമ്പടിയോടെ ഇസ്‌ലാം സ്വീകരിച്ച ഒരു ഖസ്റജ് നേതാവായിരുന്നു ബർറാഅ ബിൻ മഅറൂർ. ഇസ്‌ലാമിക നിയമങ്ങളെല്ലാം പാലിക്കാൻ താൻ സന്നദ്ധനായിരുന്നെങ്കിലും കഅബയല്ലാത്ത ഒരു ഖിബ്‌ല അംഗീകരിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അക്കാലത്ത് വിശ്വാസികളുടെ ഖിബ്‌ല ബൈതുൽ മുഖദ്ദസായിരുന്നു.
ബർറാഇന്റെ ഈ നിലപാട് വിശ്വാസി സമൂഹത്തിൽ അഭിപ്രായാന്തരങ്ങൾ സൃഷ്ടിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
