
നബി ജീവിതത്തിന്റെ അതിസൂക്ഷ്മമായ ശുദ്ധീകരണത്തെയും കുളി, വുളൂഅ് തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളെയും കുറിച്ച് നാം വായിച്ചു കഴിഞ്ഞു. സാധാരണയിൽ വുളൂഅ് നിർവഹിക്കുന്നത് നിസ്കാരം നിർവഹിക്കാനും മറ്റു ആത്മീയ കർമങ്ങൾ നിർവഹിക്കാനുമാണല്ലോ. അതുകൊണ്ടുതന്നെ തിരുനബിﷺയുടെ നിസ്കാരവും തുടർന്നുള്ള കർമങ്ങളും സംബന്ധിച്ച ചർച്ചകളാണ് ഇനി നമുക്ക് പങ്കുവെക്കാനുള്ളത്. നബിﷺയുടെ ആധ്യാത്മിക ജീവിതത്തിന്റെ അടിത്തറകൾ കൂടിയാണ് ഇത്തരം ആരാധനാ ശീലങ്ങളും അതിന്റെ ഓരം പറ്റിയുള്ള കർമങ്ങളും.
അല്ലാമ ഇബ്നു നഫീസ്(റ) തിരുനബിﷺയുടെ ആദ്യകാല നിസ്കാരങ്ങളെ കുറിച്ചുള്ള ഒരു ആമുഖം ഇങ്ങനെ പറയുന്നുണ്ട്. തിരുനബിﷺ ഏത് കർമവഴിയെ സ്വീകരിച്ചു കൊണ്ടായിരുന്നു ആദ്യകാലത്തെ ആരാധനാകർമങ്ങൾ നിർവഹിച്ചിരുന്നത്? കഴിഞ്ഞ ഏതെങ്കിലും പ്രവാചകന്മാരുടെ മാർഗത്തിലായിരുന്നുവോ? അതല്ല, തിരുനബിﷺക്ക് തന്നെ സ്വതന്ത്രമായ എന്തെങ്കിലും മാർഗ്ഗങ്ങൾ ലഭിച്ചിരുന്നുവോ? സാമ്പ്രദായികമായ വിദ്യാഭ്യാസം നേടാത്ത തിരുനബിﷺ എങ്ങനെയാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥിതികളിൽ നിന്നോ വേദങ്ങളിൽ നിന്നോ ഗ്രന്ഥങ്ങളിൽ നിന്നോ പഠിച്ചിട്ടുണ്ടാവുക. സാധാരണക്കാർ അറിവ് അഭ്യസിക്കുന്ന ഒരു മാർഗ്ഗത്തിലൂടെയും ഔദ്യോഗികമായ ഒരു ജ്ഞാന സമ്പാദനം തിരുനബിﷺക്ക് ഉണ്ടായിട്ടില്ല. നാട്ടിലെ കേട്ടുകൾവിയുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തിൽ നിർവഹിച്ചിരിക്കാനും സാധ്യതയില്ല.
ഖാളി അബൂബക്കർ അൽ ബാഖില്ലാനി(റ)യെ പോലെ പ്രമാണങ്ങളെ സൂക്ഷ്മ പരിശോധനയോടുകൂടി മാത്രം സമീപിക്കുന്ന ഉന്നത പണ്ഡിതന്മാർ, അതേ മാർഗ്ഗത്തിലുള്ള ഭൂരിപക്ഷം ജ്ഞാനികളും പറയുന്നത് തിരുനബിﷺ മുൻകാലത്തെ ഏതെങ്കിലും ഒരു പ്രവാചകന്റെ വഴിയെ അനുകരിച്ചുകൊണ്ട് ജീവിച്ചിരുന്നില്ല എന്നാണ്.
വേദക്കാരായി അറിയപ്പെട്ട ജൂത ക്രിസ്ത്യാനികളിൽ നിന്ന് ഏതെങ്കിലും ഒരു വഴി തിരുനബിﷺ അനുകരിച്ചിരുന്നു എങ്കിൽ തിരുനബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തെ തുടർന്ന് ഒന്നാമത്തെ വിമർശനമായി ഉയർന്നു വരേണ്ടിയിരുന്നത് ഇന്നലെവരെ അവിടുന്ന് ക്രിസ്ത്യാനിയായിരുന്നില്ലേ? ജൂതനായിരുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാകുമായിരുന്നു. എന്നാൽ, ഒരിക്കൽപോലും വിമർശകന്മാർക്ക് അങ്ങനെ ഒരു ന്യായമോ അവകാശമോ ഉന്നയിക്കാൻ കഴിഞ്ഞിരുന്നില്ല. അത്തരം ഏതെങ്കിലും ഒരു മാർഗത്തിൽ തിരുനബിﷺ സഞ്ചരിച്ചിരുന്നതിന് പ്രമാണങ്ങളുമില്ല.
ബുദ്ധിപരമായി ചിന്തിച്ചാലും അങ്ങനെ ഒരു അനുകരണത്തിന് തിരുനബിﷺക്ക് സാധ്യതയില്ലെന്ന് നല്ല ഒരുപറ്റം പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം ലോകത്തേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരോടും തിരുനബിﷺയെ കുറിച്ചുള്ള ഒരു ഉടമ്പടി അള്ളാഹു എടുത്തിരുന്നുവല്ലോ. നിങ്ങളുടെ കാലത്ത് മുഹമ്മദ് നബിﷺ നിയോഗിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ തിരുനബിﷺയെ അംഗീകരിക്കണമെന്നും അനുകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നുമായിരുന്നുവല്ലോ ആ ഉടമ്പടിയുടെ ഉള്ളടക്കം. അപ്രകാരം തുടരപ്പെടേണ്ട ഒരു പ്രവാചകൻ മറ്റേതെങ്കിലും പ്രവാചകൻമാരെ അനുകരിച്ചുവെന്നോ പിൻതുടർന്നുവെന്നോ എങ്ങനെയാണ് നിഗമിക്കാനാവുക. ഏത് ന്യായം മുന്നിൽ വെച്ചുകൊണ്ടാണ് സ്വീകരിക്കാനാവുക.
ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു ഭാഗത്തെ പ്രബലപ്പെടുത്താനോ ന്യൂനമാണെന്ന് പറയാനോ ഇമാം ഗസ്സാലി(റ), ഇമാം ഹറമൈനി(റ), ഇമാം ആമദി(റ) എന്നിവർ തയ്യാറായിട്ടില്ല.
പ്രവാചകന്മാരുടെ അടിസ്ഥാന ആശയങ്ങളും കർമങ്ങളും ഒന്നായി നിൽക്കുന്നതുകൊണ്ട് മുൻകാല പ്രവാചകൻമാരിൽ ചിലരെ അനുകരിച്ചിട്ടുണ്ടാവാം എന്ന നിഗമനം അവതരിപ്പിച്ച പണ്ഡിതന്മാരുമുണ്ട്. എന്നാൽ അത് ഏത് നബിയെ ആയിരിക്കും എന്ന ഒരു ചർച്ച കൂടി അവർ ഉയർത്തുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
