
ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. ജുബൈർ ബിൻ മുത്ഇം(റ) പറഞ്ഞു. തിരുനബിﷺയുടെ സ്വഹാബികൾ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള കുളിയെക്കുറിച്ച് പരസ്പരം വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒരാൾ പറഞ്ഞു. ഞാൻ ശിരസ്സിലേക്ക് വെള്ളം ഇങ്ങനെയാണ് ഒഴിക്കുക. മറ്റൊരാൾ പറഞ്ഞു. മറ്റൊരു രൂപത്തിലാണ് നിർവഹിക്കാറുള്ളത്. അപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു. ഞാൻ മൂന്നു കോരു വെള്ളം തലയിലേക്ക് ഒഴിക്കും. ശേഷം, ഞാൻ ശരീരം മുഴുവനും വെള്ളം എത്തിക്കും.
പ്രവാചക ശിഷ്യനായ അനസുബ്നു മാലിക്(റ) പറയുന്ന ഒരു പ്രസ്താവന ഇങ്ങനെയുണ്ട്. തിരുനബിﷺ പറഞ്ഞു. ഞാൻ ഒന്നിലധികം ഭാര്യമാരെ സമീപിച്ചാലും ചിലപ്പോൾ ഒരിക്കലാണ് വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധീകരിക്കാനുള്ള കുളി കുളിക്കാറുള്ളത്.
ഈയൊരു നിവേദനം വെച്ചുകൊണ്ട് മാത്രം ഒരു നിഗമനത്തിലേക്ക് എത്താനോ ഒരു നിയമം മനസ്സിലാക്കാനോ സാധിക്കണമെന്നില്ല. അനുബന്ധമായ വിശദീകരണങ്ങളും മറ്റും ഉൾക്കൊള്ളുന്ന മറ്റ് അനുഭവങ്ങളും പഠനങ്ങളും കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. ഒരാൾ ഒരിക്കൽ ഭാര്യയോട് സംസർഗത്തിൽ ഏർപ്പെട്ടതിനുശേഷം വീണ്ടും ഒരിക്കൽ കൂടി ഉദ്ദേശിക്കുന്നുവെങ്കിൽ അതിനിടയിൽ കുളി നിർബന്ധമാണോ? നിർബന്ധമില്ല എന്ന് പഠിപ്പിക്കുക ഈ ഹദീസിന്റെ ഒരു ലക്ഷ്യമാണ്. ഒന്നിലധികം ഭാര്യമാർ ഉള്ള ആളാണെങ്കിൽ ഒരു ഭാര്യയോട് സ്വകാര്യ ജീവിതം നയിച്ച ശേഷം കുളിക്കാതെ മറ്റൊരാളുമായി സംസർഗ്ഗത്തിൽ ഏർപ്പെടാമോ? നിഷിദ്ധമാണ് എന്ന നിയമം ഇസ്ലാം പഠിപ്പിക്കുന്നില്ല.
എന്നാൽ, സ്ത്രീ പുരുഷ സംസർഗ്ഗത്തിലൂടെയോ സ്കലനത്തിലൂടെയോ വലിയ അശുദ്ധി അഥവാ ജനാബത്തുണ്ടായ ഒരാൾ എത്രയും വേഗം കുളിക്കേണ്ടതും അല്പം കഴിഞ്ഞ് കുളിക്കാൻ ഉദ്ദേശമുള്ളൂ എങ്കിൽ സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി കഴുകേണ്ടതും പ്രവാചകർﷺ നിർദ്ദേശിച്ച ശക്തമായ ചര്യയാണ്. ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ നിർവഹിക്കുന്നതിന് കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അംഗസ്നാനം അഥവാ വുളൂഅ് നിർവഹിച്ചുകൊണ്ട് ചെയ്യൽ പുണ്യകർമമായും നിർദ്ദേശിക്കപ്പെട്ട ചര്യയായും പ്രവാചകൻﷺ തന്നെ പഠിപ്പിക്കുന്നുണ്ട്.
ചില സന്ദർഭങ്ങളിൽ പ്രവാചകൻﷺ ചില കാര്യങ്ങൾ സുന്നത്തിൽ അഥവാ ഐച്ഛികമായി മാത്രം നിർദേശിച്ചത് പൊതുജനങ്ങളോടുള്ള കരുണയും അവർക്കുള്ള ആനുകൂല്യവുമായിട്ടാണ്. പ്രവാചകനെﷺ ശരിയായി ഉൾക്കൊണ്ടവർ പ്രബലമായ സുന്നത്തുകൾ അഥവാ ചര്യകൾ എന്തായാലും ജീവിതത്തിൽ പകർത്തും. അവിടുന്ന് മനോഹരവും വൃത്തി പൂർണ്ണവുമായ ഒരു ജീവിതത്തെയാണ് അവതരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തത്.
പലപ്രാവശ്യത്തെ ജനാബത്തുകൾക്ക് ഒരു പ്രാവശ്യം കുളിച്ചു എന്ന ഹദീസിന് പുറമേ ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ കാണാം. തിരുനബിﷺയുടെ പരിചാരകൻ അബൂ റാഫിഈ(റ) പറയുന്നു. ഒരു രാത്രിയിൽ തിരുനബിﷺ ഒന്നിലധികം ഭാര്യമാരുടെ അടുത്തേക്ക് പോയി. ഓരോ സ്ഥലത്ത് വച്ചും കുളിച്ചു. ഇതറിഞ്ഞ ശിഷ്യന്മാരിൽ ഒരാൾ നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചക പ്രഭോﷺ, ഒരുമിച്ചു ഒരു കുളി മതിയായിരുന്നില്ലേ? അപ്പോൾ പ്രവാചകരുﷺടെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ ചെയ്ത കാര്യമാണ് ഏറ്റവും ശുദ്ധിയും വൃത്തിയുമുള്ള കാര്യം.
നേരത്തെ വായിച്ച ഹദീസ് അനുവദനീയമാണ് എന്നറിയിക്കാൻ വേണ്ടിയാണ് എന്ന് ബോധ്യപ്പെടാൻ ഇപ്പോൾ വായിച്ച ഹദീസ് തന്നെ മതിയല്ലോ. നമുക്ക് അനുകരിക്കാനും പകർത്താനുമുള്ളത് സംതൃപ്തിയോടുകൂടി തിരുനബിﷺ നിർവഹിച്ച മനോഹരമായ ജീവിതമാണ്. ഇസ്ലാമിലെ നിയമങ്ങൾ കർക്കശമായി കൽപ്പിക്കുന്നതിന് മുമ്പ് തിരുനബിﷺയെ വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥാപിക്കാനും സ്നേഹത്തിലധിഷ്ഠിതമായ അനുകരണം സാധ്യമാക്കാനുമാണ് ഖുർആനിക സൂക്തങ്ങൾ അവതരിച്ചത്. ഹൃദയം നിറഞ്ഞ സ്നേഹത്തിൽ നിന്ന് നിർഭവിക്കുന്ന സൗമനസ്യത്തോടുകൂടിയുള്ള അനുകരണത്തിന്റെ സൗന്ദര്യമാണ് ഇസ്ലാം. അല്ലെങ്കിൽ പ്രായോഗിക ഇസ്ലാമിക ജീവിതം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
