
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. തിരുനബിﷺ രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ സവിശേഷമായ ചില പ്രാർഥനകൾ നിർവഹിക്കുമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. അല്ലയോ ഭൂമീ, നിന്റെയും എന്റെയും പരിപാലകൻ അല്ലാഹുവാണ്. ശിർക്കിൽ നിന്നും നിന്നിലുള്ള വിപത്തിൽ നിന്നും ഞാൻ അല്ലാഹുവിനെ കൊണ്ട് കാവൽ തേടുന്നു. നിന്റെ മേൽ ഇഴഞ്ഞു നടക്കുന്നതിൽ നിന്നും എന്റെ മേൽ സൃഷ്ടിക്കപ്പെട്ടതിൽ നിന്നും സുരക്ഷ തേടുന്നു. പ്രദേശവാസികളുടെ നാശങ്ങളിൽ നിന്നും എല്ലാ സിംഹം, തേള്, പാമ്പുകളിൽ നിന്നും എല്ലാ ജനിച്ചതിൽ നിന്നും ജനിപ്പിക്കുന്നതിൽ നിന്നും അല്ലാഹുവിനെ കൊണ്ട് കാവൽ ചോദിക്കുന്നു.
വന്യതയിലൂടെ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരന്റെയും വിചാരങ്ങളിലൂടെയും യാത്രാമധ്യേ ഉണ്ടാകുന്ന അനുഭവങ്ങളെ എല്ലാം മുൻനിർത്തിക്കൊണ്ടുമുള്ള പ്രാർഥനയാണിത്.
ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരു ഗ്രാമത്തിലെത്തുകയും അവിടെ പ്രവേശിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ ഇങ്ങനെ പ്രാർഥിക്കും. “അല്ലാഹുവേ ഞങ്ങൾക്ക് ഗ്രാമത്തിൽ അനുഗ്രഹം ചൊരിയേണമേ.” മൂന്നുപ്രാവശ്യം ഈ പ്രാർഥന ആവർത്തിക്കും. ഇവിടുന്ന് പാകമായ ഫലങ്ങൾ ഞങ്ങൾക്ക് തരികയും ഈ നാട്ടുകാരെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുകയും ചെയ്യേണമേ! ഈ നാട്ടിലെ സജ്ജനങ്ങൾക്ക് ഞങ്ങളോട് സ്നേഹം നൽകേണമേ.
അബൂലുബാബ അബ്ദുൽ മുന്ദിരി(റ)ല്‍ നിന്ന് ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പുതുതായി ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കും. ആകാശഭൂമികളുടെ പരിപാലകനായ അല്ലാഹുവേ! ഇതേ നിവേദനത്തിന്റെ ഭാഗമായിത്തന്നെ തിരുനബിﷺ ഖൈബറിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ഈ പ്രാർഥന നടത്തിയത് എന്നുകൂടി കാണാം. പ്രാർഥനയുടെ തുടർച്ച ഇങ്ങനെയാണ്. ഏഴാകാശങ്ങളുടെയും അത് തണൽ വിരിക്കുന്നതിന്റെയും അധിപനായ പടച്ചവനെ, സപ്ത ഭൂമികളുടെയും അത് വഹിക്കുന്ന മുഴുവൻ വസ്തുക്കളുടെയും രക്ഷിതാവേ, പിശാചുക്കളുടെയും അവ വഴി പിഴപ്പിക്കുന്നവയുടെയും അധികാരിയായവനെ, കാറ്റും അത് വഹിക്കുന്നതിന്റെയും അധിപനെ, ഈ ഗ്രാമത്തിലെ മുഴുവൻ നന്മകളും ഇതിൽ വസിക്കുന്ന നല്ലവരുടെ നന്മകളും ഞാൻ നിന്നോട് തേടുന്നു. ഈ നാടിന്റെയും നാട്ടിൽ വസിക്കുന്നവരുടെയും മുഴുവൻ വിപത്തുകളിൽ നിന്നും കാവൽ ചോദിക്കുന്നു.
ശേഷം, തിരുനബിﷺ പറയും അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ എന്ന്.
ഏതു ഘട്ടത്തിലും വിശ്വാസിയുടെ പക്കൽ ഏറ്റവും പവിത്ര ആശയമാകുന്ന പ്രാർഥന ഉണ്ടാകണമെന്ന് തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. ഓരോ സന്ദർഭത്തിനും അനുയോജ്യമായ പ്രാർഥനകൾ നിർവഹിച്ചു കാണിച്ചു തരുന്നതും അതിനുവേണ്ടിയായിരുന്നു. അല്ലാഹുവോട് പ്രാർഥിക്കാത്ത പക്ഷം അത് അപരാധമാണെന്നാണ് മതത്തിന്റെ നിരീക്ഷണം. ഞാൻ എല്ലാത്തിനും പോന്നവനാണ് എന്ന വിചാരത്തോടുകൂടി പ്രാർഥന നിർവഹിക്കാതിരുന്നാൽ അവന്റെ ഹൃദയത്തിൽ തന്നെ വിശ്വാസത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു പോകാനിടയുണ്ട്.
തിരുനബിﷺ ഒരു പ്രദേശത്തുനിന്ന് വിട്ടുപോകുമ്പോൾ രണ്ട് റക്അത് നിസ്കരിച്ചിട്ടാണ് പോവുക. ഇത് തിരുനബിﷺയുടെ ശീലമായിരുന്നു എന്ന് അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺ കടന്നു ചെല്ലുന്ന എല്ലാ ദേശങ്ങളിലും അല്ലാഹുവിനെ സ്മരിക്കുകയും ആരാധനയുടെ അടയാളപ്പെടുത്തലുകൾ സ്ഥാപിക്കുകയും ചെയ്യും. എല്ലാ ദേശവും കാലവും ഋതുഭേദങ്ങളും സർവ്വാധിപതിയായ പ്രപഞ്ച നാഥന്‍റേതാണ് എന്ന് സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയും മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്യും. അല്ലാഹുവിനു വേണ്ടിയുള്ള ആരാധനയുടെയും അല്ലാഹുവിനെ സ്മരിക്കണമെന്ന അധ്യാപനങ്ങളുടെയും ഉള്ളടക്കം ഇതാണ്.
