
കുതിര മത്സരത്തെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഇന്ന് നമുക്ക് വായിക്കാനുള്ളത്. പന്തയം വെച്ച് സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്പരമുള്ള ബെറ്റ് മത്സരത്തെ പ്രവാചകൻﷺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ കുതിരകളുടെ ശക്തി പ്രകടനങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തിയതായി കാണുന്നുമില്ല. അഞ്ചുവയസ്സു കഴിഞ്ഞ ‘ഖുർറഹ്’ കുതിരകൾക്കിടയിൽ തിരുനബിﷺ മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. ശക്തിപ്രകടനം കാണിക്കേണ്ട കുതിരകളെ നാൽപ്പത് ദിവസം വരെ ഭക്ഷണം കൊടുത്തു കൊഴുപ്പിക്കുന്ന രീതി തിരുനബിﷺയും ചെയ്തിരുന്നു.
തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും അവ ഓടിയെത്തേണ്ട പോയിന്റ് നിശ്ചയിക്കുകയും ചെയ്തു. കുതിരകളുടെയും ഒട്ടകങ്ങളുടെയും ഇടയിൽ മാത്രമേ ഈ മത്സരം സംഘടിപ്പിക്കാവൂ എന്നും അവിടുന്ന് നിർദ്ദേശിച്ചു. ഈ ആശയം ഉൾക്കൊള്ളുന്ന ഹദീസ് ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം മാലികും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം സംഘടിപ്പിച്ചു. ഭക്ഷണം കൊടുത്തു പോറ്റി വളർത്തിയ മൃഗങ്ങൾക്കിടയിൽ ഹൈഫാ മുതൽ സനിയത്തുൽ വദാഅ് വരെയും അല്ലാത്തവർക്കിടയിൽ സനിയ്യത്ത് മുതൽ മസ്ജിദ് ബനൂ സുറൈഖ് വരെയുമായിരുന്നു മത്സരം. ആദ്യത്തെ രണ്ട് പോയിന്റുകൾക്കിടയിൽ അഞ്ചോ ആറോ മൈലുകളുടെ ദൂരവും രണ്ടാമത്തെ രണ്ട് പോയിന്റുകൾക്കിടയിൽ ഒന്നേകാൽ മൈൽ മാത്രം ദൂരവുമായിരുന്നു ഉണ്ടായിരുന്നത്. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഞാനും ആ മത്സരത്തിൽ പങ്കെടുത്തിരുന്നു. അന്ന് ഞാൻ വലിയ കുതിരസവാരിക്കാരനായിരുന്നു എന്നും മറ്റുള്ളവരെ മറികടന്ന് ഞാൻ മുന്നോട്ടു പോയി എന്നും പള്ളിയുടെ മതിലും കടന്ന് ഫിനിഷിംഗ് പോയിന്റ് മറികടന്നു എന്നും അദ്ദേഹം അനുബന്ധമായി പറയുന്നുണ്ട്.
തിരുനബിﷺ സംഘടിപ്പിച്ച മറ്റൊരു മത്സരത്തെക്കുറിച്ച് അബൂഉബൈദ(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. തിരുനബിﷺ മത്സരം സംഘടിപ്പിച്ചു. റബ മുതൽ ഖദാഉവരെയും ഹൈഫാ മുതൽ മുഅല്ല വരെയുമായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്ന ദൂരങ്ങൾ.
ഇമാം ത്വബ്റാനി(റ) അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ സബഹ എന്ന് പേരുള്ള കുതിരപ്പുറത്ത് മത്സരത്തിൽ പങ്കെടുത്തു. മുന്നിലെത്തുകയും അതിൽ സന്തോഷിക്കുകയും ചെയ്തു.
തിരുനബിﷺയുടെ വ്യവഹാരങ്ങളെ കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. സ്വഹാബികളോടൊപ്പമുള്ള ഇടപെടലുകളുടെ ഒരു ഭാഗം കൂടി ഉണ്ടല്ലോ ഇതിൽ.
കേവലം വിനോദമായിട്ടോ ആനന്ദമായിട്ടോ അല്ല ഇങ്ങനെ മത്സരങ്ങൾ നടത്തിയിരുന്നത്. കായികമായ പരിശീലനങ്ങൾക്കപ്പുറം സമരക്കളത്തിൽ പങ്കെടുക്കേണ്ട കുതിരകൾക്കും പടയാളികൾക്കും മെയ് വഴക്കം ലഭിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. ഉന്നതമായ ലക്ഷ്യത്തിലേക്ക് അനുവദിക്കപ്പെട്ട മാർഗ്ഗങ്ങൾ പാലിച്ചുകൊണ്ട് നിർവഹിക്കുന്നതിൽ ഇസ്ലാം വിരോധിക്കുന്നില്ലല്ലോ.
പടക്കുതിരയും പടയാളിയും നിരവധി പരിശീലനങ്ങളിലൂടെ രൂപപ്പെട്ടു വരുന്നതാണല്ലോ. അതുമായി ബന്ധപ്പെട്ട ചില അധ്യായങ്ങളും അനുഭവങ്ങളും കൂടിയാണിത് എന്ന് നാം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്. കേവല വിനോദവും വാതുവെപ്പും ചൂതാട്ടവും ഒക്കെ മുന്നിൽ കാണുന്ന ആധുനിക മത്സരങ്ങൾക്കോ മത്സരങ്ങൾക്കപ്പുറവും ഇപ്പുറവും ചേർക്കപ്പെടുന്ന അനാവശ്യങ്ങൾക്കോ ഈ പറയപ്പെട്ട നിവേദനങ്ങൾ പ്രമാണമായി സ്വീകരിക്കാവുന്നതല്ല. ഓരോന്നിന്റെയും മൂല്യവും പവിത്രതയും പരിപാലിക്കപ്പെടുമ്പോൾ മാത്രമാണ് അവയെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനും സാധിക്കുകയുള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
