Tweet 923

    Tweet 923
    December 23, 2024 • Monday
    Post Header

    ഇരുപത്തിയെട്ട്, ഉബൈദുള്ളാഹിബ്നു അബ്ബാസ്(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ തിരുനബിﷺയുടെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നു നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ, എന്റെ ഉമ്മയെ വാഹനപ്പുറത്ത് ബെൽറ്റിട്ടിരുത്തിയാൽ ഒരുപക്ഷേ അത്യാഹിതം സംഭവിച്ചെന്നു വരും. ചുമന്നു കൊണ്ടുവരാനും സാധിക്കുന്നില്ല. എന്താണ് ചെയ്യുക? തിരുനബിﷺ പറഞ്ഞു. ആ മാതാവിന് പകരമായി നിങ്ങൾ ഹജ്ജ് നിർവഹിക്കുക.
    ഹജ്ജിന് വരാൻ താല്പര്യപ്പെടുന്ന മാതാവിന്റെ അവസ്ഥയായിരുന്നു തിരുനബിﷺയോട് പങ്കുവെച്ചത്. ശാരീരികമായി അവർക്ക് സാധിക്കില്ല എന്നാണ് പറഞ്ഞതിന്റെ ആകെത്തുക. ശമനമാകും എന്ന് പ്രതീക്ഷയില്ലാത്ത രോഗമുള്ളവർക്ക് വേണ്ടി അവരുടെ അനുമതിയോടുകൂടി ഹജ്ജ് നിർവഹിക്കാം എന്ന മതനിയമമാണ് തിരുനബിﷺ ഇവിടെ പറഞ്ഞു കൊടുത്തത്. ഉബൈദുല്ലാഹി ബിൻ അബ്ബാസ്(റ) നബിﷺയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു എന്ന് പറയുമ്പോൾ ആ സന്ദർഭത്തെ കൂടി ചേർത്തു പറഞ്ഞു എന്നേയുള്ളൂ.
    ഇരുപത്തിയൊൻപത്, ഉഖ്ബത് ബിൻ ആമിർ(റ). തിരുനബിﷺ മദീനയിലേക്ക് വന്നപ്പോൾ ആദ്യമായി ഉടമ്പടി ചെയ്ത് നബിﷺയോടൊപ്പം ചേർന്ന വ്യക്തിയായിരുന്നു ഉഖ്ബ: ബിൻ ആമിർ(റ). ആട്ടിൻപറ്റത്തോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു തിരുനബിﷺയുടെ ആഗമനത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. ഉടനെ തന്നെ തിരുസന്നിധിയിൽ എത്തുകയും അനുയായിയായി മാറുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ ഒരുപാട് മുന്നേറ്റങ്ങൾക്കും അതിജയങ്ങൾക്കും നേതൃത്വം നൽകിയ പിൽകാല ഗവർണർ കൂടിയായി മാറി അദ്ദേഹം. ഖുർആൻ പാരായണത്തിൽ അതീവ പ്രാവീണ്യമുള്ള ഖാരിഉം പ്രഭാഷകനും കവിയും കർമശാസ്ത്ര വിശാരദനും ഖുർആൻ ക്രോഡീകരണത്തിന്റെ ഭാഗമായി സേവനം ചെയ്യാൻ ഭാഗ്യം കിട്ടിയ വ്യക്തിത്വവുമായിരുന്നു അവിടുന്ന്.
    മുപ്പത്, അബൂ ഉമാമ സ്വദിയ്യ് ബിൻ അജലാൻ(റ). അദ്ദേഹം പറയുന്നു. ഞാൻ തിരുനബിﷺയുടെ പിൻസീറ്റിൽ യാത്ര ചെയ്തു മുന്നോട്ടുപോയി. ഇടയിൽ വച്ച് തിരുനബിﷺ എന്നോട് പറഞ്ഞു. അല്ലാഹു ഓരോ അവകാശികൾക്കും അർഹമായത് നൽകിയിട്ടുണ്ട്. അനന്തരാവകാശിക്ക്‌ വസ്വിയ്യത്തില്ല. കുട്ടിയെ പിതാവിലേക്ക് ചേർക്കപ്പെടുകയും വ്യഭിചാരിക്ക് ഏറ് തീർച്ചയായും നൽകുകയും വേണം. അവരുടെയൊക്കെ വിചാരണ അല്ലാഹുവിങ്കലാണ്.
    ഒരാൾ മരണപ്പെട്ടു പോയാൽ അയാളുടെ സ്വത്തുവകകൾ ഏത് അനുപാതത്തിൽ ആർക്കൊക്കെ നൽകണമെന്ന് വ്യക്തമായി തന്നെ ഖുർആൻ പറയുന്നുണ്ട്. നേരെ അനന്തരാവകാശം ലഭിക്കുന്ന ഒരു വ്യക്തിക്ക് അതിനപ്പുറം പരേതന്റെ വസ്വിയ്യത്തില്ല. തുടങ്ങിയുള്ള വിശദമായ അനന്തരാവകാശ നിയമങ്ങളിലേക്ക് സൂചന നൽകുകയാണ് ഈ ഹദീസിലൂടെ തിരുനബിﷺ നിർവഹിച്ചത്.
    മുപ്പത്തിയൊന്ന്, അബുദ്ധറദാഅ്(റ). തിരുനബിﷺയുടെ ശിഷ്യന്മാരിൽ ഉയർന്ന സത്യവാൻ എന്ന വിലാസം ലഭിച്ച ഉന്നതനായ സ്വഹാബിയാണ് അബുദ്ദർദാഅ്(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് എന്നോട് ഇപ്രകാരം പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിഷ്കളങ്കമായി ഒരാൾ വിശ്വസിച്ചാൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു.
    മുപ്പത്തിരണ്ട്, ഹാരിസ് ബിൻ ഉസാമ(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എന്നോട് പറഞ്ഞു. ഖുൽ അഥവാ പറയൂ! ഞാൻ ചോദിച്ചു. എന്താണ് പറയേണ്ടത്? “നിങ്ങൾ പറയുക, അല്ലാഹു ഏകനാണ്” എന്ന ആശയത്തോടെ ആരംഭിക്കുന്ന ഖുർആനിക അധ്യായം അഥവാ സൂറതുൽ ഇഖ്ലാസ് മുഴുവനായും നബിﷺ എന്നെ ഓതിക്കേൾപ്പിച്ചു. തുടർന്ന് ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങളും പാരായണം ചെയ്തു തന്നു. ശേഷം, എന്നോട് പറഞ്ഞു. ഇതിനു സമാനമായ അധ്യായങ്ങൾ ജനങ്ങൾ പാരായണം ചെയ്തിട്ടില്ല.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...