
തിരുനബിﷺയുടെ പടയങ്കികളെ കുറിച്ചുള്ള പരാമർശങ്ങളാണ് നമുക്കിനി വായിക്കാനുള്ളത്. അതിലൊന്നിന്റെ പേര് ‘സുഗ്ദിയ്യ’ എന്നായിരുന്നു. ജാലൂത്തിനെ വധിക്കാൻ ദാവൂദ് നബി(അ) ഉപയോഗിച്ചിരുന്ന പടയങ്കിയായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. ‘ഫിള്ള’ എന്ന പേരിലാണ് രണ്ടാമത്തേത് അറിയപ്പെടുന്നത്. മർവാൻ ബിൻ അബൂ സഈദ് അൽ മുഅല്ല(റ) പറഞ്ഞു. ഈ രണ്ടു പടയങ്കികളും തിരുനബിﷺക്ക് ലഭിച്ചത് ബനൂ ഖൈനുഖാഇൽ നിന്നായിരുന്നു.
‘ദാത്തുൽ ഫുലൂൽ’ എന്നായിരുന്നു മൂന്നാമത്തേതിന്റെ പേര്. നീളം സൂചിപ്പിക്കുന്ന നാമമായിരുന്ന ഇത്. ബദ്റിലേക്ക് പോകുന്ന സമയത്ത് സഅദ് ബിൻ ഉബാദ(റ) നബിﷺക്ക് കൊടുത്തുവിട്ടതായിരുന്നു ഈ പടച്ചട്ട. ഇരുമ്പിന്റെ ഈ പടയങ്കിയായിരുന്നു തിരുനബിﷺയുടെ വിയോഗഘട്ടത്തിൽ അബൂ ശഹമ് എന്ന യഹൂദിയുടെ പക്കൽ പണയത്തിലുണ്ടായിരുന്നത്. ഒരു വർഷത്തെ അവധിക്ക് 30 സാഅ് ബാർലി ആയിരുന്നു പകരം വാങ്ങിയിരുന്നത്. ഈ വിഷയവുമായി മഹതി ആഇശ(റ)യുടെ ഒരു നിവേദനം ഇബ്നു സഅദ് (റ) ഉദ്ധരിക്കുന്നുണ്ട്. മഹതി പറഞ്ഞു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞപ്പോൾ അവിടുത്തെ പടയങ്കി പണയത്തിലായിരുന്നു. കുടുംബത്തിന്റെ ഭക്ഷണത്തിനുവേണ്ടി 30 സാഅ് മറ്റൊരു നിവേദന പ്രകാരം 60 സാഅ് ബാർലിക്ക് പകരമായിരുന്നു പണയം വെച്ചിരുന്നത്.
ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് ചെമ്പ് കൊണ്ട് അലങ്കരിച്ച ഒരു പടയങ്കിയുണ്ടായിരുന്നു. അതിന്റെ പേര് ‘ദാത്തുൽ ഫുലൂൽ’ എന്നായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ), അലിയ്യ്(റ) എന്നിവരുടെയും നിവേദനങ്ങളിൽ ഈ പടയങ്കിയെ പരാമർശിക്കുന്നുണ്ട്. ദാതുൽ വിശാഹ്, ദാത്തുൽ ഹവാശി, അൽ ബത്റാഅ്, അൽ ഖിർനഖ് എന്നീ പേരുകളിൽ 4 5 6 7 എന്ന ക്രമത്തിൽ തിരുനബിﷺയുടെ പടയങ്കികളെ എണ്ണിയിട്ടുണ്ട്. അവയിൽ ആറാമത്തെ അൽ ബത്റാഅ് താരതമ്യേന ചെറുതായതുകൊണ്ടാണ് അങ്ങനെ ഒരു പേര് ലഭിച്ചത് എന്നും വിശദീകരിച്ചു കാണാം.
ഉഹ്ദ് യുദ്ധ ദിവസം തിരുനബിﷺ രണ്ട് അങ്കികൾ അണിഞ്ഞു കൊണ്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത് എന്ന് സാഇബു ബിൻ യസീദ്(റ) പറഞ്ഞതായി ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്(റ), അബുദാവൂദ്(റ), ഇബ്നുമാജ(റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. കാസിം ബിൻ സാബിത്ത്(റ) ഇമാം ശഹബി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അലിയ്യ് ബിൻ ഹുസൈൻ(റ) തിരുനബിﷺയുടെ പടയങ്കി ഞങ്ങൾക്ക് കാണിച്ചു തന്നു. യമനി നിർമിതമായ നേർത്ത പടയങ്കിയായിരുന്നു അത്. അതിന് രണ്ട് കയറുകളുണ്ടായിരുന്നു. അവ ചേർത്തു കെട്ടിയാൽ അങ്കി ഉയർന്നു നിൽക്കുകയും അഴിച്ചുവിട്ടാൽ നിലം തൊടുകയും ചെയ്യുമായിരുന്നു.
മുഹമ്മദ് ബിൻ മസ്ലമ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്നു. ഉഹ്ദ് യുദ്ധ ദിവസം തിരുനബിﷺയുടെ ശരീരത്തിൽ രണ്ട് പടയങ്കികൾ ഞാൻ കണ്ടു. അതിലൊന്ന് ദാതുൽ ഫുളൂൽ ആയിരുന്നു. ഹുനൈൻ ദിവസവും തിരുനബിﷺ രണ്ട് പടയങ്കി ധരിച്ചിരുന്നു. ദാതുൽ ഫുളൂലും സുഗ്ദിയ്യയുമായിരുന്നു അവ. ഉഹ്ദിൽ തിരുനബിﷺ രണ്ട് അങ്കി ധരിച്ചിരുന്നു എന്ന് സുബൈർ ബിൻ അവ്വാം(റ) പറഞ്ഞതായി ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നുണ്ട്.
ജഅ്ഫർ ബിൻ മുഹമ്മദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പടയങ്കിക്ക് മാറിന്റെ ഭാഗത്തും പിറകുഭാഗത്തും വെള്ളികൊണ്ടുള്ള രണ്ടു വളയങ്ങൾ വീതം ഉണ്ടായിരുന്നു. തുടർന്ന് ജഅ്ഫർ(റ) തന്നെ പറയുന്നു. ഞാൻ അതെടുത്തണിഞ്ഞു നോക്കിയപ്പോഴേക്കും നിലത്ത് വീണു പോയി.
തിരുനബിﷺക്ക് പടത്തൊപ്പിയുണ്ടായിരുന്നു. ‘സബൂഗ് ‘ അല്ലെങ്കിൽ ‘ദാതുസ്സബൂഗ്’, ‘മുവശ്ശഹ്’, ‘ബീളത്’ എന്നീ പേരുകൾ തിരുനബിﷺയുടെ പടത്തൊപ്പികളുടേതായി വായിക്കാനുണ്ട്.
മക്കാ വിജയവേളയിൽ തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ അവിടുന്ന് ഇരുമ്പിന്റെ ഒരു പടത്തൊപ്പി ധരിച്ചിരുന്നതായി ഇമാം മാലികും(റ) ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഇബ്നുമാജ(റ)യും അബുൽ ഹസ്സൻ അള്ളഹ്ഹാക്കി(റ)ൽ നിന്നും അദ്ദേഹം അനസി(റ)ൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ അരപ്പട്ടയെ കുറിച്ച് ഇമാം ശാഫിഈ(റ), ഇമാം ബുഖാരി(റ), മുസ്ലിം(റ), അഹ്മദ്(റ), അബൂദാവൂദ്(റ), ഇബ്നുമാജ(റ) എന്നിവർ സാഇബ് ബിൻ യസീദി(റ)ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത അരപ്പട്ടയിൽ വെള്ളിയുടെ മൂന്നു വളയങ്ങളും വെള്ളി കൊണ്ടുള്ള ഒരു ക്ലിപ്പുമുണ്ടായിരുന്നു.
ഭരണാധികാരിയും സൈനിക നേതൃത്വവും, അതോടൊപ്പം പടക്കളത്തിൽ നേരിട്ട് അനുയായികൾക്കൊപ്പം നിൽക്കുന്ന മുഖ്യ സേനാപതിയും എല്ലാമായി നിലകൊണ്ട തിരുനബിﷺയെ കുറിച്ചുള്ള വായനകളിൽ എത്രയെത്ര അധ്യായങ്ങൾ ഇനിയും നമുക്ക് പറയാനുണ്ട്.
