Tweet 910

    Tweet 910
    December 10, 2024 • Tuesday
    Post Header

    തിരുനബിﷺയുടെ ആയുധങ്ങളുടെ കൂട്ടത്തിൽ കുന്തങ്ങളുമുണ്ടായിരുന്നു. അവകളെ മാത്രം പരാമർശിക്കുന്ന സ്വതന്ത്ര അധ്യായങ്ങൾ സീറയിൽ കാണാം. എണ്ണത്തിലും ഇനത്തിലും വ്യത്യസ്തങ്ങളായ കുന്തങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഹദീസുകളിലും മറ്റും നമുക്ക് വായിക്കാനുണ്ട്. മുസ്വി, മുൻസനാ, ബനൂ ഖൈനുഖാഇൽ നിന്ന് കിട്ടിയ മൂന്നെണ്ണം എന്നിങ്ങനെ റിമാഹ് ഇനത്തിൽപ്പെട്ട അഞ്ച് കുന്തങ്ങളുണ്ടായിരുന്നു. എന്റെ വിജയവും വിഭവവും കുന്തങ്ങളുടെ തണലിലാണെന്നും എതിർത്തു വരുന്നവർ നിന്ദ്യരാണെന്നും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ തിരുനബിﷺ പറയുന്നതായി കാണാം.
    ഹർബാ ഇനത്തിൽപ്പെട്ട അഞ്ചെണ്ണം വേറെയുമുണ്ടായിരുന്നു. നബ്‌അ എന്നു പേരുള്ള ഒരു കുന്തം നബിﷺക്കുണ്ടായിരുന്നു എന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഹദീസിൽ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നുണ്ട്. ഇതിനേക്കാൾ വലിയ മറ്റൊന്നായിരുന്നു ‘അൽ ബൈളാ’. പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ നിസ്കാരത്തിന് മറയായി മുന്നിൽ അത് നാട്ടി നിർത്താറുണ്ടായിരുന്നു. അനസ എന്നാണ് മൂന്നാമത്തെ കുന്തത്തിന്റെ പേര്. ചിലപ്പോഴൊക്കെ അത് വഹിച്ചു കൊണ്ട് നടക്കുകയും പെരുന്നാൾ സമയങ്ങളിൽ മുസ്വല്ലയുടെ മുന്നിൽ നാട്ടി വെക്കുകയും ചെയ്യുമായിരുന്നു.
    അബൂബക്കറി(റ)ന്റെ മകൾ അസ്മാ(റ) പറയുന്നതായി ഇമാം ബലാദുരി(റ) റിപ്പോർട്ട് ചെയ്യുന്നു. സുബൈർ(റ) എത്യോപ്യയിലേക്ക് പലായനം ചെയ്തു. അപ്പോൾ അവിടുത്തെ ചക്രവർത്തി നജ്ജാശി രാജാവ് ശത്രുക്കളെ നേരിടുന്ന സമയമായിരുന്നു. നജ്ജാഷി നൽകിയ കുന്തംകൊണ്ട് ഒരുപാട് ശത്രുക്കളെ പരാജയപ്പെടുത്തി. സുബൈർ(റ) ആ കുന്തവുമായി മദീനയിലേക്ക് വന്നു. ബദ്റിലും ഉഹ്ദിലും ഖൈബറിലുമെല്ലാം അതുമായി സുബൈർ(റ) പങ്കെടുത്തു. ഖൈബറിൽ നിന്ന് മടങ്ങുമ്പോൾ തിരുനബിﷺ ആ കുന്തം കൈപ്പറ്റി. പെരുന്നാൾ സന്ദർഭങ്ങളിൽ അത് തിരുനബിﷺയുടെ സന്നിധിയിൽ വെക്കാറുണ്ടായിരുന്നു. ബിലാൽ(റ) ആയിരുന്നു അത് പരിചരിച്ചിരുന്നത്. യാത്രകളിലും പെരുന്നാൾ മുസ്വല്ലയിലുമെല്ലാം അദ്ദേഹം അത് കൊണ്ടുവരുമായിരുന്നു. ഈ കുന്തം പെരുന്നാൾ മുസ്വല്ലയിൽ കൊണ്ടു വരാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറും(റ) പറയുന്നുണ്ട്. അഞ്ചാമത്തെയും ആറാമത്തെയും കുന്തങ്ങളുടെ പേര് ക്രമപ്രകാരം അൽഹദ്ദ് ,അൽ ഖമറ എന്നിങ്ങനെയായിരുന്നു.
    തിരുനബിﷺ ഉപയോഗിച്ചിരുന്ന വിവിധതരം വടികളെ കുറിച്ചുള്ള പരാമർശങ്ങൾകൂടി നമുക്ക് ചേർത്ത് വായിക്കാം. ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ‘ദഖൻ’ എന്ന് പേരുള്ള ഒരു വളഞ്ഞ വടി ഉണ്ടായിരുന്നു. അതിന് ഒരു മുഴമോ അതിലേറെയോ നീളമുണ്ടായിരുന്നു. തിരുനബിﷺ ആ വടി പിടിച്ചു കൊണ്ട് നടക്കുകയും വാഹനം കയറുകയും ഒട്ടകത്തിന്റെ മുൻഭാഗത്ത് വെക്കുകയും ചെയ്യുമായിരുന്നു. മംശൂഖ് എന്ന് പേരുള്ള മറ്റൊരു വളഞ്ഞ വടിയെക്കുറിച്ചും ഇബ്നു അബ്ബാസ്(റ) തന്നെ പറയുന്നുണ്ട്. തിരുനബിﷺക്ക് ശേഷം ഖലീഫമാർ അത് കൈമാറി വന്നിരുന്നു.
    ഖൈല ബിൻത് മഖ്റമ(റ) പറയുന്നു. തിരുനബിﷺയുടെ പക്കൽ ഈത്തപ്പനയുടെ ഒരു കമ്പ് ഞാൻ ശ്രദ്ധിച്ചിരുന്നു.
    ഈത്തപ്പനയുടെ കമ്പ് തിരുനബിﷺ വടിയായി ഉപയോഗിച്ചിരുന്നു എന്നാണ് ഇതിന്റെ സാരം. മഹാനായ അലി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞങ്ങൾ ഒരു ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട് മദീനയിലെ ഖബർസ്ഥാനായ ബഖീഇലായിരുന്നു. തിരുനബിﷺ അവിടേക്ക് വന്നു. ആ സമയത്ത് തിരുനബിﷺയുടെ പക്കൽ ഒരു വടിയുണ്ടായിരുന്നു. അതുകൊണ്ട് തിരുനബിﷺ മണ്ണിൽ വരയ്ക്കുന്നുണ്ടായിരുന്നു.
    വടി എന്നതിന് മിഖ്സറ എന്ന പദമാണ് ഈ ഹദീസിൽ ഉപയോഗിച്ചിട്ടുള്ളത്. രാജാക്കന്മാർ പ്രസംഗിക്കുമ്പോഴും പള്ളിയിൽ നടക്കുന്ന സവിശേഷമായ ഖുത്വുബകളിലും ഉപയോഗിക്കുന്ന പ്രത്യേക വടിക്കാണ് ഈ പദം പ്രയോഗിക്കാറുള്ളത്.
    ഞാൻ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുമ്പോൾ അവിടുത്തെ പക്കൽ വടി ഉണ്ടായിരുന്നു എന്നും അത് പ്രവാചകൻﷺ ഊന്നി ഉപയോഗിച്ചിരുന്നു എന്നും അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞതായി അബുൽ ഹസൻ അള്ളഹ്ഹാക്ക്(റ) നിവേദനം ചെയ്യുന്നു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...